കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം നിർമിക്കുന്ന കനിവ് പീപ്പിൾസ് കെയർ സെന്ററിന്റെ പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ നിർവഹിക്കുന്നു

കനിവ് പീപ്പിൾസ് കെയർ സെന്റർ പദ്ധതി പ്രഖ്യാപിച്ചു

കോഴിക്കോട്: പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം നിർമിക്കുന്ന കനിവ്‌ പീപ്പിൾസ് കെയർ സെന്ററിന്റെ പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ നിർവഹിച്ചു. ചികിത്സരംഗത്ത് നൂതനമായ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും രോഗ ശുശ്രൂഷ രംഗത്ത് മതിയായ സൗകര്യങ്ങളുടെ ലഭ്യതക്കുറവ് നാം കണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രോഗ പരിചരണം ആവശ്യമുള്ള ആളുകളുടെ എണ്ണം സമൂഹത്തിൽ വളരെ കൂടുതലാണ്. അത്തരക്കാരെ സഹായിക്കുവാനുള്ള സുമനസ്സുകളും ധാരാളമുണ്ട്. ഇവരെ ബന്ധിപ്പിക്കുന്ന കണ്ണിയായിട്ടാണ് പീപ്പിൾസ് ഫൗണ്ടേഷനും കനിവും മുന്നോട്ട് വന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കെ.പി.എം ട്രിപ്പെന്റയില്‍ നടന്ന പ്രഖ്യാപന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ വി.ടി. അബ്ദു‌ല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം. അബ്‌ദുൽ മജീദ് പദ്ധതി വിശദീകരിച്ചു. മെഡിക്കല്‍ കോളേജിന് 400 മീറ്റര്‍ സമീപമാണ് സെന്റര്‍ നിർമിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ദീര്‍ഘകാല ചികിത്സാര്‍ഥം എത്തുന്ന അഡ്മിറ്റ് ചെയ്തിട്ടില്ലാത്ത രോഗികള്‍ക്കും പരിചാരകര്‍ക്കും കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം, മിതമായ ചിലവില്‍ ലഭ്യമാവുന്ന വിദഗ്ധ ചികിത്സയെ കുറിച്ച ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന മെഡിക്കല്‍ ഗൈഡന്‍സ് സെന്റര്‍, കുറഞ്ഞ നിരക്കില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുന്ന ഫാര്‍മസി എന്നിവയാണ് പദ്ധതിയില്‍  വിഭാവനം ചെയ്യുന്നത്.

ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങളിലൂടെ നടപ്പിലാക്കുന്ന വിവിധ ചികിത്സാ സഹായ പദ്ധതികളെക്കുറിച്ച വിവരങ്ങള്‍ പീപ്പിള്‍സ് കെയര്‍ സെന്ററിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കും.

തണൽ ചെയർമാൻ ഡോ. വി. ഇദ്‍രീസ്, കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. കെ. മൊയ്‌തു, എത്തിക്കൽ മെഡിക്കൽ ഫോറം സംസ്‌ഥാന പ്രസിഡന്റ് ഡോ. ഇസ്മായിൽ, കനിവ് പീപ്പിൾസ് കെയർ സെന്റർ കൺവിനർ ശരീഫ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു.

കനിവ് പീപ്പിൾസ് കെയർ സെൻ്റർ ചെയർമാൻ ഡോ. പി.സി അൻവർ സ്വാഗതവും ജനറൽ കൺവീനർ ഫൈസൽ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു. സാമൂഹ്യ സേവന രംഗത്തെ നിരവധി സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയും സഹകരിക്കുകയും ചെയ്യുന്ന പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.


Tags:    
News Summary - Kaniv People's Care Center project announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.