കളമശ്ശേരി: പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ചൂടേറിയ വാക്കേറ്റങ്ങൾ അരങ്ങേറിയ കളമശ്ശേരി നഗരസഭ കൗൺസിൽ യോഗശേഷം ഭരണ-പ്രതിപക്ഷങ്ങൾ കോഴി ബിരിയാണി തന്നെ കഴിച്ച് പിരിഞ്ഞു. 60ഓളം അജണ്ടകളുമായി ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ടയിൽ ഇല്ലാത്ത കോഴിയിറച്ചി സംഭവവുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിച്ചുവെന്ന പ്രതിപക്ഷ ചോദ്യവുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം നടന്നത്.
ശനിയാഴ്ച രാവിലെ വിളിച്ച കൗൺസിൽ യോഗത്തിൽ അജണ്ടകൾ എടുക്കുന്നതിനുമുമ്പ് ഇറച്ചി വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, അജണ്ടകൾക്കൊടുവിൽ എടുക്കാമെന്ന് അധ്യക്ഷ സീമ കണ്ണൻ പറഞ്ഞു. ഇതോടെ ബഹളമായി. കുറ്റക്കാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നായിരുന്നു പ്രതിപക്ഷ ചോദ്യം. ചിക്കൻ വിതരണം നടത്തിയ സ്ഥാപനങ്ങളുടെ പൂർണ ലിസ്റ്റ് കൗൺസിൽ വെക്കണം. പ്രധാന ഹോട്ടലുകളെ ഒഴിവാക്കി 49 എണ്ണം മാത്രമാണ് പുറത്തുവിട്ടത്. കൗൺസിലിൽ വെക്കുന്നതിനുമുമ്പ് എങ്ങനെ പുറത്തുപോയി, തുടങ്ങി പല ആരോപണങ്ങളും പ്രതിപക്ഷത്തുനിന്ന് ഉയർന്നു. എന്നാൽ, ഒരാളെയും സംരക്ഷിക്കേണ്ടതില്ലെന്നും പട്ടിക കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് കൈമാറിയതാണെന്നും പൊലീസാണ് പ്രതികളെ പിടിക്കേണ്ടതെന്നും ഭരണപക്ഷം തിരിച്ചടിച്ചു. പറവൂർ നഗരസഭ പരിധിയിലെ പ്രതിയെ പിടികൂടാനും പൊലീസിന് കഴിഞ്ഞിട്ടില്ലായെന്നും ഭരണപക്ഷം കുറ്റപ്പെടുത്തി.
അതോടെ, വിഷയം ആദ്യം ചർച്ച ചെയ്യുകയും ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും അധ്യക്ഷ പറഞ്ഞതോടെ തുടർ അജണ്ടകളിലേക്ക് കടന്ന് യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇരുഭാഗത്തുനിന്നുള്ളവരും നഗരസഭ ഒരുക്കിയ കോഴി ബിരിയാണി കഴിച്ചാണ് ഒടുവിൽ പിരിഞ്ഞത്. എന്നാൽ, ചിക്കൻ ആയതിനാൽ ചിലർ കഴിക്കാതെ മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.