കോട്ടയം: മതസൗഹാർദത്തിന് എതിരായ നിലപാട് കോൺഗ്രസ് സ്വീകരിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ ധാർമിക ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. ഇക്കാര്യങ്ങൾ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി സംസാരിച്ചിട്ടുണ്ട്. പ്രതീക്ഷ നൽകുന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയതെന്നും സുധാകരൻ വ്യക്തമാക്കി. ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസൗഹാർദത്തിന് വേണ്ടി മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. സമവായത്തിനായി എല്ലാ വിഭാഗങ്ങളെയും വിളിച്ചു കൂട്ടേണ്ടതും ചർച്ച നടത്തേണ്ടതും സർക്കാരാണ്. എന്നാൽ, തമ്മിലടിക്കുമ്പോൾ ചെന്നായ പോലെ മുതലെടുക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.
സർവകക്ഷിയോഗം സർക്കാർ വിളിക്കാത്ത സാഹചര്യത്തിലാണ് ചർച്ചകളുമായി സ്വയം മുന്നോട്ടു പോകാൻ തീരുമാനിച്ചത്. അക്കാര്യത്തിൽ പോസിറ്റീവ് നിലപാട് പോലും കാണിച്ചില്ല. ചെവി കേൾക്കുന്നവൻ ചെവി കേൽക്കാത്ത പോലെ നടിക്കുമ്പോൾ ഏറെ ചെവിയിൽ മന്ത്രിക്കാൻ സാധിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി.
മതസൗഹാർദത്തെ ഉലക്കുന്ന ഒരു നടപടിയും സഭയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ബിഷപ്പ് അറിയിച്ചിട്ടുണ്ട്. മതസൗഹാർദത്തിന് വേണ്ടിയുള്ള ഏത് പോരാട്ടത്തിന്‍റെ മുമ്പിലും എല്ലാ കാലവും നിന്നതു പോലെ ക്രൈസ്തവരും സഭയും നിൽക്കുമെന്നും ബിഷപ്പ് അറിയിച്ചതായി കെ. സുധാകരൻ വ്യക്തമാക്കി.
അക്കാര്യം വേഗത്തിലാക്കാനുള്ള എല്ലാ പിന്തുണയും കോൺഗ്രസ് ബിഷപ്പിനെ അറിയിച്ചിട്ടുണ്ടെന്നും പാലാ ബിഷപ്പിനെ കാണുമെന്നും സുധാകരൻ പറഞ്ഞു. സമവായ ചർച്ചയുടെ ഭാഗമായി മുസ് ലിം മതനേതാക്കളുമായും ചർച്ചകൾ നടത്തും. അതിനുള്ള സമയം വിവിധ നേതാക്കളോട് ചോദിച്ചിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
വ്രണപ്പെടാത്ത സാമുദായിക സൗഹാർദമാണ് നമ്മുക്ക് വേണ്ടത്. വർഗീയതയിലേക്ക് നാടിന് തള്ളിവിടാതിരിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വത്തിന്‍റെ വക്താക്കൾ കോൺഗ്രസ് ആണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.