കൊച്ചി: കെ-റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും ഹൈകോടതിയും വീണ്ടും നേർക്കുനേർ. സാമൂഹികാഘാത പഠനത്തിനായി വലിയ കല്ലുകളിട്ട് ജനങ്ങളെ പരിഭ്രാന്തരാക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സാമൂഹികാഘാത പഠനത്തിന് ഇത്രയും വലിയ കല്ലുകളിടേണ്ട ആവശ്യമുണ്ടോ. കെ-റെയിൽ കല്ലിട്ട ഭൂമി പണയംവെക്കാനോ വിൽക്കാനോ സാധിക്കുമോയെന്നും കോടതി ചോദിച്ചു.
സാമൂഹികാഘാത പഠനത്തിന് ശേഷം കല്ലുകൾ മാറ്റുമോ? ഭൂമിയേറ്റെടുക്കാൻ കുറേസമയമെടുക്കും. കേന്ദ്രസർക്കാറിന്റെ അനുമതി ഉൾപ്പടെ വേണം. അതുവരെ കല്ലുകൾ അവിടെ തന്നെയുണ്ടാകുമോയെന്ന കാര്യത്തിലും വ്യക്തത വേണമെന്ന് കോടതി പറഞ്ഞു. കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഹരജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമേ മറുപടി പറയാനാകുവെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാടെടുത്തു. ജനങ്ങളുടെ താൽപര്യത്തിനൊപ്പം സർക്കാറിന്റെ താൽപര്യവും കോടതി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു.
കെ റെയിൽ സർവേ ചോദ്യം ചെയ്ത് ഭൂ ഉടമകൾ നൽകിയ ഹരജി സുപ്രീംകോടതി കഴിഞ്ഞ ദിവസവും തള്ളിയിരുന്നു. കെ റെയിലുമായി ബന്ധപ്പെട്ട സർവേയിലും സാമൂഹികാഘാത പഠനവും നടത്തുന്നതിൽ മുൻധാരണ എന്തിനെന്നും കോടതി ചോദിച്ചു. സർവേ അനുമതി നൽകിയ ഹൈകോടതി ഉത്തരവിൽ ഇടപെടില്ലെന്നും ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കെ റെയിൽ സർവേ റദ്ദാക്കണമെന്നും കല്ലുകൾ സ്ഥാപിക്കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടി ഭൂവുടമകൾ നൽകിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.