തിരുവനന്തപുരം: സിൽവർ ലൈനിൽ റെയിൽവേ ഭൂമി വിട്ടുകിട്ടൽ നിർണായകമാണെന്നിരിക്കെ വിവരങ്ങളാരാഞ്ഞ് റെയിൽവേ ബോർഡ് നാലുതവണ കത്തയച്ചിട്ടും വിശദാംശങ്ങൾ കൈമാറാതെ കെ-റെയിൽ. 2020 ജൂണിൽ ഡി.പി.ആർ സമർപ്പിച്ചെങ്കിലും ബോർഡ് ആവശ്യപ്പെട്ട സാങ്കേതിക വിവരങ്ങൾ നൽകാൻ കെ-റെയിലിന് സാധിച്ചിട്ടില്ല. പാതിവഴിയിൽ മുടങ്ങിയ സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്നതിലാണ് ധിറുതി. ഡി.പി.ആറിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള വിശദാംശങ്ങൾക്കായി 2021 ജൂലൈ 11 നാണ് ആദ്യ കത്ത് കെ-റെയിലിന് നൽകിയത്.
ആവശ്യമുള്ള റെയിൽവേ ഭൂമിയുടെ ലൈൻ ഡയഗ്രമും സ്കെച്ചും സ്റ്റേഷനുകളുടെ ഭൂമിശാസ്ത്ര വിവരങ്ങളും മാത്രം തുടക്കത്തിൽ കെ-റെയിൽ നൽകുകയായിരുന്നു. എന്നാൽ, ഈ വിവരങ്ങൾ വെച്ച് മാത്രം റെയിൽവേ ഭൂമി വിനിയോഗം സംബന്ധിച്ച് കൃത്യമായി നിഗമനത്തിലെത്താനാകില്ലെന്നും വിശദ പ്രപ്പോസൽ നൽകണമെന്നുമായിരുന്നു ബോർഡ് നിലപാട്.
ഡി.പി.ആറിൽ റെയിൽവേ ഭൂമിയുടെ ലൊക്കേഷൻ അടിസ്ഥാനപ്പെടുത്തിയ വിവരങ്ങളില്ല. നിലവിലുള്ളതും ഒപ്പം ഇനി നിർദേശിച്ചതുമായ പാത സൂചിപ്പിക്കുന്ന അലൈൻമെൻറ് വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു. തുടർന്ന് 2021 ആഗസ്റ്റ് എട്ട്, 2021 ഒക്ടോബർ 22, 2022 മേയ് അഞ്ച് തീയതികളിലും ബോർഡ് കത്തയച്ചു. ഈ കത്തുവിവരങ്ങളെല്ലാം ചൂണ്ടിക്കാട്ടിയും രേഖകൾ എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ആഗസ്റ്റ് 30നും കത്ത് നൽകിയിട്ടുണ്ട്.
സാമ്പത്തിക വിഹിതമായി 2180 കോടിയും 975 കോടി രൂപ വിലവരുന്ന 185 ഹെക്ടര്‍ ഭൂമിയും അടക്കം 3125 കോടിയാണ് റെയിൽവേ വിഹിതമായി കെ-റെയിൽ പ്രതീക്ഷിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2180 കോടി വിഹിതത്തിൽനിന്ന് റെയിൽവേ നേരത്തേ പിന്മാറിയിരുന്നു. എങ്കിലും സംയുക്ത സംരംഭമെന്ന നിലയിൽ 185 ഹെക്ടർ ഭൂമി വിട്ടുകിട്ടുമെന്നതായിരുന്നു പ്രതീക്ഷ. ഈ വഴിയും അടയുന്ന നിലയിലാണ് സാഹചര്യങ്ങൾ. തിരൂര്‍ മുതല്‍ കാസർകോടുവരെ നിലവിലെ പാതക്ക് സമാന്തരമായി റെയിൽവേ ഭൂമിയിലൂടെയാണ് സിൽവർ ലൈൻ വിഭാവനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.