വടകര: സർക്കാർസേവനങ്ങളെല്ലാം ഒരുകുടക്കീഴിൽ നടപ്പിലാക്കുന്ന 'കെ-സ്റ്റോർ' മണിയൂരിൽ ഒരുങ്ങുന്നു. ജില്ലയിൽ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന അഞ്ച് കെ- സ്റ്റോറുകളിൽ ഒന്ന് മണിയൂർ പഞ്ചായത്തിലെ 113ാം നമ്പർ റേഷൻകടയാണ്.
വടകര താലൂക്ക് സപ്ലൈ ഓഫിസിന്റെ പരിധിയിൽ മണിയൂരിൽ പഴയ പഞ്ചായത്ത് ഓഫിസിന് തൊട്ടുമുൻവശത്താണ് റേഷൻകട. പാലയാട് സ്വദേശി എളമക്കണ്ടി ശശീന്ദ്രനാണ് ലൈസൻസി. റേഷൻ ഭക്ഷ്യവസ്തുക്കൾക്ക് പുറമെ മാവേലി സ്റ്റോറുകളിൽനിന്ന് ലഭിക്കുന്ന സബ്സിഡി ഇനങ്ങളും അക്ഷയസേവനങ്ങളും എ.ടി.എം സൗകര്യവും ഒരുക്കിയാണ് റേഷൻകടകളെ കെ- സ്റ്റോറുകളാക്കുന്നത്.
ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുന്ന കെ- സ്റ്റോറിനായി മണിയൂരിലെ റേഷൻകടയെ തിരഞ്ഞെടുത്തതായി ജില്ല സപ്ലൈ ഓഫിസറുടെ ഉത്തരവ് ഉടമ ശശീന്ദ്രന് ലഭിച്ചു. 350 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെ സംഭവിക്കുന്ന ഘട്ടങ്ങളിൽ അവശ്യവസ്തുക്കൾ ശേഖരിച്ചുവെക്കുന്നതിനും സ്ഥലം ഒരുക്കണം. വെള്ളപ്പൊക്കംപോലുള്ള ഇത്തരം ഘട്ടങ്ങളിൽ രണ്ട് മാസത്തേക്കെങ്കിലും വിതരണത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളും കരുതലായി കെ-സ്റ്റോറുകളിൽ സൂക്ഷിച്ചുവെക്കും.
വാണിജ്യ ബാങ്കുകളുടെ സഹായത്തോടെയായിരിക്കും എ.ടി.എം സൗകര്യമൊരുക്കുക. 5000 രൂപ വരെ ഇവിടെ നിന്നും ലഭിക്കും. റേഷൻ കാർഡിനെ ഇതിനായി ബാങ്കിങ് സേവനങ്ങളുമായും ബന്ധിപ്പിക്കും. അക്ഷയ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരെ നിയമിക്കും. നിശ്ചിത ഫീസ് ഈടാക്കിയായിരിക്കും അക്ഷയസേവനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.