കെ-റെയില്‍: എതിർപ്പിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്; വിശദമാക്കി വി.ഡി. സതീശന്‍

കേരളത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയുമാണ് സില്‍വര്‍ ലൈന്‍- കെ. റെയില്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശന്‍. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 64941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി കേരളത്തെ തെക്ക്- വടക്ക് വന്‍മതിലായി വെട്ടിമുറിക്കുന്നതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ തമ്മില്‍ വേര്‍തിരിക്കുന്ന വന്‍കോട്ടയായി മാറും.

നീതി ആയോഗിന്‍റെ 2018 -ലെ കണക്ക് പ്രകാരം പദ്ധതിക്ക് 1.33 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 2021ല്‍ ഇത് ഒന്നര ലക്ഷം കോടിക്ക് അടുത്താകും. 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. പരിസ്ഥിതി ആഘാത പഠനം പേരിനു മാത്രമാണ് നടത്തിയിരിക്കുന്നത്. സെന്‍റര്‍ ഫോര്‍ എന്‍വിയോണ്‍മെന്‍റ്​ ആന്‍ഡ് ഡെവലപ്‌മെന്‍റ്​ എന്ന അംഗീകാരമില്ലാത്ത സ്ഥാപനമാണ് ഇതിന്‍റെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരിക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്തതിനാല്‍ വീണ്ടും 96 ലക്ഷം രൂപ മുടക്കി പഠനം നടത്താന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്.

ചുരുങ്ങിയത് 20,000 കുടുംബങ്ങള്‍ കുടിയൊഴിക്കപ്പെടുകയും 50,000 കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കേണ്ടി വരികയും ചെയ്യും. 145 ഹെക്ടര്‍ നെല്‍വയല്‍ നികത്തണം. 1000 മേല്‍പ്പാലങ്ങളോ അടിപ്പാതകളോ നിര്‍മിക്കണം. അതേസമയം പ്രാഥമിക സാധ്യതാ പഠനം നടത്തിയ 'സിസ്ത്ര എം.വി.ഐ' തലവനായ അലോക് കുമാര്‍ വര്‍മ്മ നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.

കെട്ടിച്ചമച്ച സാധ്യതാ പഠന റിപ്പോര്‍ട്ടെന്നാണ് അലേക് കുമാര്‍ വര്‍മ്മ പറയുന്നത്. പദ്ധതി രൂപരേഖ കെട്ടുകഥയാണെന്നും ലിഡാര്‍ സര്‍വെ കൃത്രിമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രളയ, ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതി രൂപരേഖയിലില്ല

സ്റ്റേഷനുകള്‍ തീരുമാനിച്ചതും കൃത്രിമ ഡി.പി.ആര്‍ വച്ചാണ്. പദ്ധതി രൂപരേഖ പരസ്യപ്പെടുത്താന്‍ കെ റെയില്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ പഠനത്തിന് മാത്രമാണ് തത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

15 മുതല്‍ 30 അടി ഉയരത്തിലും അതിന് ആനുപാതികമായ വീതിയിലുമാണ് സില്‍വര്‍ ലൈന്‍ 292 കി. മീറ്റര്‍ (മൊത്തം ദൂരത്തിന്റെ 55%) ദൂരം വന്‍മതില്‍ പോലെയാണ് നിര്‍മ്മിക്കപ്പെടുന്നത്. ബാക്കി സ്ഥലത്ത് റെയിലിന് ഇരുവശത്തും മതിലും കെട്ടണം. പദ്ധതി നിലവില്‍ വന്നാല്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തില്‍ മാറ്റം വരുമെന്നും 164 സ്ഥലങ്ങളിലെ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസപ്പെടുമെന്നും സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. എവിടെയൊക്കെ സ്വാഭാവിക ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസപ്പെട്ടിട്ടുണ്ടോ, അത് താഴ്ന്ന പ്രദേശങ്ങളാണെങ്കില്‍ വെള്ളപ്പൊക്കവും മലയോര മേഖലകളാണെങ്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കുമെന്നതിന് ഇനിയൊരു പഠനത്തിന്‍റെയും ആവശ്യമില്ല.

പദ്ധതി ഒറ്റനോട്ടത്തില്‍

കിലോമീറ്ററിനുള്ള യാത്രാചെലവ് 2.75 രൂപ.

ആകെ 530 കിലോമീറ്റര്‍.

11 ജില്ലകള്‍ 11 സ്റ്റേഷനുകള്‍.

തൂണിന് മുകളില്‍ 88 കിലോ മീറ്റര്‍

എംബാങ്ക്‌മെന്‍റ്​(ഇരുഭാഗത്തും ഭിത്തി കെട്ടി നടുക്ക് മണ്ണും കല്ലും നിറക്കുന്ന 15-26 മീറ്റര്‍ വീതിയുള്ള മതില്‍) 292 കിലോമീറ്റര്‍.

