തിരുവനന്തപുരം: റേഷൻകടകളിൽ കൂടുതൽ സേവനങ്ങളും ഉൽപന്നങ്ങളും ലഭ്യമാക്കുന്ന ‘കെ സ്റ്റോർ’ പദ്ധതിക്ക് സംസ്ഥാനത്ത് േമയ് 14ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റേഷൻകടകളിലെ ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും അന്നേ ദിവസം മുഖ്യമന്ത്രി നിർവഹിക്കും.
ആദ്യഘട്ടത്തിൽ 108 റേഷൻകടകളെ കെ സ്റ്റോറുകളായി മാറ്റും. കെ സ്റ്റോർ പദ്ധതി നടപ്പാക്കാൻ തയാറായി നിലവിൽ 850 ഓളം റേഷൻ വ്യാപാരികൾ മുന്നോട്ടുവന്നിട്ടുണ്ട്. ബാങ്കിങ് ഓൺലൈൻ സേവനങ്ങൾ ലഭ്യമാകാൻ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷൻകടകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നതെന്നും മന്ത്രി ജി.ആർ. അനിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷൻ, ശബരി, മിൽമ ഉൽപന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും.
ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ത്രാസിലെ തൂക്കത്തിന്റെ അളവ് ബില്ലിൽ കൃത്യമായി രേഖപ്പെടുത്താനും അതിലൂടെ തൂക്കത്തിലെ കൃത്യത ഉറപ്പുവരുത്താനും കഴിയും. തെരഞ്ഞെടുക്കപ്പെട്ട റേഷൻ ഡിപ്പോകൾ വഴി മുൻഗണന ഗുണഭോക്താക്കൾക്ക് റാഗി വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ച് വരുകയാണ്.
ആദ്യഘട്ടത്തിൽ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ആദിവാസി മലയോരമേഖലയിലെ ഏകദേശം 948 റേഷൻകടകളിലെ കാർഡുടമകൾക്കും മറ്റിടങ്ങളിൽ ഒരു പഞ്ചായത്തിലെ ഒരു റേഷൻകടയിലൂടെയും എഫ്.സി.ഐ വഴി ലഭ്യമാകുന്ന റാഗി പൊടിയാക്കി ഒരു കിലോഗ്രാം പായ്ക്കറ്റാക്കി വിതരണം ചെയ്യുമെന്നും മന്ത്രി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.