മണിപ്പൂർ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മലയോര ജില്ലകള്‍ക്കായി ഉണ്ടാക്കിയ പുതിയ കുടിയൊഴിപ്പിക്കല്‍ നയമെന്ന് കെ.സഹദേവൻ

കോഴിക്കോട്: മണിപ്പൂർ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മലയോര ജില്ലകള്‍ക്കായി ഉണ്ടാക്കിയ പുതിയ കുടിയൊഴിപ്പിക്കല്‍ നയമാണെന്ന് സാമൂഹിക പ്രവർത്തകൻ കെ. സഹദേവൻ. ഇതിനെ കുകികളും മെയ്‌തേയ്കളും തമ്മിലുള്ള വംശീയ കലാപമായി അവതരിപ്പിക്കുന്നതിന് പിന്നില്‍ ഭരണകൂടവും മറ്റ് നിക്ഷിപ്ത താല്‍പ്പര്യക്കാരുമാണെന്നത് സംശയരഹിതമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

2022 മുതല്‍ ഈ പ്രശ്‌നം പുകഞ്ഞുകൊണ്ടിരിക്കുകയാണെന്നും മണിപ്പൂര്‍ ഹൈക്കോടതിയുടെ സംവരണ പരാമര്‍ശം പുതിയ പ്രശ്‌നങ്ങള്‍ക്ക് ഒരു നിമിത്തമായി മാറുകയായിരുന്നു. രാജ്യത്ത് എവിടെയും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ എക്കാലത്തെയും സങ്കീർണവിഷയം ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടതാണ്. 1961 ലെ മണിപ്പൂര്‍ ലാന്‍ഡ് റവന്യൂ ആന്‍ഡ് ലാന്‍ഡ് റിഫോം നിയമം ഭേദഗതി വരുത്താനും മലയോര മേഖലകളില്‍ ഭൂരിപക്ഷ മെയ്തി വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് അനുവാദം നല്‍കണമെന്നുമുള്ള ആവശ്യം ഒരു വിഭാഗം മെയ്തേയ്കള്‍ക്കിടയില്‍ പ്രബലമാണ്. 




മണിപ്പൂരിന്റെ മലയോര മേഖലകളില്‍ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ നിയമഭേദഗതി വരുത്തിയിട്ടുണ്ടെന്നതാണ് യാഥാർഥ്യം. 1988-ലെ നിയമഭേദഗതിയിലൂടെയാണ് ഇത് സാധ്യമാക്കിയത്. മണിപ്പൂരിലെ ആദിവാസി ഭൂമിയിലേക്ക് ഇതര വിഭാഗങ്ങള്‍ക്കുള്ള കടന്നുകയറ്റം കൂടുതല്‍ വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട് 1961ലെ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ 2015ല്‍ സംസ്ഥാന ഭരണകൂടം അവതരിപ്പിച്ചു. അതുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒരു വര്‍ഷം നീണ്ടുനിന്ന പ്രക്ഷോഭം ആദിവാസി സമൂഹങ്ങളുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നടന്നു.

താഴ് വരപ്രദേശങ്ങളിലെ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് ആദിവാസി മേഖലകളില്‍ ഭൂമി വാങ്ങിക്കാന്‍ അവകാശം നല്‍കുന്ന ബില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളോടൊപ്പം തന്നെ കുന്നിന്‍ പ്രദേശങ്ങളിലെ കുക്കി-സോമി ഗോത്ര വിഭാഗങ്ങള്‍ അധിവസിക്കുന്ന വലിയൊരുഭാഗം ഭൂപ്രദേശങ്ങള്‍ ജില്ലാ കൗണ്‍സിലുകളുമായോ ഗോത്ര വിഭാഗങ്ങളുമായോ കൂടിയാലോചിക്കാതെ, സംസ്ഥാന സര്‍ക്കാര്‍, റിസര്‍വ്ഡ് ഫോറസ്റ്റ്, സംരക്ഷിത വനം, വന്യജീവി സങ്കേതം, തണ്ണീര്‍ത്തടങ്ങള്‍ എന്നിങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പൂരില്‍ 38 ഗ്രാമങ്ങളില്‍ സ്ഥിരതാമസമാക്കിയവര്‍ ''അനധികൃത കുടിയേറ്റക്കാരും'' സംരക്ഷിത വനഭൂമിയിലെ ''കൈയേറ്റക്കാരും'' ആണെന്ന് 2022 ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവുകളില്ല. എന്നിട്ടും 2023 ഫെബ്രുവരിയില്‍, സര്‍ക്കാര്‍ ഏകപക്ഷീയമായി കുക്കി വിഭാഗങ്ങളെ 'സംരക്ഷിത വനഭൂമി' എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തുനിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ഇത് ആദിവാസി വിഭാഗങ്ങള്‍ക്ക് ഭരണപരമായി സ്വയംഭരണാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 371 സി യുടെ ലംഘനമാണെന്ന് പലരും ചൂണ്ടിക്കാണിച്ചു. വനഭൂമിയും വിഭവങ്ങളും ഉപജീവനത്തിനായി ഉപയോഗപ്പെടുത്താനുള്ള ആദിവാസി സമൂഹങ്ങളുടെ അവകാശം വ്യവസ്ഥ ചെയ്യുന്ന 2006-ലെ പട്ടികവര്‍ഗ, മറ്റ് പരമ്പരാഗത വനവാസികള്‍ (വനാവകാശങ്ങള്‍ അംഗീകരിക്കല്‍) നിയമത്തിന്റെ ലംഘനം കൂടിയായി ഈ നടപടികള്‍.

2023 ഫെബ്രുവരി പകുതിയോടെ മലയോര മേഖലയിലെ 38 വില്ലേജുകളില്‍ ഒരേസമയം കുടിയൊഴിപ്പിക്കല്‍ യജ്ഞം നടക്കുകയുണ്ടായി. ഇതിനെതിരെ അന്നും വന്‍ കോലാഹലങ്ങള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ കൈയേറ്റ ഭൂമിയാണെന്ന് പറയുമ്പോള്‍ ഗ്രാമവാസികള്‍ തങ്ങളുടേത് സെറ്റില്‍മെന്റ് ഭൂമിയാണെന്ന് അവകാശപ്പെടുന്നു. ഈ തര്‍ക്കത്തില്‍ കോടതികള്‍ക്ക് മാത്രമേ എന്തെങ്കിലും പ്രശ്‌നപരിഹാരം കണ്ടെത്താൻ സാധ്യമാകുകയുള്ളൂ. എന്നാല്‍ അത്തരത്തിലുള്ള നടപടികള്‍ക്ക് ശ്രമിക്കാതെ പുതിയൊരു നിയമനിർമാണം നടത്താനാണ് മണിപ്പൂര്‍ ഭരണകൂടം തുനിഞ്ഞത്.

താഴ്‌വര-മലയോര പ്രദേശങ്ങളിലെ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട്, കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ചൂഷണങ്ങള്‍ പലപ്പോഴും വിവിധ ഗോത്ര വിഭാഗങ്ങളും ഇതര സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക് നയിക്കപ്പെട്ടു. ഗോത്ര വിഭാഗങ്ങള്‍ക്കിയിലെ അരക്ഷിതാവസ്ഥ പ്രത്യേക ഭരണം മുതല്‍ കുകി സംസ്ഥാനം വരെയുള്ള ആവശ്യങ്ങളിലേക്ക് പരിവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും സഹദേവൻ പറയുന്നു. 

Tags:    
News Summary - K. Sahadevan says that the new eviction policy made for the hilly districts is behind Manipur's problems.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.