കൊച്ചി: എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ സംഘത്തിലെ രണ്ടുപേരെ രക്ഷിക്കാൻ പഴുതൊരുക്കിയാണ് മഹസ്സർ തയാറാക്കിയതെന്ന് തെളിയുന്നു. ഇതിലൂടെ തിരുവല്ല സ്വദേശിയായ യുവതിയെയും കാസർകോട് സ്വദേശിയായ യുവാവിനെയും കേസിൽനിന്ന് ഒഴിവാക്കി. ഉന്നത എക്സൈസ് ഉദ്യോഗസ്ഥെൻറ ഇടപെടലാണ് ഇത്തരത്തിൽ മഹസ്സർ തയാറാക്കിയതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.
കാക്കനാട് വാഴക്കാല മേലേപ്പാടം റോഡിൽ മർഹബ അപ്പാർട്മെൻറിൽനിന്ന് 84 ഗ്രാം എം.ഡി.എം.എയുമായി യുവതിയടക്കം അഞ്ചുപേരെ പിടികൂടിയെന്നാണ് കഴിഞ്ഞ 18ന് ജില്ല എക്സൈസ് സ്പെഷൽ സ്ക്വാഡ് തയാറാക്കിയ മഹസ്സറിൽ കാണിച്ചത്. സംഘത്തെ പിടികൂടിയ കസ്റ്റംസ് കമീഷണറേറ്റ് പ്രിവൻറിവ് യൂനിറ്റ് വ്യക്തമാക്കിയ സംഘത്തിലെ ഏഴുപേരിൽ രണ്ടുപേരെ ഒഴിവാക്കിയത് കേസ് കൈമാറി കിട്ടിയ എക്സൈസ് സ്പെഷൽ സ്ക്വാഡാണ്.
അഞ്ചുപേർ അടങ്ങുന്ന സംഘത്തിൽനിന്ന് എം.ഡി.എം.എ പിടികൂടിയശേഷമാണ് മറ്റ് രണ്ടുപേർ ഫ്ലാറ്റിൽ എത്തിയതെന്ന് മഹസ്സറിൽ എഴുതി. ഇതിനാൽ കേസിൽ ബന്ധമില്ലെന്ന് വിലയിരുത്തി വിട്ടയച്ചെന്നും പറയുന്നു. ഈ രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കാൻ ബോധപൂർവം നടത്തിയ ഇടപെടലാണ് ഇങ്ങനെ മഹസ്സർ തയാറാക്കിയതിന് പിന്നിലെന്ന് വ്യക്തമാണ്. കേസിൽ തുടരന്വേഷണം ഏറ്റെടുത്ത എക്സൈസ് ക്രൈംബ്രാഞ്ച് വിട്ടയച്ച രണ്ടുപേരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അറിയുന്നു. ജോയൻറ് എക്സൈസ് കമീഷണർ കെ.എ. നെൽസണാണ് കേസിെൻറ അന്വേഷണ ചുമതല.
നെടുമ്പാശ്ശേരി: കാക്കനാട് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികളെ ചോദ്യം ചെയ്യാൻ തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസെത്തും. പ്രതികൾ ചെന്നൈയിലും ചില റിസോർട്ടുകളിൽ തങ്ങിയതായി വ്യക്തമായതിനെ തുടർന്നാണിത്. ഇവർക്ക് ചെന്നൈയിൽനിന്ന് കൊറിയറെത്തിയിരുന്നു. ഇതിൽ എന്തായിരുന്നുവെന്നും അന്വേഷിക്കും. മയക്കുമരുന്ന് സംഘം കൊച്ചിയിൽ മാത്രം നാല് ഫ്ലാറ്റുകളാണ് വാടകയ്ക്കെടുത്തിരുന്നത്.
നാലിടത്തും മാറി താമസിച്ചിരുന്നു. മൂന്ന് കിലോയിലേറെ എം.ഡി.എം എയാണ് ഇവർ ചെന്നെയിൽ നിന്നും തരപ്പെടുത്തിയത്. ഇത്രയേറെ മയക്കുമരുന്ന് നൽകിയവരെ കുറിച്ചും അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.