നാട്ടുകാർ നൽകിയത് സൂപർസ്റ്റാറിന്‍റെ പേര്; കാടുകയറാൻ മടിച്ച് 'കബാലി', നെല്ലിക്കുന്നു വളവിലെ സ്ഥിരസാന്നിധ്യം -VIDEO

തൃശൂർ: മലക്കപ്പാറ റൂട്ടിൽ യാത്ര ചെയ്യുമ്പോൾ ഏത് സമയത്തും ഒരു കൊമ്പൻ വാഹനത്തിന് മുന്നിലെത്തിയേക്കാമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. വനംവകുപ്പ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒറ്റയാൻ 'കബാലി' കുലുങ്ങുന്ന ലക്ഷണമില്ല. ഈ റൂട്ടിലെ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Full View

മലക്കപ്പാറ റൂട്ടില്‍ ഷോളയാര്‍, ആനക്കയം ഭാഗത്താണ് കബാലിയുടെ വിഹാരകേന്ദ്രം. ആരെയും കൂസാത്ത ഒറ്റയാന് സൂപര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ കഥാപാത്രമായ 'കബാലി' എന്ന പേര് നാട്ടുകാര്‍ നൽകിയതിൽ ഒട്ടും അതിശയോക്തിയില്ല. കബാലി റോഡിലിറങ്ങി നില്‍ക്കുന്നത് കണ്ടാല്‍ ആന പോകാന്‍ കാത്തുനില്‍ക്കുക മാത്രമാണ് പോംവഴി.

ഒരാഴ്ച മുമ്പാണ് ഷോളയാര്‍ പവര്‍ഹൗസില്‍ ഒറ്റയാന്‍ കബാലി പരാക്രമം കാട്ടിയത്. പെന്‍സ്റ്റോക്ക് പൈപ്പിന്‍റെ സമീപത്ത് കൂടെയായിരുന്നു ആനയുടെ വരവ്.


ഒട്ടുമിക്ക സമയവും വനപാതയോടു ചേർന്നുള്ള കാട്ടിൽ തന്നെയാണ് കബാലിയുടെ വാസം. അമ്പലപ്പാറ നെല്ലിക്കുന്നു വളവിലെ സ്ഥിരസാന്നിധ്യമായതിനാൽ ഇതുവഴി സ്ഥിരം പോകുന്ന യാത്രികരും കെ.എസ്.ആർ.ടി.സി ബസുകളും അതീവ ജാഗ്രതകാട്ടാറുണ്ട്.


രണ്ടാഴ്ച മുമ്പ് ഫോറസ്റ്റ് ജീപ്പ് കുത്തി മറിച്ചിടാൻ ശ്രമിച്ചിരുന്നു കബാലി. അന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജീപ്പ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണ സ്വഭാവമുള്ളതിനാൽ ആനയെ കണ്ടാൽ വാഹനം നിർത്തരുതെന്നും ഫോട്ടോ എടുക്കാൻ ശ്രമിക്കരുതെന്നും വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.


ഇന്നലെ രാവിലെയാണ് ചാലക്കുടി-വാൽപാറ റൂട്ടിൽ സർവിസ് നടത്തുന്ന ചീനിക്കാസ് എന്ന ബസിന് നേരെ കബാലി പാഞ്ഞടുത്തത്. ആനയിൽ നിന്ന് രക്ഷപ്പെടാൻ എട്ട് കിലോമീറ്ററാണ് ഡ്രൈവർ അംബുജാക്ഷൻ ബസ് പിന്നോട്ട് ഓടിച്ചത്. അമ്പലപ്പാറ മുതൽ ആനക്കയം വരെ ബസ് പിറകോട്ട് ഓടി. ഇത്രയും ദൂരെ ബസിന് പിന്നാലെ ആനയും വന്നു. പിന്നീട് കാട്ടിലേക്ക് മറഞ്ഞതോടെയാണ് യാത്രികർക്ക് ആശ്വാസമായത്. 


Tags:    
News Summary - Kabali wild elephant malakkappara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.