ഗിന്നസ് സൈക്കിള്‍ കക്കോടിയില്‍ ഒരുങ്ങുന്നു

കക്കോടി: ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ കക്കോടിയില്‍ ഒരുങ്ങുന്നു. കാഴ്ചയില്‍ ഭീമാകാരനെങ്കിലും സൈക്കിള്‍ ചവിട്ടാന്‍ അറിയുന്ന ആര്‍ക്കും കൊണ്ടുനടക്കാന്‍ പറ്റിയ രീതിയിലുള്ള ഇതിന്‍െറ നിര്‍മാണം പുരോഗമിക്കുകയാണ്. ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടംനേടുകയാണ് നിര്‍മാതാക്കളുടെ ലക്ഷ്യം. ആറുമീറ്റര്‍ ഉയരവും ഒമ്പതു മീറ്റര്‍ നീളവും 250 കിലോ ഭാരവുമുള്ള സൈക്കിളിന് രണ്ടരലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫാണ്  സൈക്കിളിന്‍െറ ശില്‍പി.

കോഴിക്കോട്ടെ കോസ്മോസ് സ്പോര്‍ട്സിനുവേണ്ടിയാണ് സഞ്ചാരയോഗ്യമായ ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മിക്കുന്നത്. വലുപ്പത്തില്‍ ഈ സൈക്കിളിനോട് കിടപിടിക്കുന്നതാണെങ്കിലും സഞ്ചരിക്കാന്‍ പറ്റാത്തതാണ് അബൂദബിയിലെ അല്‍ വാഹദ മാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സൈക്കിള്‍.

കക്കോടി മാവിളിക്കടവിലെ കിഴക്കാളില്‍താഴത്തുള്ള ഇന്‍ഡസ്ട്രിയില്‍ നിര്‍മിക്കുന്ന സൈക്കിള്‍ ഒരാള്‍ക്ക് ചവിട്ടാന്‍ പാകത്തിലുള്ളതാണ്. പിറകിലെ സീറ്റില്‍ രണ്ടുപേര്‍ക്ക്  ഒപ്പം സഞ്ചരിക്കാം. പിന്‍സീറ്റ് യാത്രികര്‍ക്ക് സൈക്കിള്‍ ചവിട്ടാന്‍ സഹായിക്കുകയുമാവാം.

റോഡിലൂടെ ചവിട്ടാമെന്ന് വിചാരിച്ചാല്‍ അല്‍പം പ്രയാസപ്പെടും. വൈദ്യുതി കമ്പികളോ മറ്റോ ഉണ്ടെങ്കില്‍ യാത്ര മുടങ്ങും. സൈക്കിളില്‍ കയറിപ്പറ്റാന്‍ കോണി വേണം. ജി.ഐ ഷീറ്റ്, പൈപ്പ്, റബര്‍, പ്ളാസ്റ്റിക്, മരം എന്നിവ ഉപയോഗിച്ചാണ് സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. മുഹമ്മദ് ഇന്തിസാര്‍, മുഹമ്മദ് അലിം, യാസിര്‍ അറഫാത്ത് എന്നിവരുടെ സഹായത്തോടെ ആറുദിവസമായി പണിയാരംഭിച്ചിട്ട്. ദൂരക്കാഴ്ചയില്‍ അടുത്തുനില്‍ക്കാന്‍പോലും പേടി തോന്നുമെങ്കിലും വേള്‍ഡ് ബിഗെസ്റ്റ് റൈഡബിള്‍ ബൈസിക്കിള്‍ ആര്‍ക്കും വഴങ്ങും.

Tags:    
News Summary - kakkodi create ginnas cycle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.