representational image

‘വന്ദേഭാരത്: 90 രൂപ നൽകി ജനറൽ കോച്ചിൽ ഇടിച്ചു കയറുന്ന കാൻസർ രോഗികളടങ്ങുന്നതാണ് കേരളത്തിലെ തീവണ്ടി യാത്രക്കാർ’

തിരുവനന്തപുരം: വിവാദങ്ങളുടെ ചൂളം വിളിയോടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് കുതിച്ചെത്തി നിർത്തിയിട്ടിരിക്കുന്നത്. സെമി സ്പീഡ് പ്രിമീയം ട്രെയിൻ എന്ന നിലയിൽ വലിയ മാധ്യമശ്രദ്ധയാണ് ഈ മാസം 25ന് ഓട്ടം തുടങ്ങുന്ന ഈ തീവണ്ടിക്ക് ലഭിച്ചത്. എന്നാൽ, ജനശതാബ്ദിയും രാജധാനിയുമടക്കം നിലവിലുള്ള തീവണ്ടികളിൽ പോകുന്നതിനേക്കാൾ എടുത്തുപറയത്തക്ക സമയ ലാഭമൊന്നും ഈ ട്രെയിനിനില്ല. ടിക്കറ്റ് നിരക്കാണെങ്കിൽ ജനശതാബ്ദിയേക്കാൾ 1000 രൂപയോളം അധികം നൽകുകയും വേണം.

കോയമ്പത്തൂർ -ചെ​ന്നൈ വന്ദേ ഭാരത് ട്രെയിനിലെ അനുഭവം മുൻനിർത്തി മാധ്യമപ്രവർത്തകൻ കെ.എ ഷാജി എഴുതിയ കുറിപ്പ് ഇൗ വിഷയത്തിൽ ശ്രദ്ധേയമാണ്. കോയമ്പത്തൂർ -ചെന്നൈ റൂട്ടിൽ ഇൻറർസിറ്റി എക്സ്പ്രസ്സിന് 190 രൂപയാണ് നിരക്ക്. എന്നാൽ, വന്ദേ ഭാരതിന് ഈ റൂട്ടിൽ കുറഞ്ഞത് 1215 രൂപ നൽകണം. പരമാവധി രണ്ട് മണിക്കൂറാണ് വന്ദേഭാരതിൽ ലാഭിക്കാൻ കഴിയുക. ഇതിന് 1025 രൂപ അധികം നൽകണം!. ആർ.സി.സിയിൽ ഡോക്ടറെ കണ്ട്, 90 രൂപയുടെ ടിക്കറ്റെടുത്ത് അൺ റിസർവ്ഡ് കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ഇടിച്ചു കയറുന്ന ക്യാൻസർ രോഗികളടങ്ങുന്നതാണ് കേരളത്തിലെ തീവണ്ടി ഉപയോക്താക്കളെന്നും താഴ്ന്ന വരുമാനമുള്ളവർക്ക് പ്രാപ്യമായ യാത്രാസംവിധാനമല്ല വന്ദേഭാരതെന്നും ഷാജി ചൂണ്ടിക്കാട്ടുന്നു.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

കോയമ്പത്തൂരിൽ നിന്നും രാവിലെ 6.20ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് ചെന്നൈയിലെത്തുന്ന ഇൻ്റർസിറ്റി എക്സ്പ്രസ്സിൽ എ സി ചെയർക്കാറിൽ ടിക്കറ്റൊന്നിന് 685 രൂപ മാത്രമാണ്. എ സി വേണ്ടെങ്കിൽ റിസർവേഷൻ കോച്ചിൽ 190 രൂപയ്ക്ക് യാത്ര ചെയ്യാം. സാധാരണക്കാർക്ക് താങ്ങാവുന്ന പൊതു യാത്രാ സംവിധാനം.

