കോട്ടയം: കണമലയിൽ തീർഥാടകരുടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും നേതൃത്വത്തിൽ പ്രത്യേക സുരക്ഷാസംവിധാനങ്ങളൊരുക്കാൻ മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ഇടത്താവളങ്ങളിലെ മുന്നൊരുക്കം വിലയിരുത്താനായി എരുമേലിയിലും നിലക്കലിലും നടന്ന യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റു സംസ്ഥാനങ്ങളിൽനിന്നടക്കം എത്തുന്ന വാഹനങ്ങൾക്ക് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാനിർദ്ദേശങ്ങൾ നൽകാനും രാത്രിയിൽ ചുക്കുകാപ്പിയടക്കമുള്ളവ ഡ്രൈവർമാർക്ക് നൽകി ക്ഷീണവും ഉറക്കവും അകറ്റി ജാഗ്രതയോടെ പമ്പയിലേക്ക് പോകാനുമുള്ള സുരക്ഷാസംവിധാനം എരുമേലി, കണമല ഭാഗത്ത് ഒരുക്കാനാണ് മന്ത്രി നിർദേശം നൽകിയത്.
കുറ്റമറ്റനിലയിലും പരാതിരഹിതമായും ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനം സുഗമമാക്കാൻ വിവിധ വകുപ്പുകൾ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് നടത്തിയ യോഗത്തിൽ ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇവ സമയബന്ധിതമായി പൂർത്തീകരിക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
എരുമേലിയിൽ കാർഡിയാക് ആംബുലൻസ് സേവനം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കും. ആശുപത്രികളിൽ ആന്റിവെനം, ആന്റി റാബീസ് എന്നിവ ഉണ്ടെന്നും ഉറപ്പാക്കണം. ഐ.സി.യു. സംവിധാനത്തോടെയുള്ള ആംബുലൻസ് എരുമേലിയിൽ എല്ലാദിവസവും ഉണ്ടാകും.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ആന്റോ ആന്റണി എം.പി., ദേവസ്വം ബോർഡ് അംഗങ്ങളായ ജി. സുന്ദരേശൻ, അഡ്വ.എസ്.എസ് ജീവൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.