തെരുവുനായ ആക്രമണത്തിൽ 11കാരന്‍റെ മരണം സര്‍ക്കാറിന്റെ കെടുകാര്യസ്ഥത കൊണ്ട് -കെ. സുധാകരന്‍

കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11കാരൻ നിഹാല്‍ നൗഷാദ് കൊല്ലപ്പെടാനിടായായത് സംസ്ഥാന സര്‍ക്കാറിന്റെ കുറ്റകരമായ കെടുകാര്യസ്ഥതയും ഗുരുതരമായ അനാസ്ഥയും കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ഇത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു.

പ്രദേശികതലത്തില്‍ ഉയരുന്ന പ്രതിഷേധങ്ങളെ രമ്യമായി പരിഹരിച്ച് അതിനാവശ്യമായ മാര്‍ഗം സര്‍ക്കാര്‍ ഒരുക്കിയിരുന്നെങ്കില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ നിന്നും മനുഷ്യരെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതെ മനുഷ്യജീവനുകള്‍ പൊലിയുമ്പോള്‍ വിലപിച്ചിട്ട് പ്രയോജനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ആരോഗ്യം എന്നീ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യത്തിന് ഫണ്ടില്ലാത്തതിനാലും വന്ധ്യംകരണം പദ്ധതി നിലച്ചു. പേവിഷ പ്രതിരോധ വാക്‌സിനേഷന്‍ മൂന്നിലൊന്ന് തെരുവുനായ്കള്‍ക്ക് പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് വര്‍ഷമായി നായ്ക്കളെ സ്റ്റെറലൈസ് ചെയ്യുന്നില്ല.

തെരുവുനായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ ഒരുക്കുന്ന സംവിധാനം ഒരിടത്തും ഫലപ്രദമായി നടപ്പായില്ല. ഓരോ മാസവും 35,000ത്തോളം പേര്‍ സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടുന്നതായാണ് കണക്ക്. ഒന്നര വര്‍ഷത്തിനിടെ തെരുവുനായയുടെ കടിയേറ്റ് മരിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. തെരുവുനായയുടെ അക്രമണത്തില്‍ നിന്നും ജനത്തെ രക്ഷിക്കാന്‍ ശാശ്വത പരിഹാരം വേണമെന്നും അതിനായി സര്‍വകക്ഷിയോഗം വിളിച്ച് പരിഹാരമാര്‍ഗം ചര്‍ച്ച ചെയ്യണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - K Sudhakaran against govt in stray dog attack death of 11 year old boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.