കൊച്ചി: ചാൻസലറായ ഗവർണർ അറിയാതെ കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത് റദ്ദാക്കണമെന്ന ഹരജിയിൽ വൈസ് ചാൻസലർ അടക്കം എതിർകക്ഷികൾക്ക് ഹൈകോടതിയുടെ നോട്ടീസ്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചാൻസലറുടെ അധികാരം കവർന്നാണെന്നും യോഗ്യതയില്ലാത്തവരെ നിയമിച്ചെന്നും കാട്ടി സെനറ്റ് അംഗം വി. വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ അപ്പീൽ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.
സിംഗിൾ ബെഞ്ച് ഫയലിൽ സ്വീകരിക്കാതെ തള്ളിയതിനെ തുടർന്നാണ് അപ്പീൽ നൽകിയത്. വൈസ് ചാൻസലറും ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടക്കം എതിർകക്ഷികൾക്കാണ് നോട്ടീസ് ഉത്തരവായത്. ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾക്ക് സർവകലാശാല രജിസ്ട്രാർ വഴിയാണ് നോട്ടീസ് നൽകുക. നിയമനം സംബന്ധിച്ച് ഗവർണർ നൽകിയ റിപ്പോർട്ടും കോടതി പരിഗണിച്ചു. ജനുവരി 17ന് ഹരജി വീണ്ടും പരിഗണിക്കും.
വിവിധ വിഷയങ്ങൾക്കുള്ള 72 ബോർഡുകളാണ് പുനഃസംഘടിപ്പിച്ചത്. സർക്കാർ, എയ്ഡഡ് കോളജുകളിലെ മുതിർന്ന അധ്യാപകരെ പോലും ഒഴിവാക്കി യു.ജി.സി യോഗ്യതകളില്ലാത്ത സ്വാശ്രയ കോളജ് അധ്യാപകരെയും കരാർ അധ്യാപകരെയും ഉൾപ്പെടുത്തിയതായും ഹരജിയിൽ ആരോപിക്കുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനെയും അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത് ചാൻസലറും നിയമനാധികാരം സിൻഡിക്കേറ്റിനും ആണെന്നായിരുന്നു ഗവർണറുടെ റിപ്പോർട്ട്.
വി.സിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ചാൻസലറാണ് ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിച്ചിരുന്നത്. നിലവിലെ വൈസ് ചാൻസലറും മുമ്പ് ശിപാർശ നൽകിയിരുന്നെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. സർവകലാശാല നിലവിൽ വന്ന 1996 മുതൽ ഗവർണറാണ് നാമനിർദേശങ്ങൾ നടത്തിയിട്ടുള്ളതെന്നും പറയുന്നു.
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിവാദ വി.സി നിയമനത്തിൽ ഗവർണർക്കെതിരെയാണ് പരാതിക്കാരൻ കോടതിയെ സമീപിക്കേണ്ടതെന്ന് ലോകായുക്ത. വി.സി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നൽകിയ കത്ത് നിയമവിരുദ്ധമാണെങ്കിൽ ആ കത്തിൽ ചാൻസലറായ ഗവർണർ ഒപ്പിട്ടത് എന്തിനാണെന്നും പരാതിക്കാരൻ മന്ത്രിക്കെതിരെയല്ല ഗവർണർക്കെതിരെയാണ് ഹൈകോടതിയിൽ പോകേണ്ടതെന്നും ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.