കോഴിക്കോട്: തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയും താനും വളരെ കാലമായി സ്നേഹബന്ധം പുലർത്തി പോന്നവരാണെന്ന് കലാമണ്ഡലം ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സുരേഷ് ഗോപിക്ക് തന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. അതുപോലെ തന്നെ സ്നേഹിക്കുന്നവർക്ക് തന്നെ കാണാൻ എപ്പോഴും വരാമെന്നും കലാമണ്ഡലം ഗോപി പോസ്റ്റിൽ വ്യക്തമാക്കി. കലാമണ്ഡലം ഗോപിയുടെ പേരിലുള്ള പോസ്റ്റ് പിന്നീട് ഫേസ്ബുക്ക് പേജിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.
എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘുവാണ് ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസ്സിലാക്കുക. അനുഗ്രഹം തേടി വീട്ടിലേക്ക് വരാനുള്ള നീക്കത്തെ എതിര്‍ത്തപ്പോള്‍, 'പത്മഭൂഷണ്‍ കിട്ടണ്ടേ' എന്ന് പ്രമുഖ ഡോക്ടര്‍ ചോദിച്ചതായും രഘു പോസ്റ്റിൽ പറഞ്ഞു.
സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല. അത് നെഞ്ചിൽ അഴ്ന്നിറങ്ങിയതാണെന്നും കുറിപ്പിൽ പറയുന്നു.
നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്. പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്.അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടറായിരുന്നു വിളിച്ചത്. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു ഞാൻ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാൻ അസുഖം വന്നപ്പോൾ ഞാനെ ഉണ്ടായുള്ളൂ എന്നായിരുന്നു ഡോക്ടറുടെ മറുപടി.
ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെന്നായിരുന്നു ഡോക്ടറുടെ മറുപടി. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോൾ ഡോക്ടർ ആശാന് പത്മഭൂഷൺ കിട്ടേണ്ടന്ന് തിരിച്ചു ചോദിച്ചു. അങ്ങനെ എനിക്ക് കിട്ടണ്ടെന്ന് അച്ഛൻ മറുപടി നൽകിയെന്നുമാണ് കുറിപ്പിലുള്ളത്. ഇനിയും ആരും ബി.ജെ.പിക്കും, കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കൂട്ടണമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റ് ചർച്ചയായതിന് പിന്നാലെ രഘു ഇത് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചു. 'ഇന്നലെ ഞാൻ ഇട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിരിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ്. ഈ ചർച്ച അവസാനിപ്പിക്കാം. നന്ദി' -മറ്റൊരു പോസ്റ്റിൽ രഘു പറഞ്ഞു.
കലാമണ്ഡലം ഗോപിയുടെ മകന്‍റെ എഫ്.ബി പോസ്റ്റിനോട് പ്രതികരിച്ച സുരേഷ് ഗോപി, കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ കാണാൻ ഇനിയും ശ്രമിക്കുമെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ഇതിനെ ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തിൽ കാണുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ സുരേഷ് ഗോപി ഇത് അവഗണനയായി എടുക്കുന്നില്ലെന്നും രാഷ്ട്രീയ ബാധ്യതയായിട്ടാണ് കാണുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോട് ചോദിക്കൂ. ആ സ്നേഹം താൻ തൊട്ടറിഞ്ഞിട്ടുണ്ടല്ലോ. സന്ദർശനത്തിന് സമ്മതം ഉണ്ടെങ്കിൽ തീർച്ചയായും പോകും. ഇല്ലെങ്കിലും ആ സമർപ്പണം ചെയ്യും. ഗുരുവായൂരപ്പന്റെ ദീപസ്തംഭത്തിന് മുന്നിൽ വെച്ചിരിക്കുന്ന പെട്ടിക്കുമുകളിൽ അദ്ദേഹത്തിനുള്ള മുണ്ടും നേര്യതും വെറ്റിലപ്പാക്കും ഗുരുദക്ഷിണ വെച്ച് പ്രാർഥിക്കും. ഗോപിയാശാനുള്ള ദക്ഷിണയാണ് എന്ന് പറഞ്ഞ് വെച്ചിട്ട് പോകും.
തന്റെ വീട്ടിലേക്ക് വി.കെ. പ്രശാന്ത് അടക്കം വോട്ട് ചോദിച്ച് വന്നിട്ടുണ്ട്. ബി.ജെ.പിയിൽ ചേർന്നതിന് ശേഷമാണ് എല്ലാവരും വന്നത്. കെ. മുരളീധരനും വന്നിട്ടുണ്ട്. വന്നവരെയെല്ലാം സ്വീകരിച്ചിട്ടുണ്ട്. തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. താനൊരു പഴയ എസ്.എഫ്.ഐക്കാരനാണ്. എം.എ. ബേബിയോട് ചോദിച്ചാൽ അക്കാര്യം അറിയാം. എം.എ. ബേബിയുടെ ക്ലാസിൽ ഇരുന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.