നവീൻ ബാബു​വിനെ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ ബന്ധുക്കൾ കാത്തിരുന്നു; പക്ഷേ...

ചെങ്ങന്നൂർ: ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം ചോദിച്ച് വാങ്ങിയതായിരുന്നു ഇന്ന് ആത്മഹത്യ ചെയ്ത കണ്ണൂർ എ.ഡി.എം നവീൻ ബാബു. മടക്കയാത്രക്കായി ഇന്നലെ രാത്രി ഒമ്പത് മണിക്ക് കണ്ണൂരിൽനിന്നുള്ള ട്രെയിനിന് ചെങ്ങന്നൂരിലേക്ക് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. പുലർച്ചെ ചെങ്ങന്നൂരിൽ എത്തുമെന്നറിയിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സറ്റേഷനില്‍ കാത്തുനിന്നു. പക്ഷേ, ​ട്രെയിനിൽ അദ്ദേഹമുണ്ടായിരുന്നില്ല. നവീനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ കണ്ണൂരിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ദാരുണമായ മരണവാർത്ത അറിയുന്നത്.

പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് നവീന്‍ ബാബു. ഇന്ന് പുലർച്ചെ നാട്ടിലെത്തുമെന്നായിരുന്നു അറിയിപ്പ്. കാണാതായതോടെ ബന്ധുക്കള്‍ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഭാര്യ മഞ്ജുഷ കോന്നി തഹസില്‍ദാരാണ്, രണ്ട് പെണ്‍മക്കളാണ് ദമ്പതികൾക്കുള്ളത്.

ഇന്നലെ കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നൽകിയ യാത്രയയപ്പിൽ നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സൂചിപ്പിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുതെന്നും പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടു. ജില്ല കലക്ടർ അരുൺ കെ. വിജയന്റെ സാന്നിധ്യത്തിലായിരുന്നു ദിവ്യയുടെ പരാമർശം. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ പള്ളിക്കുന്നിലെ വാടക കോർട്ടേഴ്സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

Tags:    
News Summary - kannur adm naveen babu death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.