പാലക്കാട്: സന്ദീപ് വാര്യരുടെ വരവ് കോൺഗ്രസിന് ദ്രോഹം ചെയ്യുമോ എന്ന് പാർട്ടി പരിശോധിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സന്ദീപ് വാര്യരുടെ വരവ് ഗുണമാകുമെന്നാണ് പാർട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. ഒരുപാർട്ടിയിൽ നിൽക്കുമ്പോൾ അതിനനുസരിച്ച് നിൽക്കണം. അതാണ് ബി.ജെ.പിയിൽ അദ്ദേഹം സ്വീകരിച്ച നിലപാട്. എന്നാൽ, ഇനി കോൺഗ്രസിന്റെ നിലപാടുകളായിരിക്കും അദ്ദേഹം പിന്തുടരുക. അതൊക്കെ അദ്ദേഹം സമ്മതിച്ചതാണ്. ബി.ജെ.പിക്ക് അസറ്റായിരുന്നു സന്ദീപ്. ചാനലിൽ ഒരു മുഖമായിരുന്നു. ആ കഴിവൊക്കെ ഇനി അദ്ദേഹം കോൺഗ്രസിന് വേണ്ടി ഉപയോഗിക്കും -സുധാകരൻ പറഞ്ഞു.
‘‘ബി.ജെ.പിക്ക് അകത്ത് നിന്നുകൊണ്ട് ചെയ്തതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ വരും. ഒരിക്കലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് ആവർത്തിച്ച് പറഞ്ഞ എന്നോട് ‘എപ്പോൾ ബി.ജെ.പിയിൽ പോകും’ എന്ന് വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് ‘എനിക്ക് തോന്നുമ്പോൾ ബി.ജെ.പിയിലേക്ക് പോകും’ എന്ന് അന്ന് ഞാൻ രോഷാകുലനായി പറഞ്ഞത്. ഒരിക്കലും പോകില്ല എന്ന് തന്നെയാണ് അതിനർഥം. ഞാൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണിത്. ബി.ജെ.പിയിൽ നിന്ന് ആളുകളെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താൻ’ -സുധാകരൻ പറഞ്ഞു.
ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ പാണക്കാട് കൊപ്പനക്കൽ തറവാട്ടിൽ സാദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്‍ലിം ലീഗ് നേതാക്കൾ സ്വീകരിച്ചു. എം.എൽ.എമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്.
സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ തന്നെ കൊല്ലാൻ വേണ്ടി അയക്കുമോ എന്നാണ് ഇപ്പോഴത്തെ ഭയമെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചിരുന്നു. ‘ആ ഇന്നോവ ഒരുപക്ഷേ ഡ്രൈവ് ചെയ്യുന്നത് എം.ബി. രാജേഷാണെങ്കിൽ, അതിൽ എനിക്കെതിരെയുള്ള ക്വട്ടേഷനുമായി വരുന്നത് കെ. സുരേന്ദ്രനായിരിക്കും. സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചാണ് കേരളത്തിലെ രാഷ്ട്രീയം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ തെരഞ്ഞെടുപ്പും അതുപോലെയാണ് നടക്കുന്നത്. സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ പരിപാടി എനിക്കെതിരെയും എടുക്കുന്നുണ്ടെന്നാണ് ഇന്നലത്തെ രണ്ടുകൂട്ടരുടെയും പ്രതികരണത്തിൽനിന്ന് തനിക്ക് മനസ്സിലാകുന്നത്’ -സന്ദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.