ഉർദു കവിത മത്സരത്തിൽ വിഷയം ‘തകർന്ന ഹൃദയം’ എന്നതായിരുന്നു. എഴുതാൻ പേനയെടുത്തപ്പോൾ കശ്മീർ സ്വദേശി മുഹമ്മദ് അഹ്മദിെൻറ മനസ്സിൽ ഓടിയെത്തിയത് ആറാം വയസ്സിൽ വിടപറഞ്ഞ ഉമ്മ അസ്മത്ത് ബീഗമാണ്.
ഉമ്മയുടെ പ്രിയപ്പെട്ട മകന് വിദ്യയുടെ വഴികാട്ടിയ ദൈവത്തിെൻറ സ്വന്തം നാടിനെക്കുറിച്ച് കേൾക്കാൻ ഉമ്മ ഒപ്പമില്ലല്ലോ. ആ സങ്കടം വരികളിലാക്കിയപ്പോൾ എ ഗ്രേഡ് കോഴിക്കോട് കാരന്തൂർ മർകസ് എച്ച്.എസ്.എസിലെ വിദ്യാർഥിയായ മുഹമ്മദ് അഹ്മദിന് സ്വന്തം. കാണാമറയത്തുള്ള ഉമ്മയോട് മലയാളികളുടെ നന്മയെക്കുറിച്ച് അതുവഴി കൈവന്ന നല്ല ജീവിതത്തെക്കുറിച്ച് മകൻ പറയുന്നതാണ് കവിതയിലെ വരികൾ.
കശ്മീരിലെ പൂഞ്ച് സ്വദേശിയാണ് മുഹമ്മദ് അഹ്മദ്. കേരളത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് മർകസ് സ്കൂളിൽ എത്തിയത്. പ്രവേശനം കിട്ടാതായപ്പോൾ പൊട്ടിക്കരഞ്ഞപ്പോൾ മനസ്സ് അലിഞ്ഞാണ് മർകസ് സ്കൂൾ അധികൃതർ അഞ്ചാം ക്ലാസിൽ ചേർത്തത്.
ഈ നാട്ടിൽ വന്നില്ലായിരുന്നുവെങ്കിൽ കശ്മീരിലെ ആപ്പിൾ തോട്ടങ്ങളിൽ ബാലവേല ചെയ്ത് തീരുമായിരുന്ന അനേകം ബാല്യങ്ങളിൽ ഒന്നായിത്തീരുമായിരുന്നു താനുമെന്ന് മുഹമ്മദ് അഹ്മദ് പറയുന്നു. ഇന്ന് ഇംഗ്ലീഷും മലയാളവും ഒഴുക്കോടെ സംസാരിക്കും.
കാരന്തൂർ മർക്കസിലെ വിദ്യാർഥിയായ മുഹമ്മദ് അഹ്മദിെൻറ കസിൻ അസ്റാൻ അഹ്മദിനും ഉർദു കവിത, പ്രസംഗം എന്നിവയിൽ എ ഗ്രേഡ് ഉണ്ട്. ഉർദു മാതൃഭാഷയായ ഇരുവർക്കും മത്സരം ഈസി വാക്കോവറായിരുന്നു.
മലയാളികളോടുള്ള കടപ്പാട് മറക്കില്ലെന്ന് ആണയിടുന്ന ഇരുവർക്കും ഉപരിപഠനവും ജോലിയുമൊക്കെയായി കേരളത്തിൽ തുടരാനാണ് ആഗ്രഹം. എന്നാൽ, കേരളത്തിെൻറ മരുമകനാകാനില്ല. കല്യാണം കഴിക്കുന്നത് കശ്മീരി സുന്ദരി തന്നെയാകണമെന്നത് ഇരുവർക്കും നിർബന്ധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.