കാനം: രാഷ്ട്രീയ വിവാദങ്ങളിൽ ഉറച്ച നിലപാടെടുത്ത കരുത്തുറ്റ നേതാവ്

തിരുവനന്തപുരം : സർക്കാരും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പലപ്പോഴും ഉറച്ച നിലപാട് സ്വീകരിച്ച് നോതാവാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തനിക്ക് ശരിയെന്ന തോന്നിയതെല്ലാം വിട്ടിത്തുറന്ന് പറഞ്ഞിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഘടകകക്ഷി എന്ന നിലയില്‍ സി.പി.ഐ നടത്തിയ പല പരാമര്‍ശങ്ങളും പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയിരുന്നു. അതിലൊന്നായിരുന്നു കടക്ക് പുറത്ത് വിവാദം. കാനം അത് ഏറ്റെടുത്ത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു.

കടക്ക് പുറത്ത്' വിവാദത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്ത് വന്നത്. മസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി 'കടക്ക് പുറത്ത്' എന്ന് ആക്രോശിച്ചിരുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.ഈ സംഭവത്തിൽ മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ ന്യായീകരിച്ച് കുറിപ്പെഴുതിയിരുന്നു. മസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്നാണ് പിണറായി വിജയന്‍ കുറിച്ചത്.

Full View

കണ്ണൂര്‍ വി.സി നിയമന വിവാദത്തിലും ഗവർണർക്ക് ശിപാർശ നൽകാൻ മന്ത്രിക്ക് അധികാരമില്ലെന്ന് കാനം തുറന്നടിച്ചു. സർവകലാശാല വി.സിയായി ഗോപിനാഥിനെ പുനർ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് മന്ത്രി ആർ ബിന്ദു കത്തയച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതിനെതിരെ ഗവർണർ രംഗത്ത് വന്നിരുന്നു. ഇല്ലാത്ത അധികാരം മന്ത്രി ആർ. ബിന്ദു ഉപയോഗിച്ചുവെന്ന് കാനം പരോക്ഷമായി പറഞ്ഞു. അതേസയമം അധികാര ദുർവിനിയോഗം നടത്തിയോ എന്ന ചോദ്യത്തിൽ നിന്ന് കാനം ഒഴിഞ്ഞു മാറി. കാനത്തിന്റെ നാലപാട് പിൽക്കാലത്ത് കോടതും അംഗീകരിച്ചു.

പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് വിവാദ പ്രസ്‌താവനയ്‌ക്കെതിരെയും കാനം രംഗത്തുവന്നിരുന്നു. വിവാദ പരാമർശം തിരുത്തേണ്ടത് ബിഷപ്പെന്ന് കാനം പറഞ്ഞു. പരസ്പര സ്പർധ വളർത്തരുതെന്നും കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും കാനം പറഞ്ഞു. അതേസമയം, നാർകോട്ടിക് ജിഹാദ് പരാമർശം കേരള സമൂഹത്തിനും ക്രൈസ്‌തവ പാരമ്പര്യങ്ങൾക്കും ചേർന്നതല്ല. പാലാ ബിഷപ്പിന്റെ പ്രസ്‌താവന ബി.ജെ.പിക്ക് ഊർജം പകരുന്നതാണെന്നും കാനം വിലയിരുത്തി. മതമേലധ്യക്ഷൻമാർ മാർപാപ്പയെ മാതൃകയാക്കണമെന്നും കാനം രാജേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

വിവരാവകാശവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ ഉന്നയിക്കുന്ന വാദത്തിൽ കഴമ്പില്ലെന്ന് കാനം തുറന്ന് പറഞ്ഞിരുന്നു. ‘വിവരാവകാശനിയമവും മന്ത്രിസഭാ തീരുമാനവും’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങൾ അറിയേണ്ടാത്ത എന്തു കാര്യമാണ് ഇവിടെ നടക്കുന്നതെന്ന് കാനം ചോദിച്ചു.

ഒരു വിഷയത്തിൽ മന്ത്രിസഭ തീരുമാനമെടുക്കുന്നതുവരെ മാത്രമാണ് രഹസ്യ സ്വഭാവമുള്ളത്. തീരുമാനം എടുത്തുകഴിഞ്ഞാൽ പിന്നീടതു പരസ്യമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന തരത്തിൽ വിവരാവകാശത്തെ പരിപോഷിപ്പിക്കുകയാണു വേണ്ടത്. വിവരാവകാശത്തിന്റെ ചിറകരിയാനുള്ള നീക്കത്തെ ചെറുത്തു തോൽപ്പിക്കും. വിവരാവകാശനിയമം അനുശാസിക്കുന്ന അവകാശങ്ങൾ പൗരന്മാർക്ക് അനുവദിച്ചു നൽകാൻ ശേഷിയുള്ള ഇടതുപക്ഷമാണു കേരളം ഭരിക്കുന്നതെന്നായിരുന്നു കാനംത്തിന്റെ നിലപാട്. സ്വന്തം നിലപാടിന്റെ കരുത്തിലാണ് അദ്ദേഹത്തിൻെറ അഭിപ്രായങ്ങൾ വിവാദങ്ങളായത്.

Tags:    
News Summary - Kanam: A strong leader who took a firm stand in political controversies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.