തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് ആചാരം തകർക്കാൻ നേതൃത്വം നൽകിയ കടകംപള്ളി സുരേന്ദ്രനെ തോൽപിക്കാൻ ലഭിച്ച അവസരം അയ്യപ്പ നിയോഗമെന്ന് കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം മണ്ഡലത്തിലെത്തിയ ശോഭ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കടകംപള്ളി മാരീചനായി വിശ്വാസികളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്. തന്നെ കൊല്ലാൻ വന്ന പൂതനയെ ശ്രീകൃഷ്ണൻ തിരിച്ചറിഞ്ഞതുപോലെ കഴക്കൂട്ടത്തെ വിശ്വാസി സമൂഹം കടകംപള്ളിയെ തിരിച്ചറിഞ്ഞിരിക്കുകയാണ്.
ശബരിമല ആചാരം തകർക്കാൻ ശ്രമിച്ചതിന് ബാലറ്റിലൂടെ ജനങ്ങൾ മറുപടി നൽകും. വിശ്വാസ സംബന്ധിയായ നിലപാടുകളിൽ സി.പി.എം മാറ്റം വരുത്തിയിട്ടില്ല എന്നുതന്നെയാണ് സീതാറാം യെച്ചൂരിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
യുവതീപ്രവേശനത്തിന് അനുകൂലമായി നൽകിയ സത്യവാങ്മൂലം സർക്കാർ പിൻവലിച്ച് വിശ്വാസികളോട് മാപ്പുപറയണം. കടകംപള്ളിയും പിണറായിയും വ്രതമെടുത്ത് പതിനെട്ടാംപടി കയറി അയ്യപ്പനോട് ചെയ്ത തെറ്റിന് സമസ്താപരാധം പൊറുക്കാൻ മാപ്പ് അപേക്ഷിച്ചാലേ വിശ്വാസി സമൂഹം മാപ്പ് നൽകൂ. യുവതീപ്രവേശനത്തിന് അനുകൂലമായി ബ്ലോഗ് എഴുതിയ വ്യക്തിയെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയ കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.