കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് പാക് അനുകൂല സമീപനമെന്ന് കെ. സുരേന്ദ്രൻ; 'മോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ല'

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള "മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി" എന്ന പുസ്തകം കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സിൽ നിന്നും നീക്കിയത് പാകിസ്താൻ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദേശവിരുദ്ധ ശക്തികളുടെ സമ്മർദത്തിന് വഴങ്ങിയ യൂനിവേഴ്സിറ്റി അധികൃതർ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് അപമാനിച്ചിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

നരേന്ദ്ര മോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂനിവേഴ്സിറ്റി അധികൃതർ മറന്നു പോകരുത്. ഭാരതത്തിലെ ജനങ്ങൾ വൻഭൂരിപക്ഷം നൽകി തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയിൽ വെക്കാൻ പാടില്ലെന്ന താലിബാനിസം ബി.ജെ.പി അംഗീകരിച്ചു തരില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വാചാലരാകുന്ന ഇടത് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടമാടുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

മോദിയെ കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ മോദി @20ക്കെതിരായ വിലക്കിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം നടത്തും. സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും പുസ്തക ഫെസ്റ്റ് സംഘടിപ്പിക്കും. യൂനിവേഴ്സിറ്റി അധികൃതർ വിലക്ക് പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കെ. സുരേന്ദ്രൻ പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.