ഇ.പി ജയരാജൻ വധശ്രമക്കേസിൽ കെ. സുധാകരൻ കുറ്റവിമുക്തൻ; ഒരു കേസിൽ രണ്ട്​ എഫ്​.ഐ.ആർ നിലനിൽക്കില്ലെന്ന്​ കോടതി

കൊച്ചി: സി.പി.എം നേതാവ് ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ഹൈകോടതി കുറ്റമുക്തനാക്കി. മുൻമന്ത്രിയും നിലവിൽ എൽ.ഡി.എഫ് കൺവീനറുമായ ജയരാജനെ 1995 ഏപ്രിൽ 12ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ, വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ആന്ധ്രയിലുണ്ടായ സംഭവത്തിൽ റെയിൽവേ പൊലീസ്​ അന്വേഷിച്ച കേസിൽ തിരുവനന്തപുരത്ത് രണ്ടാമതൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ്​ എ.എ. സിയാദ്​ റഹ്​മാന്‍റെ ഉത്തരവ്​.

ഒന്നാം പ്രതി സുധാകരനൊപ്പം മൂന്നാം പ്രതി തലശ്ശേരി സ്വദേശി രാജീവനെയും കുറ്റമുക്തനാക്കിയിട്ടുണ്ട്. ഇ.പി ജയരാജൻ ചണ്ഡിഗഢിൽ നിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങുമ്പോൾ ആന്ധ്രയിലെ ഓങ്കോളിൽ വെച്ചായിരുന്നു വെടിവെപ്പ്​. കെ. സുധാകരനുമായി തിരുവനന്തപുരത്ത് വെച്ച്​ ഗൂഢാലോചന നടത്തിയ ശേഷമാണ് പ്രതികൾ ജയരാജനെ വധിക്കാൻ പുറപ്പെട്ടതെന്ന്​​ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ നൽകിയ ഹരജി 2016ൽ​ സെഷൻസ്​ കോടതി തള്ളിയിരുന്നു​.

ജയരാജനെ വധിക്കാൻ ശ്രമിച്ച പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആയുധ നിയമപ്രകാരം ആന്ധ്രയിലെ സെഷൻസ്​ കോടതി ശിക്ഷിച്ചിരുന്നെങ്കിലും ഹൈകോടതി പിന്നീട് ഇവരെ കുറ്റമുക്തരാക്കി. സുധാകരനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനും പ്രോസിക്യൂഷനായില്ല. ഇതിനെ തുടർന്ന്​ ​തിരുവനന്തപുരത്താണ്​ ഗൂഢാലോചന നടന്നതെന്നാരോപിച്ച്​ ജയരാജൻ സ്വകാര്യ അന്യായം നൽകുകയും തമ്പാനൂർ പൊലീസ്​ കേസെടുക്കുകയുമായിരുന്നു.

എന്നാൽ, ആന്ധ്രയിലെ ചിരാല റെയിൽവേ പൊലീസ്​ ​രജിസ്റ്റർ ചെയ്ത വകുപ്പുകൾ പ്രകാരമുള്ള കേസാണ്​ തമ്പാനൂർ ​പൊലീസും​ രജിസ്റ്റർ ചെയ്തതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ആദ്യം രജിസ്റ്റർ ചെയ്ത എഫ്​.ഐ.ആറിൽ പരാമർശിക്കുന്ന വ്യക്തികളും സ്ഥലവും തന്നെയാണ്​ രണ്ടാം എഫ്​.ഐ.ആറിലുമുള്ളത്​. നിയമപരമായി ഒരു കേസിൽ രണ്ട്​ എഫ്​.ഐ​.ആർ സാധ്യമല്ലെന്ന്​ കോടതി വ്യക്തമാക്കി.

അതേസമയം, ഗൂഢാലോചനക്കേസിൽ സുധാകരനടക്കം കുറ്റപത്രം നൽകുകയോ വിചാരണ നേരിടു​കയോ ചെയ്തിട്ടില്ലെന്നും തൈക്കാട്​ ഗെസ്റ്റ്​ ഹൗസിലാണ്​ ഗൂഢാ​ലോചന നടന്നതെന്നും ജയരാജൻ വാദിച്ചു. തന്നെയും മറ്റ്​ രണ്ട്​ സി.പി.എം നേതാക്കളെയും വകവ​രുത്താനായിരുന്നു പദ്ധതി. അധികമായി ചില സാക്ഷിക​​ളുള്ളതായും കോടതിയിൽ പറഞ്ഞു. എന്നാൽ, അധിക സാക്ഷികൾ ചേർക്കപ്പെട്ടതുകൊണ്ട്​ മാത്രം രണ്ടാം എഫ്​.ഐ.ആറിന്​ സാധുത ലഭിക്കില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

അടിസ്ഥാന ആരോപണം ഒന്നുതന്നെയാണ്​. മികച്ച അന്വേഷണമെന്ന അവകാശം ഇരക്ക്​ ലഭിക്കേണ്ടതുണ്ട്​. അത്​ നിയമപരമായി നിലനിൽക്കാത്ത രീതിയിലൂടെ നടപ്പാക്കിയാൽ​ അംഗീകരിക്കാനാവില്ല. ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ സുധാകരനടക്കം പ്രതികൾക്ക്​ കുറ്റപത്രം ​കൊടുക്കാത്തത്​ അന്വേഷണത്തിലെ വീഴ്ചയാണ്​. ഇതിനായി തുടരന്വേഷണത്തിന്​ ആന്ധ്രയിലെ കോടതിയിൽ തന്നെ ആവശ്യപ്പെടുകയാണ്​ വേണ്ടത്​. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത്​ രജിസ്റ്റർ ചെയ്ത​ കേസിൽ സുധാകരനെയും രാജീവനെയും കുറ്റമുക്തരാക്കുന്നതായും ഈ ആവശ്യം തള്ളിയ സെഷൻസ്​ കോടതി വിധി റദ്ദാക്കുന്നതായും കോടതി വ്യക്തമാക്കി.

Tags:    
News Summary - K Sudhakaran acquitted in EP Jayarajan attempt to murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.