തിരുവനന്തപുരം: സ്ഥലനാമമായിരുന്നില്ല, മൂന്ന് പതിറ്റാണ്ടോളം ഇടതുമുന്നണിക്കകത്തും പുറത്തും തിരുത്തിന്റെ പര്യായമായ രണ്ടക്ഷരമായിരുന്നു കാനം. മധ്യതിരുവിതാംകൂറിലെ അത്രയൊന്നും ഇടതുപക്ഷത്തല്ലാത്ത നായർ കുടുംബത്തിൽനിന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരത്തേക്ക് നടന്നുകയറുമ്പോൾ രാജേന്ദ്രന് കൈമുതലായുണ്ടായിരുന്നത് നിലപാടുകളിലെ കണിശത മാത്രം.
മുന്നണി മര്യാദയുടെ പേരിലോ ആരെയെങ്കിലും ഭയന്നിട്ടോ പറയാനുള്ളത് പറയേണ്ട സമയത്ത് പറയാൻ അദ്ദേഹം മടി കാണിച്ചില്ല. സൗമ്യ ശൈലിയായിരുന്നെങ്കിലും മുഖം നോക്കാതെയുള്ള വാക്കുകളുടെ മൂർച്ച മുന്നണിയിലെ പ്രമുഖർ പലവട്ടമറിഞ്ഞു. കൊണ്ടും കൊടുത്തും കാനം ഇടതുപക്ഷത്തെ കരുത്തനായ ‘പ്രതിപക്ഷ നേതാവായി’ നിലകൊണ്ടു. ഒരു വിരൽകൊണ്ട് തല്ലാനും ഒമ്പത് വിരൽകൊണ്ട് തഴുകാനും അദ്ദേഹത്തിന് അറിയില്ലായിരുന്നു.
അമ്മാവനിൽനിന്ന് ആദ്യ പാഠം
കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിൽ ‘കാനത്ത്’ ജനിച്ച രാജേന്ദ്രന് ഇടതുപക്ഷ ആശയങ്ങൾ പകർന്നുകിട്ടിയത് അമ്മാവൻ കാനം കുട്ടികൃഷ്ണനിൽനിന്നാണ്. ആലപ്പുഴ എസ്.ഡി കോളജിലെ വിദ്യാർഥിയായിരുന്നപ്പോഴാണ് കുട്ടികൃഷ്ണൻ തൊഴിലാളി പക്ഷത്തെത്തിയത്. അത് അനന്തരവനിലേക്കും കൈമാറി. ചെറുപ്പത്തിൽ പിതാവ് ജോലി ചെയ്തിരുന്ന എസ്റ്റേറ്റിൽ ചെല്ലുമ്പോൾ കണ്ട തൊഴിലാളി ജീവിതങ്ങളും അവരുടെ നിസ്സഹായതകളും സമരങ്ങളുമെല്ലാം മനസ്സിൽ പതിഞ്ഞിരുന്നു.
എ.ഐ.എസ്.എഫിലൂടെയായിരുന്നു വിദ്യാർഥി രാഷ്ട്രീയത്തിലേക്കും തുടർന്ന് പൊതുപ്രവർത്തനത്തിലേക്കുമുള്ള രംഗപ്രവേശം. വാഴൂരിലെ സ്കൂൾ വിദ്യാഭ്യാസ കാലത്തും പിന്നീട്, കോട്ടയം ബസേലിയോസിലെ കോളജ് പഠനകാലത്തും ഈ രാഷ്ട്രീയബോധം മനസ്സിലുറച്ചു. കോളജ് പഠനകാലത്ത് സി.പി.ഐ പ്രവർത്തകനായ കോട്ടയം ഭാസി ലോക്കൽ ഗാർഡിയനായതും ഈ വഴികളിൽ കരുത്തേകി. 1968ൽ സി.പി.ഐ അംഗത്വം കിട്ടി. വിദ്യാർഥികാലം കഴിയുംമുമ്പ് 20ാം വയസ്സിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായി. ഇതേകാലത്ത് സി.പി.ഐ സംസ്ഥാന കൗൺസിലിലുമെത്തി.
