കോഴിക്കോട്: കെ-റെയിൽ കോർപ്പറേഷന്റെ സിൽവർലൈൻ പദ്ധതിയിൽ ജനഹിതപരിശോധന ആവശ്യമുണ്ടെന്ന് സി.പി.എം സഹയാത്രികരുടെ കൂട്ടായ്മയായ പി.എ.ജി. ചില ഗൗരവതരമായ പ്രശ്നങ്ങൾ, ദഹിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ സിൽവർലൈൻ എന്ന ഈ 'വികസന വിപ്ലവ'ത്തിൽ അടങ്ങിയിരിക്കുന്നതായി പി.എ.ജി വ്യക്തമാക്കുന്നു. 2022 ജനുവരി 26 നു പ്രസിദ്ധീകരിച്ച പി.എ.ജി.ബുള്ളറ്റിനിലെ വിശദാംശങ്ങൾ.
1. കേരളത്തിന്റെ സവിശേഷമായ ഭൂമി ശാസ്ത്രപരിഛേദം, പരിസ്ഥിതിലോലത, കാലാവസ്ഥാ വ്യതിയാനങ്ങൾക്കു കീഴ്പ്പെടുന്നതിനുള്ള സാധ്യതകൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചു കൊണ്ടല്ലാതെ, ഒരു വൻകിട പദ്ധതിയും ഇവിടെ നടപ്പിലാക്കുന്ന കാര്യം, സമ്പൂണ്ണമായ പൊതുസമ്മതിയോടെ മാത്രെമെ ആലോചിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതുള്ളു എന്ന്, മഹാപ്രളയം നമ്മളെ 'പഠിപ്പിച്ചതാ'ണ്..! പക്ഷേ ഈ സവിശേഷമായ സ്ഥിതിവിശേഷങ്ങൾ ഇടതുപക്ഷ സർക്കാർ മനസിലാക്കിക്കൊണ്ട് ഇടപെടുന്നില്ല എന്ന വിമർശനം, വളരെ സഹിഷ്ണുതയോടെ. അവർ മറുപടി പറയേണ്ട കാര്യമാണെന്ന് ഞങ്ങൾ കരുതുന്നു.
2. 'വികസന'മെന്ന വാക്കും അതിൻ്റെ പ്രയോഗവും 'പുരോഗതി ' യെന്ന വാക്കിനും പ്രയോഗത്തിനും ബദലായി നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്, ഒരു മുതലാളിത്തദർശനവും പരിപാടിയുമാണ്. മുതലാളിത്തം മുന്നോട്ടു വയ്ക്കുന്ന 'വികസനം ' എന്നാൽ, അതു സമ്പന്നവർഗ്ഗ ആർഭാടമാണന്നും, അതു കമ്പോളവികസനവും, കൂട്ടത്തിൽ സ്വകാര്യധനമൂലധനത്തിന്റെയും, ഊഹവ്യാപാരത്തിന്റെയും ചിറകിലേറിയുള്ള പ്രാകൃത മൂലധനസമാഹരണമാണെന്നും മനസിലാക്കുന്നവരാണ് ഇടതുപക്ഷം. