ക്വാൽകോമിനും അദാനിക്കും ഒരു തൊഴിലവസരം സൃഷ്ടിക്കുന്നതിന് സർക്കാർ സബ്സിഡി നൽകുന്നത് 3.2 കോടി!; ശ്രദ്ധേയമായി കുറിപ്പ്

കോഴിക്കോട്: പ്രശസ്ത ചിപ്പ് നിർമാതാക്കളായ ക്വാൽകോം ഇന്ത്യയിൽ ഗൗതം അദാനിയുമായി ചേർന്ന് ആരംഭിക്കുന്ന സെമി കണ്ടക്ടര്‍ വ്യവസായത്തിന്‍റെ ഭാഗമായി കേവലം 5,000 തൊഴിലുകള്‍ സൃഷ്ടിക്കുന്നതിന് കോടിക്കണക്കിന് രൂപയുടെ സബ്‌സിഡി കേന്ദ്ര - സംസ്ഥാന സർക്കാറുകൾ നൽകുന്നതിനെക്കുറിച്ച് കെ. സഹദേവൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഗുജറാത്തില്‍ ആരംഭിക്കാനിരിക്കുന്ന സെമി കണ്ടക്ടര്‍ വ്യവസായത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഓരോ തൊഴിലിനും അമേരിക്കന്‍ കമ്പനിക്ക് 3.2 കോടി രൂപയാണ് സബ്‌സിഡിയായി നൽകുന്നത്. ഇത്രയും തുക ചെലവഴിക്കുന്നത് സെമികണ്ടക്ടർ മേഖലയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റിന് വേണ്ടിയല്ല, അസംബ്ലി ലൈൻ ജോലികൾ മാത്രമാണ് ഒരുക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം എച്ച്.ഡി കുമാരസ്വാമി ബംഗളൂരുവിൽ പറഞ്ഞ കാര്യവും കുറിപ്പിൽ സൂചിപ്പിക്കുന്നു.

കെ. സഹദേവൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്:

സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നീ വ്യവസായ മേഖലയിലെ അതികായൻ ക്വാൽകോം (Qualcomm) ഇന്ത്യയിൽ വരുന്നു. ഗൗതം അദാനിയുമായി ചേർന്ന് വൻ പദ്ധതികൾക്ക് തുടക്കമിടാൻ ആലോചനയെന്ന് ബിസിനസ് മാഗസിനുകൾ.

ക്വാൽകോം സി.ഇ.ഓയുമായുള്ള കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്ന് സൂചന നൽകി ഗൗതം അദാനി ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ട്വീറ്റ് ചെയ്തു.

എങ്ങും സന്തോഷക്കാഴ്ചകൾ മാത്രം.

ക്വാൽകോമും ഗൗതം അദാനിയും സന്തോഷിക്കാതിരിക്കുന്നതെങ്ങിനെ?

Micron Technology എന്ന അമേരിക്കൻ സെമി കണ്ടക്ടർ വ്യവസായ ഗ്രൂപ്പിന് കേന്ദ്രവും ഗുജറാത്ത് സംസ്ഥാനവും നൽകിയ സൗജന്യങ്ങളിൽ വെറുതെയൊന്ന് കണ്ണോടിച്ചാൽ മതിയല്ലോ.

2023 ജൂണിലാണ് സെമി കണ്ടക്ടർ നിർമ്മാണ വ്യവസായം ഗുജറാത്തിലെ സാനന്ദിൽ ആരംഭിക്കാൻ മൈക്രോണുമായി കരാർ ഒപ്പുവെച്ചത്.

മൊത്തം പദ്ധതി ചെലവ് 2.75 ബില്യൺ അമേരിക്കൻ ഡോളർ. ഇതിൽ 70%, അതായത് ഏകദേശം 2 ബില്യൺ ഡോളർ (16,500 കോടി രൂപ) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സബ്സിഡിയായി നൽകും!!

എന്തിന്?

5000 തൊഴിലുകൾ കമ്പനി നൽകും എന്നതിനാൽ!

തൊഴിൽ എന്ന കാരറ്റ് കാട്ടിയാൽ പിന്നെ ആരും ഒരു ചോദ്യവും ഉന്നയിക്കില്ലെന്ന് രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും നല്ലപോലെ അറിയാം.

2 ബില്യൺ ഡോളർ അഥവാ 16,500 കോടി ചെലവഴിച്ച് 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതിനർത്ഥം ഒരു തൊഴിലവസരം സൃഷ്ടിക്കുന്നതിന് സർക്കാർ തലത്തിൽ ചെലവഴിക്കുന്നത് 3.2 കോടി രൂപയാണ് (4 ലക്ഷം ഡോളർ)!!

ഇത്രയും തുക ചെലവഴിക്കുന്നത് സെമികണ്ടക്ടർ മേഖലയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റിന് വേണ്ടിയല്ലെന്ന് പ്രത്യേകം ഓർക്കണം.

പഴയ ഫോർഡ് മാതൃകയിൽ, കുറഞ്ഞ നൈപുണികൾ മാത്രം ആവശ്യമുള്ള അസംബ്ലി ലൈൻ ജോലികൾ മാത്രമാണ് മൈക്രോൺ ടെക്നോളജി ഒരുക്കുന്നത്.

ഇതാണ് മോദിയുടെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പോളിസി. ക്വാൽകോമും അദാനിയും സന്തോഷാധിക്യത്താൽ ഹൃദയം പൊട്ടി മരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...

Full View


Tags:    
News Summary - K Sahadevan fb note about Qualcomm and Gautam Adani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.