കാഞ്ഞങ്ങാട് (കാസർകോട്): പാളം മുറിച്ചുകടക്കുന്നതിനിടെ മൂന്നു സ്ത്രീകൾ ട്രെയിനിടിച്ച് മരിച്ചു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് സമീപമാണ് അപകടം. കോട്ടയം ചിങ്ങവനം കുഴിമറ്റം മങ്ങാട്ടയം റോബർട്ട് കുര്യാക്കോസിന്‍റെ ഭാര്യ എയ്ഞ്ചൽ എബ്രഹാം (26), പാലക്കുടി ഉപ്പായിയുടെ (റിട്ട. കെ.എസ്.ആര്‍.ടി.സി) ഭാര്യ ചിന്നമ്മ (73), നീലംപേരൂര്‍ പരപ്പൂത്തറ പി.എ. തോമസിന്‍റെ ഭാര്യ ആലീസ് (61) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 7.10ഓടെയാണ് അപകടം. കോട്ടയത്തേക്കുള്ള ട്രെയിൻ എത്തുന്ന പ്ലാറ്റ്ഫോം രണ്ടാണെന്ന് കരുതി ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ടിലേക്ക് പാളം മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കോയമ്പത്തൂർ- ഹിസാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന് കുറച്ചുനേത്തേക്ക് ആർക്കും ഒന്നും മനസ്സിലാകാത്ത സ്ഥിതിയായിരുന്നു. എത്രപേർ മരിച്ചുവെന്നുപോലും അറിഞ്ഞിരുന്നില്ല. നാലുഭാഗത്തുമായി ചിന്നിച്ചിതറിയ മൃതദേഹ ഭാഗങ്ങൾ മാത്രമാണ് കാണാനായത്.
അഗ്നിരക്ഷസേനയും പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൂന്നുപേർ മരിച്ചതായി വ്യക്തമായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്താണ് അപകടമുണ്ടായത്. പ്ലാറ്റ്ഫോമിൽ കയറാതെ റോഡിൽനിന്ന് പടിഞ്ഞാറുഭാഗത്തേക്ക് പോകാൻ വഴിയുള്ളതിനാൽ ഇവർ ഇതുവഴി പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ദുരന്തം. കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേക്ക് ട്രെയിൻ കയറുന്നതിന് സ്റ്റേഷനിലേക്ക് വരുകയായിരുന്നു ഇവർ.
റോബർട്ട് കുര്യാക്കോസിന്‍റെ മാതാപിതാക്കളായ ജെയിംസും ജെസിയും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. റോബർട്ട് യു.കെയിലാണ്. ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. പാലക്കാട്ട് നഴ്സായി ജോലി ചെയ്തിരുന്ന എയ്ഞ്ചൽ ഈ വിവാഹത്തിനായി കോട്ടയത്തെത്തിയതാണ്. തിരുവല്ല തുരുത്തിക്കാട് സ്വദേശിയാണ് എയ്ഞ്ചൽ. ചിന്നമ്മയുടെ മകന്‍ ലിനുവിന്റെ പുത്രി മര്‍ഷയുടെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മരിച്ചവര്‍ ഉള്‍പ്പെടെ അമ്പതോളം ബന്ധുക്കള്‍. ചിന്നമ്മയുടെ മക്കള്‍: സിനു, ലിനു, ലിജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.