സി.പി.എം അധോലോകസംഘമായി മാറി -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ വലിയൊരു അധോലോക സംഘമായി സി.പി.എം മാറി കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ഇ.പി. ജയരാജനെതിരായ അഴിമതി ആരോപണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇ.പി. ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം സി.പി.എമ്മിന്റെ ആഭ്യന്തരകാര്യം മാത്രമല്ല. ജയരാജൻ മന്ത്രിയായിരുന്നപ്പോൾ നടത്തിയ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

ഇപ്പോൾ ഉയർന്നിരിക്കുന്നത് ഇ.പി. ജയരാജന്റെ മാത്രമല്ല, സി.പി.എമ്മിലെ വലിയ അഴിമതിക്കാരുടെ പട്ടികയിലേക്ക് വിരൽചൂണ്ടുന്ന ആരോപണമാണ്. അതുകൊണ്ടാണ് പ്രശ്നം പറഞ്ഞു തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നത്. പൊതുപ്രവർത്തന അഴിമതി നിരോധന നിയമത്തിന്റെ കീഴിൽ വരുന്നതാണ് ജയരാജനെതിരെ ഉയർന്ന ആരോപണം. ഇത്രയും ഗൗരവതരമായ ആരോപണം എന്തുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷിക്കാൻ തയ്യാറാവാതിരുന്നതെന്ന് മനസിലാവുന്നില്ല. ഇ.പി.ക്കെതിരെ അന്വേഷണം നടന്നാൽ പല കാര്യങ്ങളും പുറത്തറിയും എന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇ.പി. ജയരാജൻ നടത്തുന്ന അഴിമതികൾ മുഖ്യമന്ത്രിയുടെ കൂടി അറിവോടുകൂടിയാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം. സർക്കാർ ഏജൻസികൾ എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്നാണ് ജനങ്ങളുടെ സംശയം. സി.പി.എം നേതാക്കൾക്ക് സ്വർണക്കടത്ത്- കൊട്ടേഷൻ- ലഹരിമാഫിയ സംഘങ്ങളുമായാണ് ബന്ധമുള്ളത്. കണ്ണൂരിലും തിരുവനന്തപുരത്തും മാത്രമല്ല എല്ലാ സ്ഥലത്തും ഇതാണവസ്ഥയെന്നും സുരേന്ദ്രൻ പറഞ്ഞു.

അനധികൃത സമ്പത്തിനെ കുറിച്ച് ജയരാജന്റെ ഭാര്യയുടെ വിശദീകരണം അവിശ്വസനീയമാണ്. പ്രാദേശിക സഹകരണസംഘത്തിൽ ജോലി ചെയ്തയാൾക്ക് പിരിയുമ്പോൾ 69 ലക്ഷം രൂപ കിട്ടുമെന്നൊക്കെ പറയുന്നത് ആരും വിശ്വസിക്കില്ല. നേരത്തെ നോട്ട് നിരോധന സമയത്തും ഇ.പി.ക്കെതിരെ ആരോപണമുണ്ടായിരുന്നു. ജയരാജൻ എവിടുന്നാണ് ഇത്രയും സ്വത്ത് സമ്പാദിച്ചതെന്ന് ജനങ്ങളോട് സി.പി.എം പറയണം. വിഷയത്തിൽ എം.വി. ഗോവിന്ദനോ കേന്ദ്ര കമ്മിറ്റിയോ ഇടപെടാത്തത് സംശയാസ്പദമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന സെക്രട്ടറി കരമന ജയൻ എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - k surendran against CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.