തിരുവനന്തപുരം: കണ്ടല ബാങ്ക് ക്രമക്കേടിൽ സി.പി.ഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എൻ. ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവർക്ക് വീണ്ടും ഇ.ഡി സമൻസ്. ബുധനാഴ്ച രാവിലെ 10.30ന് കൊച്ചി ഇ.ഡി ഓഫിസിൽ ഹാജരാകണമെന്നാണ് ഇരുവര്‍ക്കും നൽകിയ നിർദേശം. തിങ്കളാഴ്ച ഭാസുരാംഗനെ എട്ടു മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു.
ഭാസുരാംഗൻ പ്രസിഡന്റായിരുന്ന കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടന്നതുസംബന്ധിച്ച കേസിലാണ് ഇ.ഡി അന്വേഷണം. നേരത്തേ തിരുവനനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തി രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു.
അഖിൽ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്സ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇ.ഡി ശേഖരിച്ചു. മാറനല്ലൂരിലെ വീടും കാറും ഇ.ഡി നിരീക്ഷണത്തിലാണ്.
അതിനിടെ, രണ്ടു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ചിന്റെ പരിശോധനയും തുടങ്ങി. കണ്ടല സഹകരണ ബാങ്കിന്റെ പ്രധാന ശാഖയിൽ ചൊവ്വാഴ്ച രാവിലെ മുതൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണവും നടത്തി പോയ ക്രൈംബ്രാഞ്ച് രണ്ടു വർഷത്തിനു ശേഷം ഇ.ഡിക്ക് പിന്നാലെ എത്തിയതിനെതിരെ ആരോപണമുയർന്നു. കുറ്റാരോപിതരെ സംരക്ഷിക്കാനും രേഖകൾ പിടിച്ചെടുക്കാനുമാണ് ക്രൈംബ്രാഞ്ച് നീക്കമെന്നാണ് നിക്ഷേപകരുൾപ്പെടെ പറയുന്നത്.
സമാന രീതിയിൽ കരുവന്നൂരിൽ ഇ.ഡി പിടിച്ചെടുത്ത രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത് വിമർശനത്തിനിടയാക്കിയിരുന്നു. ഡിവൈ.എസ്.പി റെക്സ് ജോസ്, ഇൻസ്പെക്ടർമാരായ ചന്ദ്രകുമാർ, രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന ബുധനാഴ്ചയും തുടരും. തങ്ങൾ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായുള്ള പരിശോധനയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.