തിരുവനന്തപുരം :ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ ഹരിതാഭമാക്കാൻ വൃക്ഷങ്ങളും പൂച്ചെടികളും നടണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ക്ഷേത്രാങ്കണങ്ങളും കാവുകളും കുളങ്ങളും സംരക്ഷിച്ച് ഹരിതാഭമാക്കുന്ന "ദേവാങ്കണം ചാരുഹരിതം" പദ്ധതിക്ക് എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി.
സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടേയും നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിന് ക്ഷേത്ര പരിസരം വൃത്തിയാക്കി വൃക്ഷങ്ങളും പൂച്ചെടികളും നടുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷേത്രങ്ങളിലെ നിത്യപൂജകള്‍ക്ക് ഉപയോഗിക്കാവുന്ന പൂച്ചെടികള്‍ കൂടുതലായി നടണം. ഇതിനൊപ്പം ദേവസ്വം ഉടമസ്ഥതയിലുള്ള തരിശ് ഭൂമികളിലും മരങ്ങള്‍ നട്ട് ക്ഷേത്രാങ്കണങ്ങള്‍ കൂടുതല്‍ ഹരിതാഭമാക്കണമെന്നും മന്ത്രി അറിയിച്ചു.
ക്ഷേത്രങ്ങളില്‍ വൃക്ഷങ്ങളും ചെടികളും നടുന്നതിന് ഭക്തര്‍ക്കും അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷമാണ് ദേവാങ്കണം ചാരുഹരിതം പദ്ധതി ദേവസ്വം വകുപ്പ് ആവിഷ്കരിച്ചത്. ചില ചെടികളും പൂക്കളും വിഷാംശമുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ പകരം പൂച്ചെടികള്‍ പരിപാലിക്കുന്നതിനുള്ള അവസരവുമാണ് ഈ പദ്ധതി. വനം വകുപ്പുമായി ബന്ധപ്പെട്ട് വൃക്ഷ തൈകളും പൂച്ചെടികളും ഓരോ ദേവസ്വവും ആവശ്യമായ എണ്ണം ശേഖരിക്കേണ്ടതാണ്.
പരിസ്ഥിതി ദിനാചരണത്തിന്റെ സാമൂഹ്യാവശ്യകത മുന്‍നിര്‍ത്തി ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ വിജയത്തിനായി ക്ഷേത്രോപദേശക സമിതികളും എല്ലാ ഭക്തരും സഹകരിക്കണമെന്നു മന്ത്രി കെ. രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.