കാസർകോട്: കേരളത്തെ ഇസ്ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ് ലവ് ജിഹാദെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര കാസർകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ലവ് ജിഹാദിനെതിരേ നിയമമില്ല. എന്നാൽ യു.പിയിൽ ഞങ്ങൾ ഇതിനായി ശക്തമായ നിയമം നിർമിച്ചു. ലവ് ജിഹാദ് ഉണ്ടെന്ന് കോടതിയാണ് പറഞ്ഞത്. എന്നിട്ടും ഇവിടത്തെ സർക്കാറുകൾ ഉറങ്ങുകയായിരുന്നു.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് സർക്കാറുകൾക്ക് യാതൊരു ചിന്തയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും രാജ്യത്തിനും അപകടകരമായ കാര്യങ്ങളിൽ ഇവിടത്തെ പരമ്പരാഗത സർക്കാറുകൾ മൗനം പാലിക്കുകയാണ്. അതിനാൽ ഇവിടെ ബി.ജെ.പിയുടെ ഭരണം വരണം. ബി.ജെ.പി നിങ്ങൾക്ക് സുരക്ഷയും സമാധനവും നൽകും. ശബരിമലയുടെ കാര്യത്തിൽ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിച്ചത്. കേരളത്തിൽ മാറിമാറിവരുന്ന സർക്കാറുകൾ ജനനന്മക്കായി ഒന്നും ചെയ്തിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ചിനാണ് വിജയയാത്രയുടെ സമാപന സമ്മേളനം. കണ്ണൂരില്‍ കേന്ദ്രമന്ത്രി വി.കെ. സിങ്, കോഴിക്കോട്ട് ദേവേന്ദ്ര ഫഡ്നാവിസ്, മലപ്പുറത്ത് ഷാനവാസ് ഹുസൈൻ, തൃശൂരില്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, എറണാകുളത്ത് ധനമന്ത്രി നിര്‍മല സീതാരാമൻ, കോട്ടയത്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ആലപ്പുഴയിൽ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ, പത്തനംതിട്ടയിൽ ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി മീനാക്ഷി ലേഖി, പാലക്കാട്ട് നടി ഖുശ്ബു സുന്ദര്‍ എന്നിവർ പങ്കെടുക്കും.
നേരത്തേ യോഗി ആദിത്യനാഥ് മലയാളത്തിൽ ട്വീറ്റും ചെയ്തിരുന്നു. 'കേരളത്തിന് എന്‍റെ നമസ്കാരം .ശങ്കരാചാര്യന്‍റെയും ശ്രീനാരായണ ഗുരുവിന്‍റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്.ഇന്ന് ആരംഭിക്കുന്ന ബി.ജെ.പിവിജയയാത്രയിൽ ഞാൻ നിങ്ങളോടൊപ്പം പങ്കുചേരുന്നു. ജയ് ശ്രീരാം' -യോഗി ട്വീറ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.