കുന്നിടിച്ച് 102 കിലോമീറ്റര്‍

എംബാങ്ക്‌മെന്‍റില്‍ ഓരോ 500 മീറ്റര്‍ ഇടവിട്ട് അറുന്നൂറോളം അടിപ്പാതകള്‍.

ഏറ്റെടുക്കേണ്ടി വരുന്നത് 1383 ഹെക്ടര്‍ ഭൂമി.

തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് നാലു മണിക്കൂര്‍ കൊണ്ട് എത്താമെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ ഈ പദ്ധതിയുണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതിക ആഘാതങ്ങള്‍ പരിഗണിച്ചിട്ടേയില്ല. പശ്ചിമഘട്ടത്തിലൂടെയല്ല പദ്ധതി കടന്നു പോകുന്നതെന്ന ന്യായവാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ കല്ലും മണ്ണും പശ്ചിമഘട്ടത്തില്‍ നിന്നല്ലാതെ എവിടെ നിന്ന് കണ്ടെത്തും? 2021ലെ പ്രളയത്തോടെ കോട്ടയം പോലുള്ള സ്ഥലങ്ങളില്‍ ഹൈഡ്രോളജി പഠനം അനിവാര്യമാവുകയാണ്. ഇത്തരം കാര്യങ്ങളൊക്കെ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന (ഒരു മിനിറ്റില്‍ ഏതാണ്ട് നാല് കിലോമീറ്റര്‍) വണ്ടികളുടെ ശബ്ദം, കമ്പനം, അടുത്ത് താമസിക്കുന്നവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ എന്നിവയൊക്കെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെടുത്തി പരിഗണിക്കേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെയോ റെയില്‍വെ മന്ത്രാലയത്തിന്റെയോ അന്തിമാനുമതി ലഭിക്കാത്ത ഒരു പദ്ധതിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ ഇത്രയും ധൃതി കാട്ടുന്നതിനു പിന്നില്‍ ദുരൂഹതയുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കു വേണ്ടിയുള്ള പദ്ധതിയാണോയെന്ന അലോക് കുമാര്‍ വര്‍മ്മയുടെ സംശയം ബലപ്പെടുത്തുന്നതാണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ ഓരോ നീക്കവും. ഇന്‍റര്‍ ഗവണ്‍മെന്‍റ്​ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി (ഐ.പി.സി.സി)ന്‍റെ റിപ്പോര്‍ട്ട് കൂടി വന്ന സാഹചര്യത്തില്‍ കേരളം അപകട മേഖലയിലാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.

ഒരു മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്താല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ കൊണ്ടു വരുമ്പോള്‍ ഗൗരവതരമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. എവിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ പദ്ധതി? കംപ്‌ട്രോളര്‍ ആൻഡ്​ ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ കേരളത്തിന്‍റെ പരിതാപകരമായ സമ്പദ് വ്യവസ്ഥയെക്കുറിച്ച് നമുക്ക് ബോധ്യമായി. എന്നിട്ടും ഇത്രയും വലിയ ബാധ്യത ഏറ്റെടുത്ത് കേരളത്തിനെ ഇനിയും കടത്തിന്‍റെ കാണാക്കയങ്ങളിലേക്ക് തള്ളിയിടാനുള്ള ഈ നീക്കത്തെ എങ്ങിനെ ന്യായീകരിക്കും?

പ്രതിദിനം 79934 യാത്രക്കാര്‍ തെക്കോട്ടും വടക്കോട്ടും യാത്ര ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു പഠനത്തിന്‍റെയും അടിസ്ഥാനത്തിലുള്ളതല്ല ഈ കണക്കുകൂട്ടല്‍. ഇപ്പോള്‍ പണി നടക്കുന്ന മുംബൈ- അഹമ്മദബാദ് റൂട്ടില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഇരട്ടി യാത്രക്കാരെയാണ് സില്‍വര്‍ ലൈനില്‍ പ്രതീക്ഷിക്കുന്നത് എന്നതു തന്നെ കൗതുകകരമാണ്.

ഒട്ടും പ്രായോഗികമല്ലാത്ത ഒരു പദ്ധതിയുടെ ബാധ്യത സംസ്ഥാനത്ത് വരാനിരിക്കുന്ന തലമുറയുടെ തലയിലേക്കു കൂടി കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒട്ടും സുതാര്യമില്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍. യു.ഡി.എഫ്. ഉന്നയിക്കുന്ന ഗൗരവതരമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ല.

സില്‍വര്‍ ലൈനിന് പകരം ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണം. നിലവിലുള്ള റെയില്‍വേ ലൈനുകള്‍ക്ക് സമീപം പുതിയ ലൈനുകള്‍ ഉണ്ടാക്കാം. വളവുകള്‍ ഒഴിവാക്കാന്‍ 100 ഹെക്ടര്‍ സ്ഥലമേ വേണ്ടിവരൂ. ഇതിനാകെ 20000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്സുകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. കേരളം ഇതിന്‍റെ സാധ്യതകളും തേടണം.

Tags:    
News Summary - K-Rail: The reasons for the opposition are as follows; Explained by V. D Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.