26ാം വയസ്സിൽ സാക്ഷാൽ എൻ.ഇ. ബാലറാം സെക്രട്ടറിയായിരിക്കെ, എ.എന്നും സി. അച്യുതമേനോനും ടി.വി. തോമസിനും വെളിയം ഭാർഗവനുമൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, തഴോട്ടുപോകേണ്ടി വന്നിട്ടില്ലെന്ന് ചെറിയ ചിരിയോടെ കാനം പറയും. മന്ത്രി പദവിയിലോ എം.പി സ്ഥാനത്തോ എത്താത്തതിന് കാരണം പാർട്ടിയിലെ തഴയലാണോ എന്ന് ദോഷൈക ദൃക്കുകൾ ചോദിച്ചപ്പോഴൊക്കെ 26ാം വയസ്സിലെ ചരിത്രം കാനം ആർജവത്തോടെ നിരത്തി. ഇന്നും ഇന്നലെയും തന്നോടൊപ്പമുള്ള നേതാക്കളാരും അന്ന് പാർട്ടിയിലുണ്ടായിരുന്നില്ലെന്ന് തെല്ല് അഭിമാനത്തോടെ പറഞ്ഞുവെച്ചു.
ട്രേഡ് യൂനിയൻ മേഖലയിലെ പ്രവർത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്. 1982ലെ തെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് ആദ്യമെത്തുമ്പോൾ അന്ന് സി.പി.ഐ സ്ഥാനാർഥികളായ പി.കെ.വിയും പി.എസ്. ശ്രീനിവാസനുമടക്കം അതികായരെല്ലാം തോറ്റിരുന്നു. കേരള നിയമസഭയിൽ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി എത്തിയവരാണ്. 1987ലെ രണ്ടാംവരവിൽ അർഹതയുണ്ടായിട്ടും മന്ത്രി സ്ഥാനം ലഭിച്ചില്ല. പിന്നീട്, രാജ്യസഭയിലേക്ക് പേര് ഉയർന്നെങ്കിലും നറുക്കുവീണില്ല. അസംഘടിതരായിരുന്ന നിര്‍മാണത്തൊഴിലാളികളുടെ ജീവിതസുരക്ഷക്കായി കാനം നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിര്‍മാണത്തൊഴിലാളി നിയമം നിലവില്‍വന്നത്. 1991ലും 1996ലും ജനവിധി തേടിയെങ്കിലും പരാജയമറിഞ്ഞു. പിന്നെ, എ.ഐ.ടി.യു.സിയുടെ അമരത്തേക്ക്.
പന്ന്യൻ രവീന്ദ്രൻ സ്ഥാനമൊഴിഞ്ഞ 2015ലെ സമ്മേളനത്തിലാണ് കാനം പാർട്ടി സംസ്ഥാന സെക്രട്ടറിയായത്. അതും സ്വന്തം തട്ടകമായ കോട്ടയത്ത് നടന്ന സമ്മേളനത്തിൽ. സി.പി.എമ്മിന്റെ നയവ്യതിയാനങ്ങൾക്കും സർക്കാറിന്റെ വീഴ്ചകൾക്കുമെതിരെ കാനം വിമർശനത്തിന്റെ ചാട്ടുളി പായിച്ചു. മുന്നണി മാന്യതക്ക് നിരക്കാത്ത നിലയിൽ പ്രവർത്തിച്ച തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. നിലമ്പൂരിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടപ്പോൾ അവരും സഖാക്കളാണെന്ന് ഉറക്കെപ്പറഞ്ഞു. തിരുവനന്തപുരം ലോ അക്കാദമി പ്രശ്നം വഷളാക്കിയത് സർക്കാറിന്റെ പിടിവാശിയാണെന്ന് യു.ഡി.എഫിന് മുന്നേ പറഞ്ഞത് കാനമാണ്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എം നിലപാടിനോട് യോജിപ്പില്ലെന്ന് തുറന്നടിച്ചതും ദേശീയ രാഷ്ട്രീയത്തിൽ ഫാഷിസം വന്നോ ഇല്ലയോ എന്നത് സ്കെയിൽ നോക്കി തിട്ടപ്പെടുത്തേണ്ട ഒന്നല്ലെന്ന് കരാട്ടിനെ ഉപദേശിച്ചതുമെല്ലാം ഈ വഴിയിലെ തുറന്നുപറച്ചിലുകൾ. ജോസ് കെ. മാണിയുടെ ഇടതുപക്ഷ പ്രവേശനത്തെ കുറിച്ച് ‘യു.ഡി.എഫിന്റെ വെന്റിലേറ്ററല്ല എൽ.ഡി.എഫ്’ എന്നായിരുന്നു പ്രതികരണം. ഒന്നാം പിണറായി സർക്കാറിനെ രൂക്ഷമായി വിമർശിച്ച കാനം, രണ്ടാം പിണറായി സർക്കാറിനോട് മയപ്പെടുന്നുന്നോ എന്ന് ചോദിച്ചപ്പോൾ ‘എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് എനിക്ക് സർക്കാറിനെതിരെ പ്രസ്താവന നടത്താൻ പറ്റുമോ’ എന്നായിരുന്നു മറുചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.