ആ ട്രയിൻ പുറപ്പെടുന്നതിന് ഇരുപത് മിനിറ്റ് മുമ്പ് കാലത്ത് ആറ് മണിക്ക് കോയമ്പത്തൂർ വിടുന്ന വന്ദേ ഭാരത് ട്രയിൻ ചെന്നൈയിൽ 11.50 ന് എത്തും. ചെയർ കാറിൽ 1215 രൂപ. എക്സിക്യൂട്ടീവ് ചെയർ കാറിൽ 2310 രൂപ. ഇൻറർസിറ്റിയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭിക്കാനാകുന്നത് പരമാവധി രണ്ട് മണിക്കൂർ. പക്ഷെ അതിന്നായി ചെലവിടുന്ന തുകയിലെ അന്തരം വളരെ വലുത്.

പണ്ട് ചെന്നൈയിൽ താമസിക്കുമ്പോൾ പെട്ടെന്ന് വയനാട്ടിലെത്തണമെന്നുണ്ടെങ്കിൽ മൈസൂർക്കുള്ള ശതാബ്ദിയിൽ കയറും. ട്രയിൻ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പും ടിക്കറ്റ് കിട്ടും. വലിയ ചാർജായതിനാൽ ജനങ്ങൾ കയറാറില്ല. ബാംഗ്ളൂർ വരെ കഷ്ടി ആളുണ്ടാകും.

പിന്നെ മൈസൂർ വരെ ഏകാന്തതയോട് സല്ലപിക്കാം. ഒരു കോച്ച് ഒറ്റയ്ക്ക് വാടകയ്‌ക്കെടുത്തതായി സങ്കല്പിച്ച് യാത്ര ചെയ്യാം.

ബാംഗ്ളൂർ കോയമ്പത്തൂർ ഡബിൾ ഡക്കറിലും ചെന്നൈ കോയമ്പത്തൂർ ശതാബ്ദിയിലും ഇതൊക്കെയാണവസ്ഥ. ദിവസവും ആളില്ലാതെ ഓടുന്നു.

അഫോർഡബിൾ ആയവർക്ക് ആയിരം രൂപ അധികം മുടക്കിയാൽ വിമാനത്തിൽ പോകാം. ദരിദ്ര ജന സാമാന്യത്തിനുള്ള പൊതു ഉപയുക്തതാ ഗതാഗത സംവിധാനമല്ല വന്ദേ ഭാരത്.

ആർ സി സിയിൽ ഡോക്ടറെ കണ്ട് തൊണ്ണൂറ് രൂപയുടെ ടിക്കറ്റെടുത്ത് അൺ റിസർവ്ഡ് കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ഇടിച്ചു കയറുന്ന ക്യാൻസർ രോഗികളടങ്ങുന്നതാണ് കേരളത്തിലെ തീവണ്ടികളുടെ ഉപയോക്താക്കൾ.

രാജധാനി കാലിയായാണ് ഇവിടെ ഓടുന്നത്.

വന്ദേ ഭാരതിലെ നാല് കോച്ച് എങ്കിലും വരുമാനത്തിൽ താഴെയുള്ളവർക്ക് സംവരണം ചെയ്യുന്ന സാമൂഹികോത്തരവാദിത്വമൊന്നും ചോദിക്കരുത്. അത് ചെയ്താൽ സാധാരണ മനുഷ്യർ കയറും.

വന്ദേ ഭാരതിന് കേരളത്തിലെ ടിക്കറ്റ് നിരക്ക് ഇനിയും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. മോഡിജി വന്ന് ഉത്ഘാടനം ചെയ്യുന്ന മഹാത്ഭുതത്തെപ്പറ്റിയുള്ള അനേകായിരം തള്ളുകൾക്കിടയിൽ ഇത്രയെങ്കിലും പറയേണ്ടതുണ്ട് എന്ന് തോന്നി.


Full View

Tags:    
News Summary - KA Shaji about vande bharat express train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.