കണ്ണൂർ ട്രെയിൻ തീവെപ്പ്: കേന്ദ്രസർക്കാരിന്റെ പൂർണ പരാജയം -എം.വി. ജയരാജൻ

കണ്ണൂർ: ട്രെയിനിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തവും യാത്രക്കാർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും കേന്ദ്രസർക്കാരിന്റെ പൂർണ്ണമായ പരാജയമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. റെയിൽവെയുടെ സുരക്ഷാ ചുമതലയ്ക്കായിട്ടാണ് കേന്ദ്രസർക്കാർ റെയിൽവെ സംരക്ഷണസേന രൂപീകരിച്ചത്. എലത്തൂർ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് നാട് മാറിയിട്ടില്ല. യാത്രക്കാർ ഉണ്ടായിരുന്ന സമയത്താണ് തീവച്ചതെങ്കിൽ പലരുടെയും ജീവൻ നഷ്ടപെടുമായിരുന്നു. റെയിൽവെയുടെ സുരക്ഷാ വീഴ്ചയിൽ സംസ്‌ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന ബിജെപി നേതാക്കളുടെ പ്രതികരണം അവരെ പരിഹാസ്യരാക്കി തീർക്കുന്നു. എന്തിനും ഏതിനും സംസ്‌ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്ന ശീലംകൊണ്ടാണ് കാളപെറ്റെന്ന് കേട്ടപ്പോൾ കയറെടുക്കും പോലെ കേരളപോലീസിലെ ബിജെപി നേതാക്കൾ കുറ്റപ്പെടുത്തിയത് -എം.വി. ജയരാജൻ പറഞ്ഞു. അഗ്നിക്കിരയാക്കിയ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ബോഗികൾ അദ്ദേഹം സന്ദർശിച്ചു.

‘സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുകയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. കേസ് ഫലപ്രദമായി അന്വേഷിക്കലാണ് കേരള പൊലീസിന്റെ ജോലി. ആ ജോലി എലത്തൂരിൽ ദിവസങ്ങൾക്കകം പ്രതിയെ പിടികൂടി സ്തുത്യർഹമായി കേരളാ പൊലീസ് നിർവഹിച്ചു. അതുപോലെ കണ്ണൂരിൽ ഒരാളെ മണിക്കൂറുകൾക്കകം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. എന്നിട്ടും സംസ്‌ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നവർ അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ചവരാണ്. ആർ.പി.എഫിലും റെയിൽവെ സർവിസിലും ആവശ്യമായ ജീവനക്കാരെ നിയോഗിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയാണ് ബി.ജെ.പി നേതാക്കൾ ചെയ്യേണ്ടത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യാത്രക്കാരുടെയും തീവണ്ടികളുടെയും സുരക്ഷക്കാവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണം’ -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - Kannur train fire: complete failure of central government -M.V. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.