കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍റെ ആത്മകഥാ വിവാദം കാലത്തിന്‍റെ കണക്ക് ചോദിക്കലാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരൻ. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് ഇ.പി പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡി.സി ബുക്സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ്. അവരെ അവിശ്വസിക്കാൻ ആർക്കും കഴിയില്ല. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്‍റെ പക ഇ.പിക്ക് അടങ്ങിയിട്ടില്ല. ഇപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും. ഇ.പിയുടെ ചാട്ടം ബി.ജെ.പിയിലേക്ക് ആവാനാണ് സാധ്യതയെന്നും സുധാകരൻ പറഞ്ഞു.
“മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് തെരഞ്ഞെടുപ്പ് ദിവസം ഇ.പി. ജയരാജന്‍റെ പുസ്തകം പുറത്തുവന്നത് കാലത്തിന്‍റെ കണക്കു ചോദിക്കലാണെന്ന് സി.പി.എം മനസ്സിലാക്കണം. ഉമ്മൻ ചാണ്ടിയെ അനവസരത്തിൽ അപമാനിക്കാൻ ശ്രമിച്ചതിന്‍റെ തിരിച്ചടിയാണിത്. സി.പി.എമ്മിനകത്ത് പലരും ഉള്ളുതുറന്ന് പറയാൻ തുടങ്ങിയിരിക്കുന്നു. ഇടതുപക്ഷത്തിന്‍റെ ദൗർബല്യം കൂടിവരുന്നു. കൊടുത്തത് കിട്ടും എന്നാണിത് തെളിയിക്കുന്നത്. നേരത്തെ തന്നെ ജയരാജൻ ഇത്തരം പ്രതികരങ്ങൾ നടത്തിയത്.
ഡി.സി ബുക്സ് തന്‍റെ അറിവോടെയല്ല പുസ്തകം പുറത്തിറക്കിയതെന്ന ഇ.പിയുടെ വിശദീകരണം ശുദ്ധ അസംബന്ധമാണ്. സി.പി.എമ്മിന്റെ വിശദീകരണവും യുക്തിസഹമല്ല. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിലെ അതൃപ്തി ഇ.പി തുറന്നു പറയുന്നുണ്ട്. പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി അവസരവാദിയാണെന്ന് ഒരു സി.പി.എം നേതാവെങ്കിലും പറഞ്ഞതിൽ സന്തോഷം. ഇടതു ഭരണത്തിൽ പാർട്ടി പ്രവർത്തകർക്കു പോലും സന്തോഷമില്ല. ചേലക്കര ഇടതുപക്ഷത്തുനിന്ന് വിട്ടുപോകും. പറയുന്നതും പ്രവർത്തിക്കുന്നതിലും തമ്മിൽ സത്യസന്ധതയില്ലാത്ത നേതാക്കളാണ് സി.പി.എമ്മിനെ നയിക്കുന്നത്” -കെ.സുധാകരൻ പറഞ്ഞു.
അതേസമയം, തൻ്റെ ആത്മകഥ എഴുതി തീർന്നിട്ടില്ലെന്നാണ് ഇ പി ജയരാജന്‍റെ പ്രതികരണം.പ്രസിദ്ധീകരിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ച മാതൃഭൂമിയോടും ഡി.സി ബുക്സിനോടും ആലോചിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. ഇന്ന് പുറത്തുവന്ന വാർത്തകൾ ബോധപൂർവം സൃഷ്ടിച്ചതാണ്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഇതുവരെ പുസ്തകം എഴുതിക്കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കാക്കി സ്ഥാനാർഥികളെ കുറിച്ചുള്ള പരാമർശം ബോധപൂർവം ഉണ്ടാക്കിയതാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.