സ്ഥാനാർഥിത്വം ആ​​രും സ്വയം പ്രഖ്യാപിക്കേണ്ട -​കെ.പി.സി.സി

തിരുവനന്തപുരം: ലോക്സഭ, അസംബ്ലി തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥിത്വം സംബന്ധിച്ച്​ ആ​​രും സ്വയം പ്രഖ്യാപനം നടത്തേണ്ടെന്ന്​ കെ.പി.സി.സി നിർവാഹകസമിതി. അത്തരം കാര്യങ്ങൾ പാർട്ടി തീരുമാനിക്കുമെന്നും സ്വന്തം നിലയിൽ പ്രഖ്യാപനം നടത്തുന്നത്​ എത്ര ഉന്നതനായാലും വെച്ചുപൊറുപ്പിക്കേണ്ടെന്നും യോഗത്തിൽ ധാരണയായി. ലോക്സഭ മത്സരത്തിനില്ലെന്നും എം.എൽ.എയാകാനാണ് താൽപര്യമെന്നും ചില കോൺഗ്രസ്​ ലോക്സഭാംഗങ്ങൾ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ തീരുമാനം. കഴിഞ്ഞദിവസം ചേർന്ന ഭാരവാഹികളുടെ യോഗത്തിനു​ പിന്നാലെ, വ്യാഴാഴ്ച നടന്ന നിർവാഹകസമിതി യോഗത്തിലും എം.പിമാരുടെ നിലപാടിനെ കെ.പി.സി.സി ​പ്രസിഡന്‍റ്​ കെ. സുധാകരൻ ഉൾപ്പെടെ കടുത്ത ഭാഷയിലാണ്​ വിമർശിച്ചത്.

‘നീ പാർലമെന്‍റിലേക്ക്​, ഞാൻ അസംബ്ലിയിലേക്ക്​ എന്നൊക്കെ പറയാൻ നിങ്ങളൊക്കെ ആരാണ്’​ എന്നായിരുന്നു യോഗത്തിൽ കെ. സുധാകരന്‍റെ ചോദ്യം. അക്കാര്യങ്ങളൊ​ക്കെ പാർട്ടി തീരുമാനിക്കും, സ്വയം തീരുമാനിക്കേണ്ട. ഇതൊന്നും പാർട്ടിക്ക്​ അംഗീകരിക്കാനാകില്ല. ദീർഘകാലം ലോക്സഭാംഗങ്ങളായിരുന്നവർ മാറണമെന്നു​പറഞ്ഞാൽ അംഗീകരിക്കാം. പ​ക്ഷേ, അങ്ങനെ മാറുന്നവർ പകരക്കാരനെയൊന്നും തീരുമാനിക്കേണ്ട. അതൊക്കെ തീരുമാനിക്കാൻ പാർട്ടിയുണ്ട്​ -സുധാകരൻ രൂക്ഷമായി പ്രതികരിച്ചു. മുഖ്യമന്ത്രി മോഹികളെ തട്ടി നടക്കാൻ പറ്റുന്നില്ലെന്ന്​ ഷാഫി പറമ്പിൽ പരിഹസിച്ചു. വർഷങ്ങളായി പാർലമെന്‍റിലുള്ളവർ മാറുന്നെങ്കിൽ ആകാമെങ്കിലും പരസ്യമായി അതുസംബന്ധിച്ച്​ പ്രതികരിക്കേണ്ട കാര്യമില്ലെന്നും​ കെ.സി. ജോസഫ്​ ചൂണ്ടിക്കാട്ടി. പരസ്യനിലപാടുകളോട്​ എ.കെ. ആന്റണിയും യോജിച്ചില്ല.

ഡി.സി.സി തലം വരെയുള്ള പാർട്ടി പുനഃസംഘടന സമയബന്ധിതമായി പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു. പാർലമെന്‍റ്​ തെരഞ്ഞെടുപ്പ്​ പ്രചാരണപ്രവർത്തനങ്ങളും പാർട്ടി പരിപാടികളുടെ നടപ്പാക്കലും വിജയിപ്പിക്കാൻ പുനഃസംഘടന അനിവാര്യവും സമയബന്ധിതവുമാകണമെന്ന്​ നേതാക്കൾ ചൂണ്ടിക്കാട്ടി. അഞ്ചുവർഷം പ്രവർത്തിച്ചവരെ പദവികളിൽനിന്ന്​ മാറ്റിനിർത്തണമെന്ന കരട്​ മാനദണ്ഡത്തിലെ നിർദേശം അതേപടി നടപ്പാക്കേണ്ടെന്ന്​ യോഗം നിർദേശിച്ചു. അഞ്ചുവർഷം പ്രവർത്തിച്ചവരിൽ കഴിവുള്ളവരെ അതേ പദവിയിൽ നിലനിർത്തുകയോ അർഹമായ മറ്റ്​ പദവികളിലേക്ക്​ മാറ്റുകയോ വേണമെന്ന നിർദേശമാണുയർന്നത്​. 

Tags:    
News Summary - k sudakaran on KPCC Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.