കണ്ണൂർ: മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ സജി ചെറിയാനെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. രാജി വെച്ചില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് കടക്കും. ഭരണഘടനാവിരുദ്ധമായ പ്രവർത്തനം നടത്തുന്നയാളാണ് സജി ചെറിയാൻ. ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാകാൻ അർഹതയില്ലാത്തയാളാണ് അദ്ദേഹമെന്നും സുധാകരൻ പറഞ്ഞു.
“സജി ചെറിയാൻ എന്ന രാഷ്ട്രീയക്കാരൻ ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാകാൻ അർഹതയില്ലാത്ത ആളാണ്. അഹങ്കാരി, ധിക്കാരി, ഭരണഘടനാവിരുദ്ധമായ പ്രവർത്തനം നടത്തുന്നയാൾ, അതിലൊരു ക്ഷമാപണം പോലും നടത്താത്തയാളാണ് അദ്ദേഹം. അദ്ദേഹത്തിൽനിന്ന് ഇതിനുമപ്പുറം പ്രതീക്ഷിക്കുന്നുണ്ട്. ഇവിടെ നിയമവും ഭരണഘടനയുമാണ് പ്രധാനം. അല്ലാതെ എന്‍റെ സങ്കൽപമല്ല എന്‍റെ ലോകം. അത് അദ്ദേഹത്തിന് മനസിലാക്കിക്കൊടുക്കണം. മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ പുറത്താക്കണം. ഇല്ലെങ്കിൽ ഞങ്ങൾ പ്രക്ഷോഭവുമായി മുന്നോട്ടുപോകും” -കെ. സുധാകരൻ പറഞ്ഞു.
അതേസമയം സജി ചെറിയാന്‍റെ കാര്യത്തിൽ സർക്കാറും മുഖ്യമന്ത്രിയും തീരുമാനം സ്വീകരിക്കട്ടേയെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. നേരത്തെ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസിന്‍റെ അന്തിമ റിപ്പോർട്ട് റദ്ദാക്കിയ കോടതി, അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിടണമെന്നും നിർദേശിച്ചു.
പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ ഉപയോഗിച്ച കുന്തം, കുടച്ചക്രം എന്നീ വാക്കുകൾ അനാദരവ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ നിഗമനം തെറ്റാണ്. മാധ്യമപ്രവർത്തകരുടെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ജസ്റ്റിസ് ബച്ചു കുര്യന്‍റെ സിംഗ്ൾ ബെഞ്ച് റദ്ദാക്കി.
പ്രസംഗത്തിന്‍റെ ശബ്ദ സാംപിൾ അന്വേഷണ ഉദ്യോഗസ്ഥൻ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. ഫോറൻസിക് റിപ്പോർട്ട് വരുന്നതിന് മുമ്പാണ് പൊലീസ് അന്തിമ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. പൊലീസിന്‍റെ ഈ നടപടി തെറ്റാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിൽ പ്രസംഗിച്ചതാണ് വിവാദമായത്. പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം ഏരിയ കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പ്രതിവാര രാഷ്ടീയ വിദ്യാഭ്യാസ പരിപാടി 100-ാം വാരം പൂർത്തിയാക്കിയതിന്‍റെ ഭാഗമായ അനുമോദനയോഗം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പ്രസംഗം. സജി ചെറിയാന് ക്ലീൻചിറ്റ് നൽകിയ പൊലീസ് റിപ്പോർട്ട് പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹൈകോടതിയിൽ ഹരജി നൽകിയത്.
പ്രസംഗം വിവാദമായതിന് പിന്നാലെ മന്ത്രിസ്ഥാനത്ത് നിന്ന് സജി ചെറിയാൻ രാജിവെച്ചിരുന്നു. തുടർന്ന് ഭരണഘടനാ അവഗഹേളനം നടത്തിയില്ലെന്ന പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.