കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റ അൻവർ ഇബ്രാഹീമിനെ അഭിനന്ദിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. രണ്ട് മാസങ്ങൾക്ക് മുമ്പ് മർകസു സ്സഖാഫത്തി സുന്നിയ്യ സന്ദർശിച്ച അദ്ദേഹം തന്റെ വിജയത്തിനായി വിദ്യാർത്ഥികളോട് പ്രാർഥിക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും എ.പി. അബൂബക്കർ മുസ്‌ലിയാർ തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

'മലേഷ്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായി അൻവർ ഇബ്രാഹിം തിരഞ്ഞെടുക്കപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പ് മർകസു സ്സഖാഫത്തി സുന്നിയ്യ സന്ദർശിച്ച അദ്ദേഹം തന്റെ വിജയത്തിനായി വിദ്യാർഥികളിൽ നിന്ന് പ്രാർത്ഥന തേടിയിരുന്നു.'

'അദ്ദേഹത്തിന്റെ അതിശയകരമായ വിജയത്തിന് അഭിനന്ദനങ്ങൾ. ജനാധിപത്യവും മാനുഷികവുമായ മൂല്യങ്ങളോടെ രാജ്യം ഭരിക്കാനും, മുൻനിര വികസിത രാഷ്ട്രങ്ങൾക്കൊപ്പം രാജ്യത്തെ ഉയരങ്ങളിലെത്തിക്കാനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു' -കാന്തപുരം ആശംസിച്ചു.

Full View

മലേഷ്യയിൽ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് പകതൻ ഹരപൻ സഖ്യ നേതാവ് അൻവർ ഇബ്രാഹീം പ്രധാനമന്ത്രിയായി അധികാരമേറ്റത്. അൻവർ ഇബ്രാഹീമിനെ പ്രധാനമന്ത്രിയായി മലേഷ്യൻ രാജാവ് സുൽത്താൻ അബ്ദുല്ല അഹമ്മദ് ഷാ നാമനിർദ്ദേശം ചെയ്യുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ക്വലാലംപൂരിലെ രാജകൊട്ടാരത്തിൽ വെച്ച് അദ്ദേഹം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.

തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെവന്ന സാഹചര്യത്തിലാണ് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതാവസ്ഥയുണ്ടായത്. ഇതോടെയാണ് പ്രതിസന്ധി പരിഹരിക്കാൻ രാജാവ് സുൽത്താൻ അബ്ദുള്ള ഇടപെട്ടത്. തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് അൻവർ ഇബ്രാഹീം ട്വീറ്റിൽ പറഞ്ഞു.

222 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അൻവർ ഇബ്രാഹീമിന്റെ പകതൻ ഹരപൻ സഖ്യത്തിന് 82 സീറ്റ് സ്വന്തമാക്കിയെങ്കിലും കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല. മുൻ പ്രധാനമന്ത്രി മുഹ്‍യുദ്ദീൻ യാസീന്റെ നേതൃത്വത്തിൽ മലായ് കേന്ദ്രമായുള്ള പെരികതൻ നാഷനൽ (പി.എൻ) പാർട്ടി 73 സീറ്റ് നേടി. ഇതോടെയാണ് കൂട്ടുകക്ഷി ഭരണത്തിലേക്ക് നീങ്ങിയത്.

Tags:    
News Summary - Kanthapuram AP Aboobacker Musliyar about Malaysian PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.