മെയ്‌തേയ് ലീപുന്‍ മണിപ്പൂരിലെ സംഘി ചാവേറുകളാണെന്ന് കെ.സഹദേവൻ

തൃശൂർ: മെയ്‌തേയ് ലീപുന്‍ മണിപ്പൂരിലെ സംഘി ചാവേറുകളാണെന്ന് സാമൂഹിക പ്രവർത്തകനായ കെ.സഹദേവൻ. ഓരോ പ്രദേശത്തും ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിനായി പ്രത്യേക സംഘടനാ സംവിധാനങ്ങള്‍ രൂപീകരിക്കുക എന്നത് സംഘപരിവാര്‍ അജണ്ടയാണ്. അവരുടെ ഔദ്യോഗിക സംഘടനാ സംവിധാനങ്ങള്‍ക്ക് പുറത്തായിരിക്കും അവയുടെ സ്ഥാനം.

ദുർഗാവാഹിനിയെന്നും ഹനുമാന്‍ സേനയെന്നും ക്ഷേത്ര സംരക്ഷണ സമിതിയെന്നും, ഹിന്ദു ഐക്യവേദിയെന്നും സൗകര്യത്തിനനുസരിച്ച് തയ്യാറാക്കപ്പെടുന്ന ഇത്തരം സംഘടനകള്‍ ഔദ്യോഗിക സംഘപരിവാര്‍ സംഘടനകളുമായി നേരിട്ട് ബന്ധപ്പെടാതെ, എന്നാലതേസമയം, അവരുടെ ആശീര്‍വ്വാദത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്.

ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളിലൊന്നാണ് 'മെയ്‌തേയ് ലീപുന്‍' അഥവാ 'യുവ മെയ്‌തേയ് ' എന്ന സംഘടന. മണിപ്പൂര്‍ കലാപത്തില്‍ മെയ്‌തേയ് ലീപുനിന്റെ പങ്ക് ഗര്‍ഹണിയമാണ്. കുകീ-സോമി ഗോത്രവർഗക്കാർക്കെതിരായി അക്രമങ്ങള്‍ അഴിച്ചുവിടുന്നതില്‍ ഈ സംഘടന ചെറുതല്ലാത്ത പങ്കാണ് വഹിച്ചുപോരുന്നത്.

പ്രമോദ് മുത്തലിക്, ബാബു ബംജ്രംഗി, പ്രഗ്യാ സിംഗ് ഠാകൂര്‍, സാധ്വി പ്രാചി തുടങ്ങിയ തീവ്ര ഹിന്ദുത്വ നിലപാടുള്ള വ്യക്തികളുടെ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ പറ്റിയ, ഗോത്ര വിഭാഗങ്ങള്‍ക്കെതിരെ അങ്ങേയറ്റത്തെ വെറുപ്പു നിറഞ്ഞ പ്രസ്താവനകള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന പ്രമോട് സിംഗ് ആണ് മെയ്‌തേയ് ലീപുനിന്റെ നേതാവ്.

'പോപ്പി യുദ്ധ'മെന്നും, 'അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭ'മെന്നും വിശേഷിപ്പിച്ചുകൊണ്ട് ഗോത്ര വിഭാഗങ്ങള്‍ക്കെതിരായ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തികളിലൊരാളാണ് പ്രമോട് സിംഗ്. മണിപ്പൂരിലെ താഴ്വാര പ്രദേശങ്ങളില്‍ ഹിന്ദു മെയ്‌തേയ് യുവാക്കള്‍ക്കിടയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ മെയ്‌തേയ് ലീപുനിന് ചെറിയ കാലം കൊണ്ടുതന്നെ സാധിച്ചിട്ടുണ്ട്.

ആർ.എസ്.എസ് സ്‌പോണ്‍സേര്‍ഡ് സംഘടനയായ ആരംബായ് തെൻഗോളുമായി കൂട്ടൂചേര്‍ന്നാണ് മെയ്‌തേയ് ലീപുന്‍ പ്രവര്‍ത്തിക്കുന്നത്. കറുത്ത യൂനിഫോം ധരിച്ച ആരംബായ് തെൻഗോള്‍ പ്രവര്‍ത്തകരും വെളുത്ത യൂനിഫോം ധരിച്ച മെയ്‌തേയ് ലീപുന്‍ പ്രവര്‍ത്തകരും കലാപപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

'ഹിന്ദുമതത്തിലെ ധര്‍മ്മത്തിന്റെ ഏറ്റവും ശുദ്ധമായ രൂപത്തിന്റെ അവസാനത്തെ ഔട്ട്പോസ്റ്റ്' എന്നാണ് മണിപ്പൂരിനെ മെയ്‌തേയ് ലീപുന്‍ നേതാവ് പ്രമോട് സിംഗ് വിശേഷിപ്പിക്കുന്നത്. ദ്വാരക, മഥുര, നബദ്വിപ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഈ ശുദ്ധമായ ഹിന്ദുമതം നിലനിന്നിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ പ്രമോദ് സൂചിപ്പിക്കുന്നു.

'അനധികൃത കുടിയേറ്റക്കാര്‍ നമ്മെ കീഴടക്കിയാല്‍, ഇന്ത്യയുടെ കിഴക്കേ മൂലയിലുള്ള സനാതന ധര്‍മ്മത്തിന്റെ അവസാന ഔട്ട്പോസ്റ്റും നഷ്ടപ്പെടും. ഇത് ഇന്ത്യയിലെ ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്''. ഗോത്രവർഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ അഴിച്ചുവിടുന്നതില്‍ മെയ്‌തേയ് ലീപുനിനെയും അതിന്റെ നേതാവായ പ്രമോട് സിങിനെയും നയിക്കുന്ന ആശയം ഇതാണെന്നും സഹദേവൻ പറഞ്ഞു. 

Tags:    
News Summary - K. Sahadevan says that Meithei Leepun are the Sanghi Chawers of Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.