കെ.കെ. ശൈലജ കേരളത്തെ ഇന്ത്യയുടെ 'കോവിഡ് ഹബ്ബ്' ആക്കി നാണംകെടുത്തിയെന്ന് സുധാകരൻ

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ കേരളത്തെ ഇന്ത്യയുടെ 'കോവിഡ് ഹബ്ബ്' ആക്കി നാണംകെടുത്തിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് സുധാകരൻ കെ.കെ. ശൈലജയെ വിമർശിച്ചത്.

കേരളത്തെ ഇന്ത്യയുടെ 'കോവിഡ് ഹബ്ബ്' ആക്കി നാണംകെടുത്തിയ കെ.കെ. ശൈലജ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച മട്ടന്നൂരിൽ ഇത്തവണ യു.ഡി.എഫിന്‍റെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സി.പി.എം പ്രവർത്തകർക്ക് കൂടി പങ്കുണ്ട് -സുധാകരൻ പറഞ്ഞു.

കേരളത്തിന്‍റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സി.പി.എം അവകാശപ്പെടുന്ന മട്ടന്നൂരിൽ കണ്ടത്. ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിന്‍റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നു.

ഭരണം നിലനിർത്താൻ സി.പി.എമ്മിന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരിൽ നിന്നും യു.ഡി.എഫ് പിടിച്ചെടുത്ത ഏഴ് സീറ്റുകളെന്നും സുധാകരൻ പറഞ്ഞു. 

മട്ടന്നൂർ നഗരസഭ എൽ.ഡി.എഫ് നിലനിർത്തി, സീറ്റുകൾ പിടിച്ചെടുത്ത് യു.ഡി.എഫ് 

മട്ടന്നൂർ: ആഗസ്റ്റ് 20ന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മട്ടന്നൂർ നഗരസഭ ഭരണം എൽ.ഡി.എഫ് നിലനിർത്തി. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അപ്രതീക്ഷിത മുന്നേറ്റം. എൽ.ഡി.എഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറ‌ഞ്ഞു. എൽ.ഡി.എഫ് 21 സീറ്റിലും യു.ഡി.എഫ് 14 സീറ്റിലും വിജയിച്ചു. എൻ.ഡി.എ ഒറ്റ സീറ്റ് പോലും നേടിയില്ല.

എൽ.ഡി.എഫിന്‍റെ ശക്തികേന്ദ്രങ്ങളിലെ നാല് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. പെരിഞ്ചേരി, പൊറോറ, ഏളന്നൂർ, ആണിക്കര വാർഡുകളാണ് യു.ഡി.എഫ്. പിടിച്ചെടുത്തത്. ആകെ കഴിഞ്ഞ തവണത്തേക്കാൾ ഏഴ് സീറ്റുകൾ യു.ഡി.എഫ് അധികം നേടി. 2017ൽ ഏഴ് സീറ്റുകളിലാണ് യു.ഡി.എഫ് വിജയിച്ചിരുന്നത്.

നിലവിൽ എൽ.ഡി.എഫിന്​ 28 സീറ്റുകൾ ഉണ്ടായിരുന്നു. 25 സീറ്റുകൾ സി.പി.എം ഒറ്റക്ക്​ നേടിയ നഗരസഭയിലാണ് ഇക്കുറി 21ൽ ഒതുങ്ങിയത്. കഴിഞ്ഞ തവണ സി.പി.എമ്മിന് 25ഉം സി.പി.ഐക്കും ഐ.എൻ.എല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യു.ഡി.എഫിൽ കോൺഗ്രസിന് നാലും ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യു.ഡി.എഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്.

Tags:    
News Summary - K Sudhakaran facebook post criticize on KK Shailaja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.