കോഴിക്കോട്: പ്രതിഷേധങ്ങളെ അവഗണിച്ച് അതിവേഗ കെ- റെയിൽ പാതക്ക് ഭൂമിയേറ്റെടുക്കുന്നതിന് സ്പെഷൽ ലാൻഡ് അക്വിസിഷൻ സെല്ലുകൾ രൂപവത്കരിക്കാൻ അണിയറയിൽ നീക്കം. മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗതീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് അക്വിസിഷൻ സെല്ലുകൾ രൂപവത്കരിക്കുന്നത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 532 കിലോമീറ്റർ പാത കടന്നുപോകുന്ന 10 ജില്ലകളിലും സെൽ രൂപവത്കരിക്കാനാണ് നീക്കം. നിലവിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയോ വിരമിച്ച ഉദ്യോഗസ്ഥരെ നിയമിച്ചോ ഭൂമിയേറ്റെടുക്കൽ നടപടി എത്രയും വേഗം പൂർത്തിയാക്കാനാണ് നിർദേശമെന്നറിയുന്നു.
ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കാനാണ് തീരുമാനം.
മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. 80 ശതമാനം ഭൂമിയേറ്റെടുത്ത് നൽകിയാൽ കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അതിവേഗ നീക്കം നടത്തുന്നത്. പത്തു ശതമാനം കേന്ദ്ര ഗവൺമെൻറും പത്തു ശതമാനം സംസ്ഥാന വിഹിതവും കഴിച്ച് ബാക്കി തുക വിദേശ കമ്പനിയായ ജൈക്കയിൽ നിന്ന് കടമെടുക്കാനാണ് ധാരണ.
അതേസമയം, പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സമിതിക്കൊപ്പം നിൽക്കുന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കേ വോട്ടുചെയ്യൂവെന്ന തീരുമാനം പദ്ധതിക്ക് അനുകൂലമായ രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുയർന്നിട്ടുണ്ട്. പ്രാദേശിക കമ്മിറ്റികൾ ഇതു സംബന്ധിച്ച തീരുമാനം മേൽക്കമ്മിറ്റികൾക്ക് നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.