തിരുവനന്തപുരം: ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കാനത്തിന്റെ കാൽ വിരലിന് പഴുപ്പ് ബാധിച്ചത്. അതിന്റെ ചികിത്സക്ക് വേണ്ടിയാണ് അദ്ദേഹത്തെ കഴിഞ്ഞമാസം കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വർഷങ്ങളായി കടുത്ത പ്രമേഹരോഗിയായിരുന്നു കാനം. അതുകൊണ്ടാകാം അപകടത്തെ തുടർന്നുണ്ടായ മുറിവ് ഉണങ്ങിയില്ല.
വിരലിലെ പഴുപ്പ് മുകളിലോട്ട് കയറി ഗുരുതരമാകുമെന്ന ഘട്ടത്തിലാണ് കാൽപാദം മുറിച്ചുനീക്കാതെ വഴിയില്ലെന്ന് ഡോക്ടർമാർ നിർദേശിച്ചത്. ജനങ്ങൾക്കൊപ്പം നടന്ന തുടർന്നും നടക്കാൻ ആഗ്രഹിച്ച നേതാവിന് കാൽ ഇല്ലാതാകുന്നതിനപ്പുറം വലിയനഷ്ടം ഒന്നുമില്ല. കാനം പക്ഷേ, തളർന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷമാണ് പാർട്ടിയിലെ അടുത്ത ആളുകൾപോലും അറിഞ്ഞത്. വിവരമറിഞ്ഞ് വിളിച്ചവർക്ക് ആശുപത്രി കിടക്കയിൽനിന്ന് അദ്ദേഹം നൽകിയ മറുപടി ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു.
‘സുഖമായിരിക്കുന്നു. ഞാൻ തിരിച്ചുവരും. ഏതാനും ആഴ്ചകളുടെ മാത്രം കാര്യമേയുള്ളൂ’ -ഉറച്ച ആത്മവിശ്വാസത്തിന്റെ സ്വരമായിരുന്നു കാനത്തിന്റേത്. കാൽ നഷ്ടപ്പെട്ടതിന്റെ വേദനയല്ല, ആൾക്കൂട്ടത്തിന്റെ ആരോഗ്യത്തിലേക്ക് തിരികെയെത്താൻ വെമ്പുന്ന നേതാവിന്റെ ആവേശം പ്രകടമായ വാക്കുകൾ... കൃത്രിമകാലിന്റെ സഹായത്താൽ പഴയപോലെ പൊതുപ്രവർത്തനത്തിൽ സജീവമാകാൻ കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.
കാനം ആശുപത്രിയിലായ ആദ്യ ദിവസങ്ങളിൽ അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ചികിത്സക്കായി മൂന്ന് മാസത്തെ അവധിയാണ് പാർട്ടിയോട് ആവശ്യപ്പെട്ടത്. തിരിച്ചുവരാൻ ആകുമെന്ന് അത്രയേറെ ഉറച്ചുവിശ്വസിച്ചിരുന്നതിനാലാകാം സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് തീരുമാനിച്ചത്. കാനത്തിന്റെ ആ വിശ്വാസം പാർട്ടിയും അതുപോലെ ഏറ്റെടുക്കുന്നതാണ് കണ്ടത്.
നവംബർ അവസാനവാരം ചേർന്ന സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ വിഷയം ചർച്ചക്ക് വന്നപ്പോൾ കാനം മാറിനിൽക്കേണ്ടിവരുന്ന സമയത്തേക്ക് താൽക്കാലികമായെങ്കിലും മറ്റൊരാളെ ഏൽപിക്കുക എന്ന ചർച്ചപോലും ഉണ്ടായില്ല. പൂർവാധികം ആരോഗ്യത്തോടെ തിരിച്ചുവരാനാകുമെന്ന് കാനത്തിന്റെ വിശ്വാസം പാർട്ടിയിലെ നേതൃത്വം ഒന്നാകെ ഒരുപോലെ വിശ്വസിച്ചിരുന്നുവെന്നത് ഉറപ്പ്. അതാണ് പൊടുന്നനെ പൊലിഞ്ഞത്. അതുകൊണ്ടുതന്നെ കാനം എന്ന കരുത്തന്റെ വിയോഗം സി.പി.ഐയിൽ ഉണ്ടാക്കുന്ന ശൂന്യത ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.