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കു ഈ മനസിലാക്കൽ ഉണ്ടായിട്ടുണ്ടെങ്കിൽ, വികസനം - വികസനത്തിൽ രാഷ്ട്രീയമില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട്, ഈ വാക്കുകൾ ഇങ്ങനെ വലിച്ചിഴച്ച്, സർവ്വസമ്മിതിക്കു വേണ്ടി ഉപയോഗിക്കുന്ന രീതി ഒഴിവാക്കുമായിരുന്നു. യഥാർത്ഥത്തിൽ, കേരളം ഒരു വികസിത മുതലാളിത്ത സമൂഹമാണ് എന്നിരിക്കെ അവിടെ അഡ്രസു ചെയ്യേണ്ടത്, പുതിയ മുതലാളിത്തത്തിന്റെ 'വികസന വൈകല്യ'ങ്ങളായിരിക്കണം എന്ന് ഞങ്ങൾ കരുതുന്നു
3. ഒരു പദ്ധതിയുടെ ഗുണഭോക്താക്കൾ ഭൂരിപക്ഷ ജനസമൂഹമാണോ എന്ന ആധുനിക ജനാധിപത്യബോധ്യം തീർച്ചയായും ഒരു ഇടതുപക്ഷ മൂല്യമാണ്. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്.. കാസർഗോഡുന്നു്. 4 മണിക്കർ കൊണ്ട് തിരുവനന്തപുരത്തെത്തുന്നവർ. തിരിച്ചും.. വ്യോമയാന ഇന്ധന വില മൂന്നിലൊന്നാവുന്ന ഒരിടത്ത് 30 ആൾക്ക് പരമാവധി 40 മിനിട്ടു കൊണ്ട്, 4 മണിക്കൂർ കൊണ്ടല്ല, റയിലിൽ അല്ല, ഫ്ലൈറ്റിൽ, തിരുവനന്തപുരത്തും തിരിച്ചും പോകാനുള്ള വലിയ പദ്ധതി സ്വകാര്യ മൂലധന ഉടമകൾ ചെയ്യുന്നിടത്ത്, സിൽവർലൈൻ എന്നത് കേരളത്തിലെ അതിസമ്പന്നർക്കുപോലും അനിവാര്യമായ ഒരു യാത്രാ പദ്ധതിയല്ല എന്നുറപ്പിക്കുന്നുണ്ട്. ഈ ഗൗരവമുള്ള സംശയം അഭിസംബോധന ചെയ്യണ്ടത്, കേരളത്തിലെ ഇടതുപക്ഷ സർക്കാർ തന്നെയാണ്.. ഈ സർക്കാരുണ്ടായത്, ഈ സംശയിക്കുന്നവരുടെ വോട്ടു വാങ്ങിയാണു്..രണ്ടു മഹാദുരന്തങ്ങളിൽ ജനങ്ങൾക്കൊപ്പം എല്ലാ അർത്ഥത്തിലും ഒപ്പം നിന്നതുകൊണ്ടാണവർ സംശയരഹിതമായി ഇടതുപക്ഷത്തിനൊപ്പം നിന്നത് എന്നു ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ജനങ്ങൾ ഒത്തിരി വാത്സല്യപൂർവ്വം ഈ സർക്കാരിനെ വീണ്ടും അധികാരത്തിലേക്ക് ആനയിച്ചത്. തീർച്ചയായും ഈ വിശ്വാസം..ഈ പ്രണയം. ഊഹമൂലധനത്തിനു വേണ്ടിയും, ചെറുന്യുനപക്ഷത്തിന്റെ പേരിലും തകർക്കപ്പെടുമൊയെന്നു ഇതു നടപ്പാക്കുന്നതിനു മുമ്പ് തന്നെ,,വളരെ ഗൗരവപൂർവ്വം ഇടതുപക്ഷം പരിശോധിക്കുമെന്ന് ഞങ്ങൾ കരുതുന്നു.
