പാതിരാ റെയ്ഡ് പരാജയഭീതിയിൽ നിന്നെന്ന് കെ. സുധാകരൻ; ‘പൊലീസുകാരെ പാഠം പഠിപ്പിക്കും’

പാലക്കാട്: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളിൽ അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ രൂക്ഷ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍. പാതിരാ റെയ്ഡ് നാടകം ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നും പരാജയഭീതിയാണ് അതിന് പിന്നിലെന്നും കെ. സുധാകരന്‍ പറഞ്ഞു.

കേരളത്തിന്‍റെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്രയും മ്ലേച്ഛമായ സംഭവം നടന്നിട്ടില്ല. വനിതാ നേതാക്കളുടെ മുറികളിലേക്ക് വനിതാ പൊലീസില്ലാതെ പതിരാ പരിശോധനക്കെത്തിയത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്? അറിയപ്പെടുന്ന വനിതാ നേതാക്കളാണ് ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും. അവരെ അപമാനിക്കുകയാണ് പൊലീസ് ചെയ്തത്. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് പൊലീസ് പെരുമാറിയത്.

പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ആദ്യം പറഞ്ഞ പൊലീസ് പിന്നീടത് സ്വാഭാവിക പരിശോധനയെന്ന് മാറ്റിപ്പറഞ്ഞു. പരിശോധനയില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. ഐ.ഡി കാര്‍ഡും വനിതാ പൊലീസിന്‍റെ സാന്നിധ്യവുമില്ലാതെയാണ് പൊലീസ് പരിശോധനക്ക് വന്നത്. പൊലീസിനെ ഇങ്ങനെ കയറൂരിവിട്ടത് രാഷ്ട്രീയ നേതൃത്വമാണ്. കൃത്യമായ ഗൂഢാലോചന ഇതിന്‍റെ പിന്നിലുണ്ട്.

പൊലീസ് റെയ്ഡിനെത്തിയപ്പോള്‍ തന്നെ സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും നേതാക്കള്‍ സംയുക്തമായി അവിടെയെത്തിയത് ആകസ്മികമല്ല. സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും നേതാക്കളുടെ മുറികള്‍ പൊലീസ് പരിശോധിച്ചിട്ടില്ല. കള്ളപ്പണം സൂക്ഷിക്കുന്നതും അതിന് കാവല്‍ നില്‍ക്കുന്നതും സി.പി.എമ്മും ബി.ജെ.പിക്കാരുമാണ്. കൊടകര കള്ളപ്പണക്കേസില്‍ ഇരുപാര്‍ട്ടികളും ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. തെരഞ്ഞെടുപ്പില്‍ ഈ വിഷയം സജീവ ചര്‍ച്ചയായപ്പോള്‍ അതിന് മൂടപടമിടാനുള്ള നാടകം കൂടിയാണ് റെയ്ഡ്.

സംഘ്പരിവാറിന് വേണ്ടി പണിയെടുക്കുകയാണ് പിണറായി ഭരണകൂടം. ഈ സര്‍ക്കാരിനെതിരായ പോരാട്ടം കോണ്‍ഗ്രസ് കൂടുതല്‍ ശക്തിപ്പെടുത്തും. കോണ്‍ഗ്രസ് ശക്തമായ സമരമുഖത്തേക്ക് കടക്കുകയാണ്. റെയ്ഡിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. പാതിരാ റെയ്ഡ് നാടകത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഇതൊന്നും കൊണ്ട് യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും യു.ഡി.എഫ് ഉജ്വലവിജയം നേടി സി.പി.എമ്മിനും ബി.ജെ.പിക്കും ചുട്ടമറുപടി നല്‍കുമെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - K Sudhakaran react to Palakkad Police Raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.