കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനില്ലന്ന് കെ.പി.സി.സി പ്രസിഡന്‍റും നിലവിലെ എം.പിയുമായ കെ. സുധാകരൻ. പകരക്കാരനായി കെ.പി.സി.സി ജനറൽ സെക്രട്ടറിയും സുധാകരന്‍റെ വിശ്വസ്തനുമായ കെ. ജയന്തിന്‍റെ പേരാണ് നിർദേശിച്ചത്.
എന്നാൽ, കെ. ജയന്ത് മത്സരിക്കുന്നതിൽ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും എതിർപ്പറിയിച്ചതായാണ് വിവരം. ജയന്തിന് വിജയസാധ്യതയില്ലെന്ന് ഇരുവരും സുധാകരനെ അറിയിച്ചു. കെ. ജയന്തിന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈകമാൻഡിന് വിടാനാണ് സാധ്യത.
ഇത്തവണ മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ, കണ്ണൂരിലെ വിജയസാധ്യത മുൻനിർത്തി കെ. സുധാകരനോട് വീണ്ടും മത്സരിക്കാൻ എ.ഐ.സി.സി നിർദേശിക്കുകയായിരുന്നു. കണ്ണൂരിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ നിശ്ചയിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. എം.വി. ജയരാജനോട് ഏറ്റുമുട്ടാനും മണ്ഡലം നിലനിർത്താനും ഏറ്റവും യോഗ്യൻ കെ. സുധാകരൻതന്നെയെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
കെ.പി.സി.സി പ്രസിഡന്‍റും എം.പി പദവിയും ഒന്നിച്ചുകൊണ്ടുപോവാൻ കഴിയില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കെ. സുധാകരൻ ആദ്യം മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നത്. 2019ൽ പി.കെ. ശ്രീമതിയായിരുന്നു കണ്ണൂരിൽ സുധാകരന്‍റെ എതിരാളി. 94,559 വോട്ടിനാണ് സുധാകരൻ വിജയിച്ചത്. ശ്രീമതി 4,35,182 വോട്ട് നോടിയപ്പോള്‍ സുധാകരൻ 5,29,741 വോട്ട് നേടി. ബി.ജെ.പിയുടെ സി.കെ. പത്മനാഭന്‍ 68,509 വോട്ട് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.