കണ്ണൂർ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ കൂടുതൽ ശബ്ദരേഖകൾ പുറത്തുവിട്ട് ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. തിരുവനന്തപുരത്തെത്തിയ സി.കെ. ജാനുവിനെ കാണാനായി ഹോട്ടലിലേക്ക് വരുംമുമ്പ് സുരേന്ദ്രൻ ചെയ്ത കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. 'കാര്യങ്ങളൊന്നും കൃഷ്ണദാസിനോട് പറയില്ലല്ലോ' എന്ന് സുരേന്ദ്രൻ പ്രസീതയോട് ചോദിക്കുന്നുണ്ട്.
'എല്ലാം റെഡിയാക്കി ബാഗിൽ വെച്ചിട്ട് ഇന്നലെ മുതൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കുകയാണ്' എന്നും 'രാവിലെ ഒമ്പത് മണിയോടെ ഹോട്ടലിലെത്താമെന്നും' സുരേന്ദ്രൻ പറയുന്നുണ്ട്. ബി.ജെ.പിയിൽ എതിർചേരിയിലുള്ള നേതാവ് പി.കെ. കൃഷ്ണദാസ് ഈ ഇടപാടുകൾ അറിയരുതെന്നാണ് സുരേന്ദ്രൻ ലക്ഷ്യമിട്ടതെന്ന് വ്യക്തം.
എൻ.ഡി.എയിൽ ചേരാൻ സി.കെ. ജാനുവിന് കെ. സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് വെളിപ്പെടുത്തിയാണ് പ്രസീത അഴീക്കോട് ആദ്യം ഫോൺ സംഭാഷണങ്ങൾ പുറത്തുവിട്ടത്. സുരേന്ദ്രനുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും നടത്തിയ ഫോൺ സംഭാഷണം നേരത്തെ പുറത്തുവിട്ടിരുന്നു. പ്രസീതയാണ് ജാനുവിനൊപ്പം ഇടനിലക്കാരിയായി ഉണ്ടായിരുന്നത്.
ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് സുരേന്ദ്രൻ ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും നേരത്തെ പുറത്തുവിട്ട ശബ്ദ രേഖയിലുണ്ട്. ജാനുവിന്റെ റൂം നമ്പര്‍ ചോദിച്ചാണ് സുരേന്ദ്രന്‍റെ പി.എ വിളിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ റൂമിലാണ് പണം കൈമാറിയത്. പണം കൈമാറാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്ന് പ്രസീത തന്നെയെന്ന് ഫോൺ സംഭാഷണങ്ങളിൽ വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.