4. കൂടാതെ ,കേരളത്തിൻറെ പ്രഖ്യാപിത ചരിത്രത്തിൽ തന്നെ തിരുത്തൽ വരുത്തിയ ഒരു തെരെഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിനുണ്ടായത് എങ്ങനെയെന്ന് ഗൗരവപൂർവം പരിശോധിക്കപ്പെടുമെന്നു ഞങ്ങൾ കരുതുന്നു. അത് കേരളത്തിലെ മനുഷ്യർക്കാകെ ലഭ്യമായ - വിതരണം ചെയ്യപ്പെട്ട - അടിസ്ഥാന വികസനത്തിന്റെ നന്മകളിലൂടെയും മഹാപ്രളയത്തിലും മഹാമാരിയിലും ഒരു ജനതയെ മുഴുവൻ, അക്ഷരാർത്ഥത്തിൽ നെഞ്ചിൽ ചേർത്തുവച്ചതുകൊണ്ടുമാണെന്നു ഞങ്ങൾ കരുതുന്നു. അവരുടെ നികുതിവിഹിതം അവരിലേക്ക് തന്നെ തിരിച്ചുവരുമ്പോൾ ഉണ്ടാവുന്ന വിപരീതങ്ങളുടെ ഏകോപനമാണത്. അഥവാ "ഭരണകൂടവും ജനങ്ങളും തമ്മിൽ ഉള്ള വൈരുധ്യം" പരമാവധി കുറഞ്ഞുവെന്നതിനാൽ ആണ് ഈ അഭൂതപൂർവ്വമായ ഭൂരിപക്ഷത്തോടെ അവർ നിസംശയം ഈ ഗവൺമെന്റിനെ പിന്തുണച്ചത് എന്നു സൂചിപ്പിക്കുവാൻ ഞങ്ങളാഗ്രഹിക്കുന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ ഈ കാലത്തു, ആഗോളവൽക്കരണകാലത്തു, ധന - മൂലധനത്തിന്റെ ആധിപത്യം അധികാരത്തിന്റെയും സമൂഹത്തിന്റെയും സമസ്ത തലങ്ങളിലേക്കും സങ്കൽപ്പാതീതമായ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ഒരു ഇടതുപക്ഷ അധികാനഷ്ട്ടം, ഒരു തിരിച്ചുവരവിന്റെ എല്ലാ സാദ്ധ്യതകളും അടക്കുമെന്നു പശ്ചിമ-ബംഗാളിന്റെ അനുഭവത്തിൽ നിന്നു മനസ്സിലാക്കേണ്ടതുണ്ടെന്നും ഞങ്ങൾ കരുതുന്നു.
5 .അറിയാമല്ലോ, പുഴയേയും, മലയേയും, മരത്തെയും മുതലാളിത്തം പരിണയിക്കുന്നത്, അവകൾ നൽകുന്ന 'ലാഭ'ത്തിൻ്റെ അളവെടുത്തിട്ടാണ്. ലാഭം കൂടുതൽ, മലയുടെയും, പുഴയുടെയും, തിരോധാനത്തിലൂടെ ആണെങ്കിൽ അതു മതിയെന്നു തീരുമാനിക്കുന്ന നിരവധി ലയറുകളുള്ള, മാനുഷികവും പാരിസ്ഥിതികവുമായ ചൂഷണപദ്ധതിയാണ്, മുതലാളിത്ത വളർച്ചാ സിദ്ധാന്തമെന്നു ഇപ്പോൾ മിക്കവാറും ചരിത്രബോധമുള്ളവർക്കൊക്കെ അറിയാവുന്ന കാര്യമാണു്.. മരത്തേയും, അതിൻ്റെ നിഴലിനേയും മുതലാളിത്തം ലാഭത്തിനായി വിൽക്കുമെന്നത് ഒരു സാമാന്യ അറിവായി ഇപ്പോൾ നമ്മൾ തിരിച്ചറിയുന്നുമുണ്ട്. അതായത്, മുതലാളിത്തത്തിനു അവരുടെ ലാഭ സഞ്ചയത്തിലേക്കുള്ള വർദ്ധിച്ച നാണയത്തുട്ടുകളായി പരിസ്ഥിതി സംരക്ഷണം പരിവർത്തനം ചെയ്യപ്പെട്ടാൽ ,അവർ പരിസ്ഥിതിയേ സംരക്ഷിച്ചേക്കാം എന്നതാണു് സത്യം. കാര്യം ലളിതമാണ്, പരിസ്ഥിതിയല്ല
