പത്തനംതിട്ട: കേരളം നടുങ്ങിയ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട സഹജീവികൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും മറന്ന് രാപ്പകൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയവരെ അപമാനിച്ച് കോന്നി എം.എൽ.എ കെ.യു ജെനീഷ് കുമാർ. 'ജീവൻ തേടിപ്പോയവർ ഇന്നും അവിടുണ്ട്, ബിരിയാണിയിൽ കോഴിക്കാല് തേടിപ്പോയവർ മലയിറങ്ങി' എന്നാണ് എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തകർക്ക് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വളന്റിയർമാർ ഒരുക്കിയ ഭക്ഷണ വിതരണം പൊലീസ് ഇടപെട്ട് നിർത്തിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിവാദത്തിന്റെ തുടർച്ചയായാണ് എം.എൽ.എയുടെ പ്രതികരണം.
വൈറ്റ് ഗാർഡ് അംഗങ്ങളെ ഡി.ഐ.ജി തോംസൺ ജോസ് അധിക്ഷേപിച്ചതായും ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ പൊലീസിനും സർക്കാരിനുമെതിരെ വലിയ പ്രതിഷേധമുയർന്നു. നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ചുക്കുമില്ലെന്ന് ഡി.ഐ.ജി പറഞ്ഞതായാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.
അടുക്കള പൂട്ടിച്ചത് സർക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇതിനെതിരെ സി.പി.എം സൈബർ ടീം വലിയ പ്രചാരണവും പരിഹാസവും നടത്തിയിരുന്നു. ഡി.വൈ.എഫ്.ഐക്കാർ ദുരന്തഭൂമിയിൽ കാണാതായവരെ തിരയുമ്പോൾ വൈറ്റ് ഗാർഡ് ബിരിയാണിയിൽ കോഴിക്കാല് തിരയുകയാണ് എന്നായിരുന്നു സി.പി.എം അനുകൂല പേജുകളിൽ പ്രചരിച്ചത്. ഇതേ പ്രചാരണമാണ് ഇപ്പോൾ എം.എൽ.എയും ഏറ്റെടുത്തിരിക്കുന്നത്.
എന്നാൽ, രക്ഷാപ്രവർത്തകരെ ഒന്നടങ്കം അപമാനിച്ച എം.എൽ.എക്കെതിരെ സ്വന്തം പാർട്ടിയിൽനിന്നടക്കം കടുത്ത വിമർശനം ഉയരുന്നുണ്ട്്. എല്ലാവരും കൈമെയ് മറന്ന് മനുഷ്യരാണെന്ന ഒറ്റഭാവത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തെ പരിഹസിച്ചത് ഉചിതമായില്ലെന്ന് മിക്കവരും ചൂണ്ടിക്കാട്ടി. പഴയ ഡി.വൈ.എഫ്.ഐക്കാരന്റെ നിലവാരത്തിൽ എം.എൽ.എ പ്രതികരിക്കരുത് എന്നും ചിലർ ഓർമിപ്പിച്ചു.
നേരത്തെ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസും വയനാട്ടിലെ രക്ഷാപ്രവർത്തകരെ പരസ്യമായി അപമാനിച്ചിരുന്നു. ജെനീഷ് കുമാർ എം.എൽ.എ ഇദ്ദേഹത്തെ മാതൃകയാക്കി സന്നദ്ധസേവകരെ അപമാനിക്കുകയാണെന്ന് എം.എൽ.എയുടെ പോസ്റ്റിന് താഴെ ചിലർ കമന്റ് ചെയ്തു.
അവിടെയുള്ളവർ ധിറുതി പിടിച്ച് ടീ ഷർട്ടുകൾ തയ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും റിസ്കുള്ള മേഖലയിലൊന്നും പോയിട്ടില്ലെന്നുമായിരുന്നു ഒരു യു-ട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ മോഹൻദാസ് ആരോപിച്ചത്. ദുരന്തമുഖത്തല്ല, അതിനടുത്തുപോലും പോകാൻ ഇവർക്ക് പേടിയാണെന്നും പറഞ്ഞിരുന്നു. ‘ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടി.വിയിൽ കാണാമല്ലോ. ഇവരുടെ ആ ടീ ഷർട്ട് കണ്ടാലറിയാം, ധിറുതി പിടിച്ച് തയ്യൽക്കാരനെക്കൊണ്ട് വേഗം തയ്പിച്ച് പ്രിന്റും ചെയ്ത് അതിട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ്. റിസ്കുള്ള മേഖലയിലൊന്നും പോയിട്ടില്ല’ -ആർ.എസ്.എസ് സൈദ്ധാന്തികൻ പറഞ്ഞു.
സേവാഭാരതിയെ ദുരന്ത മേഖലയിൽ കാണാത്തതിനെ കുറിച്ചുള്ള ചോദ്യം വന്നപ്പോൾ ‘2018ലെ പ്രളയകാലത്താണ് സംഘടനയുടെ ബാനറും മറ്റും കാണിച്ചുകൊണ്ട് നടക്കരുതെന്ന് സർക്കാർ ഉത്തരവിറക്കിയത്. ഒരുപക്ഷെ, സേവാഭാരതി മാത്രം അതനുസരിച്ചുകാണും. ബാക്കിയുള്ളവർ ഇച്ചിരികൂടി വലുതാക്കി എഴുതിയിട്ട് നെഞ്ചത്ത് കുത്തിക്കൊണ്ട് നടക്കുന്നുണ്ട്. ഈ നടക്കുന്നത് മുഴുവൻ സേഫ് ഏരിയയിലാണ്. ആശുപത്രിയിലും അവിടെയും ഇവിടെയുമൊക്കെ. ദുരന്തമുഖത്തല്ല, അടുത്തുപോലും പോകാൻ ഇവർക്ക് പേടിയാണ്’ -എന്നായിരുന്നു മറുപടി. അതേസമയം, സേവാഭാരതി പ്രവർത്തകരും അവരുടെ പേര് അച്ചടിച്ച ടീഷർട്ടും ധരിച്ചാണ് മുണ്ടക്കൈയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.