കൊച്ചി: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ സമൂഹമാധ്യമ കമ്പനികളിൽ പ്രതീക്ഷയർപ്പിച്ച് പൊലീസിന്റെ റിപ്പോർട്ട്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഫേസ്ബുക്ക്, വാട്സ്ആപ് കമ്പനികളിൽനിന്ന് റിപ്പോർട്ട് കിട്ടിയാലുടൻ അന്വേഷണം പൂർത്തിയാക്കാനാകുമെന്നും വ്യക്തമാക്കി കേസ് ഡയറിയും റിപ്പോർട്ടും പൊലീസ് ഹൈകോടതിയിൽ സമർപ്പിച്ചു. അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി കേസിൽ പ്രതിചേർക്കപ്പെട്ട എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നൽകിയ ഹരജിയിലാണ് വിശദീകരണം. സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ ഒട്ടേറെപ്പേരെ ചോദ്യംചെയ്യുകയും ഫോണുകൾ പരിശോധിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. കാസിം പരാതിക്കാരനായ കേസിലും പ്രതിയായ കേസിലും സമാന്തരമായി അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണം ഒരേ ഉറവിടത്തിലേക്കാകും എത്തുകയെന്നും സർക്കാർ വിശദീകരിച്ചു. ഹരജിക്കാരനെതിരെ പൊലീസിന് തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന്, നിലവിൽ തെളിവുകൾ ഇല്ലെങ്കിലും സാധ്യത തള്ളാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി.
എന്നാൽ, അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകനായ മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടി. ഹരജിക്കാരനെതിരെ പ്രഥമദൃഷ്ട്യ തെളിവില്ലെന്ന് സർക്കാർ റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് പറയാനാവുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആരാഞ്ഞു. തന്റെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ച് സ്ക്രീൻഷോട്ട് ഉണ്ടാക്കി മതസൗഹാർദം തകർക്കുന്ന പ്രചാരണം നടത്തിയിട്ടും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്തിട്ടില്ലെന്നും കേസിലെ ഇരയാണ് താനെന്നുമായിരുന്നു ഹരജിക്കാരന്റെ മറുപടി. ഇപ്പോഴും സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അറസ്റ്റടക്കം നടപടിയില്ലെന്നും വ്യക്തമാക്കി. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച വാട്സ്ആപ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട മനീഷ്, സജീവ്, അമൽറാം, റിബേഷ് എന്നിവരുടെ മൊഴിയെടുക്കുകയും ഫോണുകൾ പരിശോധിക്കുകയും ചെയ്തതായി സർക്കാർ വ്യക്തമാക്കി. പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിൽനിന്ന് വിദ്വേഷ പോസ്റ്റ് ഇനിയും നീക്കാത്തതിന്റെ പേരിലാണ് മെറ്റ കമ്പനിയെ പ്രതിചേർത്തതെന്നും വ്യക്തമാക്കി.
ആദ്യം പ്രചരിപ്പിച്ച റിബേഷിനെ കർശനമായി ചോദ്യംചെയ്താൽ വ്യക്തമാകുമായിരുന്ന ഉറവിടത്തിനായി മെറ്റ കമ്പനിയെ അന്വേഷണം ഏൽപിച്ച നടപടി അപഹാസ്യമാണെന്ന് കാസിമിന്റെ അഭിഭാഷകൻ മറുപടി നൽകി. പോസ്റ്റ് പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിന്മാരെ പ്രതിയാക്കുന്നതിനു പകരം സാക്ഷികളാക്കി. ഇത് ഇരട്ടനീതിയാണെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്ന് വ്യക്തമാണെന്നും ഹരജിക്കാരൻ ആവർത്തിച്ചു. തുടർന്ന് വിശദമായ വാദം കേൾക്കാൻ ഹരജി വീണ്ടും 29ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.