'ലാഭ 'മാണ് സ്വകാര്യ-ധന-മൂലധനത്തിൻ്റെ ആദ്യത്തേയും അവസാനത്തേയും പരിഗണന. പരിസ്ഥിതിയുടെ സംരക്ഷണം എന്ന് പറയുന്നത് കേരളത്തിൽ " വികസന വിരുദ്ധ"മാണന്നതു ഒരു മുതലാളിത്ത കാഴ്ചയാണ്. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായവൽക്കരണം, കാർഷിക ഉൽപ്പാദനം, സാമൂഹിക ഉപഭോഗം, തുടങ്ങിയതൊക്കെ, മുതലാളിത്ത വിമർശനമെന്ന നിലയിൽ മാർക്സും, മാർക്സിസവും വളരെ ഗൗരവപൂർവ്വം ഉന്നയിച്ചതായാണ് പല ഇടതുപക്ഷ സൈദ്ധാന്തികരും വിലയിരുത്തിയിട്ടുള്ളത്. നിലവിൽ കേരളത്തിലെ ഏതെങ്കിലും പ്രബല രാഷ്ട്രീയ പാർട്ടിക്ക് പരിസ്ഥിതിയേ സംരക്ഷിച്ചു കൊണ്ടുള്ള വികസന കാഴ്ചപ്പാടില്ല. അതിൻ്റെ ഏതെങ്കിലും പാരമ്പര്യമോ, അനുഭവങ്ങളോ ഉള്ളവരല്ല. എന്നാൽ അതിലേക്കു ചേർന്ന് നിൽക്കാൻ 2018 ലെ മഹാപ്രളയവും, അതിന്റെ ദുരന്തങ്ങളും -തുടർന്നു സാർവത്രികമായി ഉയർന്നുവന്ന ചർച്ചകളും ഇടതുപക്ഷത്തിന് ആ ചരിത്രപരമായ തിരിച്ചറിവിലേക്ക് കടന്നുചെല്ലാൻ, ഒരവസരമാണ് ഒരുക്കിയിരിക്കുന്നതെന്നു ഞങ്ങൾ കരുതുന്നു. പ്രസ്തുത സാധ്യത നഷ്ടപ്പെടാൻ കേരളത്തിൻറെ ഇടതുപക്ഷ മനസ് ഒട്ടും ആഗ്രഹിക്കുന്നില്ല.
6 .എന്തുകൊണ്ട് ഒരു ജനഹിതപരിശോധന[റഫറണ്ടം] ആവശ്യമാണ്?
ജനഹിതപരിശോധന.. ലാറ്റിനമേരിക്കയിൽ, വെനസ്വേല, ഹ്യുഗോ ഷാവേസിനേപ്പോലൊരു ജീനിയസായ ഇടതുപക്ഷക്കാരൻ, വളരെ ആർജവത്തോടെ നടപ്പിലാക്കിയെടുത്ത മാതൃകയാണ്..രാജ്യത്തെ മനുഷ്യർക്കായി, വാർഷിക ജ.ഡി.പി യുടെ 10 ശതമാനത്തിലധികം ചെലവഴിക്കേണ്ടിവരുന്ന ഏതു പദ്ധതിയും ജനങ്ങളുടെ 'പ്രത്യേക അനുമതിയോടെ മാത്രമെ 'ഏറ്റെടുക്കുകയുള്ളു എന്നതായിരുന്നു അദ്ദേഹം അതിനായി പറഞ്ഞ കാരണങ്ങളിൽ ഒന്ന്.
2020-21 ലെ കേരളത്തിൻ്റെ വാർഷികവരുമാനം 1.15 ലക്ഷം കോടി രൂപയും, ചെലവ് 1.44 ലക്ഷം കോടി രൂപയുമാണന്ന് സംസ്ഥാനബജറ്റ് പറഞ്ഞിരുന്നു.. ഇതേവർഷത്തിലെ സംസ്ഥാനത്തിൻ്റെ ജി.എസ്.ഡി.പി = 9.78 ലക്ഷം കോടി രൂപയും. ഏറ്റവും കുറഞ്ഞത്, 1.3 ലക്ഷം കോടി ചിലവഴിക്കുന്ന ഒരു പദ്ധതി നടപ്പാക്കുന്നത്, തീർച്ചയായും ജനങ്ങളുടെ
'പ്രത്യേക അനുമതിയോടെ' ആയിരിക്കണമെന്നു പറയുന്നതിൻറെ കാരണം ഇതാണ്. മൂലധനവാഴ്ചയിൽ ജനസമ്മിതിയോടെ മാത്രമേ വൻകിട പദ്ധതികൾ നടപ്പിലാക്കേണ്ടതുള്ളൂ എന്ന ഒരു ബദൽ നിലപാടെടുക്കാൻ കഴയുമെങ്കിൽ അത് സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിനു വളരെ വലിയ ഊർജം പ്രദാനം ചെയ്യുമെന്നു ഞങ്ങൾ കരുതുന്നു. ആഗോളവൽക്കരണത്തിനെതിരെയുള്ള രാഷ്ട്രീയ എതിർപ്പുകൾ - രാഷ്ട്രീയ ബദലുകളായി- ആവിഷ്ക്കരിക്കുവാൻ, സാധാരണമനുഷ്യരുടെ രാഷ്ട്രീയ പ്രതിനിധാനമായ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളു എന്നും ഞങ്ങൾ വിശ്വസിക്കുന്നു.
