തിരുവനന്തപുരം: സിൽവർലൈനുമായി ബന്ധപ്പെട്ട് നിലവിൽ സ്ഥാപിക്കുന്ന കല്ലുകൾ യഥാർഥ അതിർത്തിയല്ലെന്നും മാറ്റം വരാമെന്നും കെ-റെയിൽ എം.ഡി വി. അജിത്കുമാർ. സാമൂഹികാഘാത പഠനറിപ്പോർട്ട് പരിശോധിച്ച ശേഷം ശിപാർശകളുമായി വിദഗ്ധസമിതി സർക്കാറിനെ സമീപിക്കും.
ഈ ഘട്ടത്തിൽ മാറ്റം വേണ്ടതുണ്ടെന്ന് കണ്ടെത്തുകയും സർക്കാർ തീരുമാനിക്കുകയും ചെയ്താൽ അലൈൻമെന്റിൽ മാറ്റം വരാം. രണ്ട് അനൗദ്യോഗിക സാമൂഹികശാസ്ത്രജ്ഞർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, പുനരധിവാസ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരാണ് വിദഗ്ധ സമിതിയിലുള്ളത്.
പാളത്തിൽ 10 മീറ്റർ ദൂരമാണ് ബഫർ സോൺ. ഇതിൽ ആദ്യ അഞ്ച് മീറ്ററിൽ നിർമാണ പ്രവൃത്തികൾ പാടില്ല. ശേഷിക്കുന്ന അഞ്ച് മീറ്ററിൽ അനുമതിയോടെ പദ്ധതികളാകാം. ഇന്ത്യൻ റെയിൽവേക്ക് ബഫർ സോൺ 30 മീറ്ററാണ്.
എംബാങ്ക്മെന്റ് ഭാഗത്ത് മതിലിനു പകരം കമ്പിവേലിയായിരിക്കും സ്ഥാപിക്കുക. നഷ്ടപരിഹാരത്തിലെ നിശ്ചിത ശതമാനം പിന്നീട് കൈമാറിയാൽ മതിയെന്ന് ഉടമക്ക് വേണമെങ്കിൽ ഉപാധി വെക്കാമെന്നും എം.ഡി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം: സിൽവർ ലൈനിൽ ഒരു മീറ്റർ പോലും ബഫർ സോൺ (സുരക്ഷിത മേഖല) ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ. എന്നാൽ, ഒരു നിർമാണവും പാടില്ലാത്ത അഞ്ച് മീറ്റർ ഉൾപ്പെടെ 10 മീറ്റർ ബഫർ സോണുണ്ടെന്ന് കെ-റെയിൽ എം.ഡി വി. അജിത്കുമാർ.
ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം. 'ഒരു മീറ്റർ പോലും ബഫർ സോണില്ല. ഡി.പി.ആർ പഠിക്കൂ. വെറുതെ കള്ളം പറയല്ലേ, ഇന്ത്യൻ റെയിൽവേ പോകുന്നുണ്ടല്ലോ? എവിടെയാണ് ബഫർ സോൺ. ഞാൻ ഡി.പി.ആർ പഠിച്ചതുകൊണ്ടാണ് പറയുന്നത്' -അദ്ദേഹം പറഞ്ഞു. എന്നാൽ, കെ-റെയിൽ എം.ഡി നടത്തിയ വാർത്തസമ്മേളനത്തിൽ ബഫർ സോൺ 10 മീറ്ററാണെന്നായിരുന്നു അടിവരയിട്ടുള്ള വ്യക്തമാക്കൽ.
പാളത്തോട് ചേർന്ന ആദ്യ അഞ്ച് മീറ്ററിൽ നിർമാണ പ്രവർത്തനം അനുവദിക്കില്ല. തൊട്ടടുത്ത അഞ്ച് മീറ്ററിൽ അനുമതിയോടെ നിർമാണമാകാമെന്നും എം.ഡി വ്യക്തമാക്കി. മന്ത്രി സജി ചെറിയാന്റെ പരാമർശത്തെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു എം.ഡിയുടെ പ്രതികരണം. ബഫർ സോൺ നഷ്ടപരിഹാര പരിധിയിൽ ഉൾപ്പെടുന്നില്ലെന്നാണ് വിവരം. ഇതോടെ, കൂടുതൽ പേർ ബഫർ സോണിന്റെ ഇരകളാകുമെന്ന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.