കൊച്ചി: ക്രൂരപീഡനം വിവരിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷനും കൊച്ചി റേഞ്ച് ഐ.ജിക്കും കളമശ്ശേരി ഗവ. പോളിടെക്നിക്കിലെ വിദ്യാര്‍ഥികളുടെ പരാതി. നാട്ടകം പോളിടെക്നിക്കിലുണ്ടായ റാഗിങ്ങിനെ വെല്ലുന്ന പീഡനം വിവരിച്ചാണ് പോളി ഹോസ്റ്റലായ പെരിയാറില്‍ താമസിക്കുന്ന മൂന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പരാതിനല്‍കിയത്. റാഗിങ്ങിന് ചില അധ്യാപകര്‍ കൂട്ടുനില്‍ക്കുന്നതായും ജീവനില്‍ ഭയമുള്ളതിനാല്‍ പരാതിക്കാരുടെ വിവരം പുറത്തുവിടരുതെന്നും ഇവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി വിശദമായി അന്വേഷിക്കാന്‍ കളമശ്ശേരി സി.ഐയെ ചുമതലപ്പെടുത്തിയതായി ഐ.ജിയുടെ അധികച്ചുമതലയുള്ള പി. വിജയന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ അവര്‍ക്കുവേണ്ടി മാത്രം സംഘടന പ്രവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കുന്നു. പ്രിന്‍സിപ്പല്‍ തന്നെ വാര്‍ഡനായ ഹോസ്റ്റലില്‍ 30 ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചെങ്കിലും റാഗിങ് മൂലം എട്ടുപേര്‍ ഒഴികെ താമസം മാറി. മെസില്‍ അടിവസ്ത്രം ധരിക്കരുത്, കുളിക്കുമ്പോള്‍ ശുചിമുറിയുടെ വാതില്‍ അടക്കരുത്, നിര്‍ബന്ധിത നഗ്നത പ്രദര്‍ശനം തുടങ്ങിയ ‘നിയമാവലി’കളാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ എര്‍പ്പെടുത്തിയിരിക്കുന്നത്. ഇവ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആരെങ്കിലും ലംഘിച്ചാല്‍ കൂടുതല്‍ പ്രാകൃതവും മൃഗീയവുമായ പീഡനങ്ങള്‍ പതിവാണെന്നും പരാതിയിലുണ്ട്.
പഠനം പൂര്‍ത്തിയാക്കി കോളജ് വിട്ടവര്‍ ഹോസ്റ്റലില്‍ രാത്രി എത്തുക പതിവാണെങ്കിലും സെക്യൂരിറ്റി ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യം അധികൃതരെ അറിയിക്കാറില്ല. റാഗിങ് അറിഞ്ഞിട്ടും തടയാന്‍ തയാറാകാത്ത അധ്യാപകനും ലാബ്, ഓഫിസ് ജീവനക്കാരില്‍ ചിലരും സീനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഹോസ്റ്റലിലത്തെി മദ്യപിക്കുക പതിവാണെന്നും പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന കോളജ് യൂനിയന്‍ ഭാരവാഹിയടക്കം 19 സീനിയര്‍ വിദ്യാര്‍ഥികളുടെ പേരും പരാതിയിലുണ്ട്.
ഇവരില്‍ രണ്ടുപേരൊഴികെ എല്ലാവരും റാഗിങ്ങിന് നേതൃത്വം നല്‍കുന്നവരാണെന്നും വിദ്യാര്‍ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.