7 . നമ്മുടെ പ്രഖ്യാപിത ഇടതുപക്ഷ വിരുദ്ധരുടെ.. അവർ കോൺഗ്രെസ്സ് മുതൽ ബിജെപി വരെയുള്ളവർ , മാർക്സിസ്റ്റ് തീവ്രവാദം പറയുന്ന ഇടതുപക്ഷ മുഖം മൂടിയിട്ടവരോ/ കേവല - പരിസ്ഥിതി വാദഗ്രൂപ്പുകളുടെയോ, മത-വർഗ്ഗീയ പ്രചാരകരുടെയോ, ഹിന്ദുത്വവാദികൾ മുതൽ ജമാ-അത്ത് കൂട്ടായ്മകൾ വരെയുള്ളവർക്കുമെല്ലാം സിൽവർലൈൻ പദ്ധതിയോടുള്ള എതിർപ്പ് കേരളത്തിലെ ഇടതുപക്ഷഗവണ്മെന്റിനോടുള്ള വിരോധമോ വെറുപ്പോ പ്രകടിപ്പിക്കുവാനുള്ള - അതിനുവേണ്ടി ജനങ്ങളെ ഇളക്കുക എന്ന ലക്‌ഷ്യം വച്ചു മാത്രമുള്ളതാണെന്നു ഞങ്ങൾ മനസിലാക്കുന്നു. ഊഹമൂലധനത്തിനു വേണ്ടി രാജ്യം തന്നെ അതിവേഗം തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുന്ന ,ആഗോളവൽക്കരണത്തിൻ്റെ, ഇന്ത്യയിലെ ഉത്ഘാടകരും, അതി ലഭിരമിക്കുന്നവരുമായ കോൺഗ്രസിൻ്റെയും, ബി ജെ പിയുടെയും ഒക്കെ മോഹപദ്ധതിയാണ് ഇതെന്ന് ആർക്കാണ് അറിയാത്തത്. അതുകൊണ്ടുതന്നെ അവരുടെ കക്ഷിരാഷ്ട്രീയ-വർഗീയ സങ്കുചിതവാദങ്ങൾക്കു കേവലവായ അധികാരലബ്ധിയുടെ ആയുസ്മാത്രമേ ഉള്ളുവെന്നുള്ള കൃത്യമായ തിരിച്ചറിവ് ഞങ്ങൾക്കുണ്ട്. ഞങ്ങൾ അവർക്കൊപ്പമല്ല.
8. അതായത്, വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന "സാമൂഹ്യവൈരുധ്യങ്ങൾ" ഈ പദ്ധതിയുടെ പിറകിൽ നിന്ന് ഉയർന്നുവരാനുള്ള സാദ്ധ്യതകൾ തള്ളിക്കളയുന്നത് അശാസ്ത്രീയമാണെന്ന് ഇവിടെ നടന്നുകഴിഞ്ഞ ചർച്ചകൾ ചൂണ്ടിക്കാണിച്ചിരിക്കുന്നതുകൊണ്ടുതന്നെ, ഈ "പ്രതിസന്ധി" മറികടക്കുവാൻ ജനങ്ങളിൽ വിശ്വസിക്കുകയും, അവരുടെ സമ്മതിയോടെ മാത്രം പദ്ധതി നടപ്പിൽ വരുത്തേണ്ടതുള്ളൂവെന്നു തീരുമാനിക്കുവാനും, കേരളത്തിലെ ഇടതുപക്ഷത്തിനു കഴിയുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.