തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി കണ്ണൂര്‍ എം.പി കെ. സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും ശേഷം പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും സുധാകരന്‍ ഹാരാര്‍പ്പണം നടത്തും. പത്തരയോടെ കെ സുധാകരന്‍ കെ.പി.സി.സി ആസ്ഥാനത്ത് എത്തും. തുടര്‍ന്ന് സേവാദള്‍ വോളന്‍റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. പതാക ഉയര്‍ത്തിയ ശേഷം 11 മണിയോടെ ചുമതലയേല്‍ക്കും. ഇതിനു ശേഷം കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും.
മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരും സുധാകരനൊപ്പം ചുമതലയേല്‍ക്കും. ഉച്ചക്ക് ശേഷം കെ.പി.സി.സി നേതൃയോഗവും ചേരും. വര്‍ക്കിങ് പ്രസിഡന്‍റുമാരായ ടി സിദ്ദീഖ്, പി.ടി തോമസ്,കൊടുക്കുന്നില്‍ സുരേഷ് എന്നിവരും സ്ഥാനം ഏല്‍ക്കും. ഉച്ചക്ക് ശേഷം ചേരുന്ന നേതൃയോഗത്തില്‍ കെ.പി.സി.സി, ഡി.സി.സി പുനസംഘടനയുടെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്ന തനിക്ക് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് കെ. സുധാകരന്‍ ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു.
പുനസംഘടനക്കായി അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന കെ. സുധാകരന്‍റെ പ്രസ്താവനയില്‍ എ, ഐ ഗ്രൂപ്പുകള്‍ അതൃപ്തരാണ്. ഏകപക്ഷീയമായി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതായി കാണിച്ച് ഹൈക്കമാന്‍റിന് പരാതി നല്‍കാനാണ് നീക്കം. സുധാകരന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര് നേതാക്കളുമായി ആശയവിനിമയം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.