കോട്ടയം: കെ.എസ്.ആർ.ടി.സിയുടെ അനുബന്ധ സ്ഥാപനമെന്ന പേരിൽ നിലവിൽവന്ന കെ-സ്വിഫ്റ്റ് കമ്പനി ദേശസാത്കൃത റൂട്ടുകളിലെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ അന്തകനായേക്കും. ദേശസാത്കൃത റൂട്ടുകളിലെ സ്വകാര്യ പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിക്ക് ഏറ്റെടുക്കാമെന്ന നിയമത്തിന്റെ ബലത്തിലാണ് ഇതിന് നീക്കം നടക്കുന്നത്.
ആയിരത്തോളം പുതിയ ബസുകളാണ് കെ-സ്വിഫ്റ്റിന് വാങ്ങുന്നത്. ഇതിൽ 800 ബസെങ്കിലും സ്വകാര്യ പെർമിറ്റുകൾ ഏറ്റെടുത്ത് ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. ചെലവ് കുറച്ച് പ്രതിദിനം 500 കി.മീ. വരെ സർവിസ് നടത്താനാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം. ഏതൊക്കെ പെർമിറ്റുകൾ ഏറ്റെടുക്കണമെന്നത് സംബന്ധിച്ച് പ്രാഥമിക വിവരശേഖരണവും നടക്കുന്നുണ്ട്. കോട്ടയം-കുമളി, കോട്ടയം-എറണാകുളം, എറണാകുളം-ഗുരുവായൂർ, തൃശൂർ-കോഴിക്കോട്, തൃശൂർ-പാലക്കാട്, പാലക്കാട്-കോഴിക്കോട്, കോഴിക്കോട്-കണ്ണൂർ-കാസർകോട് റൂട്ടുകളിലാണ് കെ-സ്വിഫ്റ്റ് പ്രധാനമായും കണ്ണുവെച്ചിരിക്കുന്നത്.
2014ൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫാസ്റ്റ് മുതൽ ഡീലക്സ് വരെയുള്ള സ്വകാര്യ സൂപ്പർക്ലാസ് ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്തിരുന്നു. അന്ന് ഗതാഗതമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൈയെടുത്ത് പെർമിറ്റ് നഷ്ടപ്പെട്ട സ്വകാര്യബസുകൾക്ക് അതേ റൂട്ടുകളിൽതന്നെ ലിമിറ്റഡ് സ്റ്റോപ്പായി സർവിസ് നടത്താൻ അനുമതി നൽകി. സ്വകാര്യബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഈ പെർമിറ്റുകൾ നേടാനാകുമോയെന്നാണ് കെ-സ്വിഫ്റ്റ് പരിശോധിക്കുന്നത്.
പെർമിറ്റുകൾ കൈവശംവെച്ച് സമരം ചെയ്യാൻ സ്വകാര്യ ബസുടമകൾക്ക് അവകാശമില്ലെന്ന് ഹൈകോടതി വിധിയുണ്ട്. ഇതേ കാരണത്താലാണ് തിരുവനന്തപുരം നഗരത്തിലെ സ്വകാര്യബസുകൾ പണിമുടക്കിൽ പങ്കെടുക്കാത്തത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം നേരിടാനാണ് സ്വകാര്യബസുകൾക്ക് അവിടെ പെർമിറ്റ് അനുവദിച്ചത്. നഗരത്തിലെ യാത്രക്കാർ ആവശ്യപ്പെട്ടതോടെ 100 ബസിനാണ് അനുമതി നൽകിയത്.
കെ.എസ്.ആർ.ടി.സി ജീവനക്കാർ യാത്രക്കാരെ കഷ്ടപ്പെടുത്തിയാൽ ബദൽ മാർഗം എന്ന നിലയിലേക്ക് തലസ്ഥാന നഗരത്തിൽ സ്വകാര്യബസുകൾ മാറി. ഇവ പണിമുടക്കിയാൽ പെർമിറ്റുകൾ തിരിച്ചെടുത്ത് കെ.എസ്.ആർ.ടി.സിക്ക് നൽകാൻ സർക്കാറിന് കഴിയും. സംസ്ഥാനത്ത് മുഴുവൻ ഈ സാഹചര്യമാണെങ്കിലും ആകെയുള്ള 6418 ബസിൽ 3626 എണ്ണം മാത്രം ഓടിക്കാൻ കഷ്ടപ്പെടുന്ന കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യബസുകൾക്ക് പകരം നിൽക്കാനാവില്ല. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരത്തിലൊഴികെ ബസ് സമരവുമായി ഉടമകൾ മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.